സ്വയം സഞ്ചരിക്കും, ലക്ഷ്യം തിരിച്ചറിഞ്ഞ് ആക്രമിക്കും; ഓപറേഷൻ സ്‌പൈഡർ വെബിൽ യുക്രെയ്ൻ ഉപയോഗിച്ചത് എ.ഐ ഡ്രോണുകൾ!
text_fieldsകിയവ്: ഒരു വർഷത്തിലധികം സമയമെടുത്ത് കൃത്യമായ കണക്കുകൂട്ടലുകൾക്ക് ശേഷമാണ് യുക്രെയ്ൻ റഷ്യക്ക് നേരെ ‘ഓപറേഷൻ സ്‌പൈഡർ വെബ്’ എന്ന പേരിൽ സൈനികനീക്കം നടത്തിയത്. റഷ്യൻ വ്യോമതാവളങ്ങളിലെ ബോംബർ വിമാനങ്ങളെ ആക്രമിക്കാൻ യുക്രെയ്ൻ നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് സ്വയംപ്രവർത്തിക്കുന്ന ഡ്രോണുകളും പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഓപറേഷൻ സ്പൈഡർ വെബിലൂടെ റഷ്യയിലെ നിരവധി സൈനിക വിമാനത്താവളങ്ങളിൽ യുക്രെയ്ൻ വലിയ തോതിലുള്ള ഡ്രോൺ ആക്രമണം നടത്തി. 40ലേറെ റഷ്യൻ ബോംബർ വിമാനങ്ങളെ തകർക്കാൻ യുക്രെയ്നിന്‍റെ ഡ്രോണുകൾക്ക് സാധിച്ചു. റഷ്യക്ക് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്. ഓപറേഷൻ സ്‌പൈഡർ വെബ് എന്ന പേരിലുള്ള ദൗത്യം തങ്ങൾ നടത്തിയതായി യുക്രെയ്‌ൻ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എസ്.ബി.യു സ്ഥിരീകരിച്ചു.
എ.ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫസ്റ്റ്-പേഴ്‌സൺ വ്യൂ (എഫ്.പി.വി) ആക്രമണ ഡ്രോണുകളാണ് യുക്രെയ്ൻ പ്രയോഗിച്ചത്.
കിലോമീറ്ററുകളോളം സ്വയം സഞ്ചരിക്കാനും ലക്ഷ്യത്തിലെത്തിയെന്ന് തിരിച്ചറിഞ്ഞ് ആക്രമണം നടത്താനുള്ള ശേഷിയുമുണ്ടിതിന്. സ്മാർട്ട് പൈലറ്റ് സിസ്റ്റം ഡ്രോണുകളെ എ.ഐ അൽഗരിതങ്ങൾ വഴി തത്സമയ വിഡിയോ ഡേറ്റ പ്രോസസ്സ് ചെയ്യാൻ പ്രാപ്തമാക്കുന്നു. വിമാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, എന്നിവയുൾപ്പെടെ ലക്ഷ്യങ്ങൾ സ്വയം കണ്ടെത്തുന്നു. മനുഷ്യ ഇടപെടലോ ജി.പി.എസിന്‍റെ സഹായമോ പോലും ഇതിന് ആവശ്യമില്ല.
ഓരോ ഡ്രോൺ ദൗത്യത്തിനും ഏകദേശം 10,000 ഡോളർ ചെലവാകുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. എന്നാലിത് പരമ്പരാഗത മിസൈലുകളേക്കാൾ ഏറെ കുറഞ്ഞ ചെലവ് മാത്രമാണ്. യുക്രേനിയൻ ഡിഫൻസ് ടെക് ക്ലസ്റ്ററായ ബ്രേവ്1 വികസിപ്പിച്ചെടുത്ത എ.ഐ-പവേർഡ് ഗോഗോൾ എം എന്ന മദർഷിപ്പിലൂടെയാണ് ആക്രമണം നടത്തിയത്. ആദ്യമായാണ് ഇത്തരം ഡ്രോണുകൾ യുദ്ധത്തിൽ ഉപയോഗിക്കുന്നതെന്ന് യുക്രെയ്‌നിന്റെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ മന്ത്രി മൈക്കലോ ഫെദറോവ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

