ടി.വിക്കും മൊബൈൽ ഫോണിനും വില കൂടും
text_fieldsന്യൂഡൽഹി: ടെലിവിഷൻ സെറ്റുകൾ, മൊബൈൽ ഫോൺ, റഫ്രിജറേറ്റർ, എയർ കണ്ടീഷനർ എന്നിവയുടെ വില അടുത്ത മാസം ഉയർന്നേക്കും. അഞ്ചു മുതൽ ആറു ശതമാനം വരെ വില വർധനവിന് ഒരുങ്ങുകയാണ് നിർമാതാക്കൾ. ഉൽപാദനച്ചെലവ് കൂടിയെന്ന വിശദീകരണത്തോടെയാണ് വർധന നീക്കം.
കേന്ദ്ര ബജറ്റിന് മുമ്പായി ജനുവരിയിലോ ഫെബ്രുവരിയിലോ രണ്ടാംഘട്ട വില വർധനവും ഉണ്ടാകുമെന്നാണ് സൂചന. ഉൽപാദന, അസംസ്കൃത സാധന വിലയിൽ 12 ശതമാനം വർധനവരെ ഉണ്ടായെന്ന് നിർമാതാക്കൾ വാദിക്കുന്നു. ജനുവരി ഒന്നു മുതൽ 1,000 രൂപവരെയുള്ള ചെരിപ്പ്, തുണിത്തരങ്ങൾ എന്നിവക്ക് വില കൂടുകയാണ്. ജി.എസ്.ടി സ്ലാബ് ഏകീകരിക്കുന്നതിെൻറ പേരിലാണിത്. 1000 രൂപ വരെയുള്ള ചെരുപ്പിനും വസ്ത്രങ്ങൾക്കും അഞ്ചു ശതമാനം, അതിനു മുകളിലാണെങ്കിൽ 18 ശതമാനം എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്. അതു മാറ്റി 12 ശതമാനമെന്ന ഒറ്റ സ്ലാബിലേക്ക് കൊണ്ടുവരുകയാണ് ചെയ്യുന്നത്. ഇതുവഴി 1,000 രൂപക്ക് മുകളിൽ വരുന്നവയുടെ വില കുറയും.