ബൈഡൻ, മസ്ക്, ബിൽ ഗേറ്റ്സ്, ഒബാമ; പ്രമുഖരുടെ ട്വിറ്റർ ഹാക്ക് ചെയ്ത 24-കാരന് തടവുശിക്ഷ
text_fields2020 ജൂലൈ 15, സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്ങിന് ലോകം സാക്ഷിയായ ദിനം. ഭൂമിയിൽ ഏറ്റവും അറിയപ്പെടുന്ന വ്യക്തികളുടെയും ബ്രാൻഡുകളുടെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തി ഒരുകൂട്ടം ഹാക്കർമാർ ഉണ്ടാക്കിയത് കോടികൾ. സാക്ഷാൽ അമേരിക്കൻ പ്രസിഡന്റിനെ പോലും അവർ വെറുതെ വിട്ടില്ല. ജോ ബൈഡൻ, ബറാക് ഒബാമ, ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ് തുടങ്ങി 130-ഓളം പ്രമുഖരുടെ അക്കൗണ്ടുകളാണ് ടാർഗറ്റ് ചെയ്യപ്പെട്ടത്. ആപ്പിൾ അടക്കമുള്ള കമ്പനികളെയും ബാധിച്ചു.
ഹാക്ക് ചെയ്ത അക്കൗണ്ടുകളിലൂടെ ബിറ്റ് കോയിൻ വിതരണം ചെയ്യുകയായിരുന്നു ഹാക്കർമാർ. ഒരു വിലാസത്തിലേക്ക് ഉപയോക്താക്കൾ ഒരു നിശ്ചിത തുകയുടെ ബിറ്റ്കോയിൻ അയച്ചാൽ, അവർക്ക് അത് ഇരട്ടിയായി ലഭിക്കുമെന്ന് ട്വീറ്റുകൾ അവകാശപ്പെട്ടു. രാഷ്ട്രീയ-വ്യാവസായ-വിനോദ രംഗത്തെ പ്രമുഖർ, സൗജന്യമായി ബിറ്റ് കോയിൻ വിതരണം തുടങ്ങിയെന്ന് കരുതി പലരും കെണിയിൽ വീണു. മണിക്കൂറുകൾക്കകം ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചെടുത്തെങ്കിലും അപ്പോഴേക്കും ഹാക്കർമാർ നേടാനുള്ളത് നേടിയിരുന്നു.
2022 ഡിസംബർ 16-ന് സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പൗരനായ ജോസഫ് ജെയിംസ് ഒ'കോണർ എന്ന യുവാവ് പിടിയിലായിരുന്നു. ഈ വർഷമാദ്യം യുഎസ് പ്രോസിക്യൂട്ടർമാരുടെ അഭ്യർത്ഥന പ്രകാരം ഒ'കോണറിനെ സ്പെയിനിൽ നിന്ന് കൈമാറുകയും അന്നുമുതൽ കസ്റ്റഡിയിൽ തുടരുകയുമായിരുന്നു. ഹാക്കിങ് നടന്ന് മൂന്ന് വർഷത്തിന് ശേഷം ഫെഡറൽ ജയിലിൽ ശിക്ഷ അനുഭവിക്കാൻ പോവുകയാണ് 24-കാരൻ. കമ്പ്യൂട്ടർ ഹാക്കിങ്, വയർ തട്ടിപ്പ്, സൈബർ സ്റ്റാക്കിങ് എന്നീ നാല് കേസുകളിൽ ന്യൂയോർക്ക് ഫെഡറൽ കോടതി അഞ്ച് വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഇരകൾക്ക് കുറഞ്ഞത് 794,000 ഡോളർ നഷ്ടപരിഹാരം നൽകാനും അയാൾ സമ്മതിച്ചിട്ടുണ്ട്.
എങ്ങനെ ഹാക്ക് ചെയ്തു...?
ട്വിറ്റർ പോലുള്ള ലോകോത്തര സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്താൻ ഹാക്കർമാർക്ക് എങ്ങനെ സാധിച്ചു..? എന്നാണ് ഏവരും ഉറ്റുനോക്കിയത്.
യൂസർ അക്കൗണ്ടുകൾ മാനേജ് ചെയ്യുന്ന ഒരു കമ്പനി ഡാഷ്ബോർഡിലേക്ക് ഹാക്കർമാർ പ്രവേശനം നേടിയെന്നാണ് ട്വിറ്റർ അവകാശപ്പെടുന്നത്. ട്വിറ്ററിന്‍റെ ആന്തരിക സംവിധാനങ്ങളിലേക്ക് ആക്സസ് നേടുന്നതിനായി സോഷ്യൽ എഞ്ചിനീയറിങ്, സ്പിയർ - ഫിഷിങ് പോലുള്ള തട്ടിപ്പുകൾ ഉപയോഗിച്ച് കമ്പനിയിലെ ഏതാനും ചില ജീവനക്കാരിൽ നിന്നും പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്തുകയായിരുന്നു. ഇത്തരത്തിൽ ഹാക്കർമാർ ഇ-മെയിലും പാസ്വേഡുകളും പോലുള്ള സുപ്രധാന വിവരങ്ങളാണ് ജീവനക്കാരിൽ നിന്ന് നേടിയെടുത്തത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

