ഈ 10 പാസ്‍വേഡിൽ ഏതെങ്കിലുമാണോ നിങ്ങളുടേത്‍? എങ്കിൽ ക്രാക്ക് ചെയ്യാൻ സെക്കൻഡുകൾ മാത്രം മതി
text_fieldsന്യൂഡൽഹി: ഇന്ത്യക്കാർ സാധാരണയായി ഉപയോഗിക്കുന്ന 10 പാസ്‍വേഡുകൾ വെളിപ്പെടുത്തി പ്രമുഖ വി.പി.എൻ ആപ്പായ നോർഡ് വി.പി.എൻ. ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്‌വേഡുകളിൽ ഒന്നാം സ്ഥാനത്തുള്ളത് പതിവുപോലെ ‘123456’ ആണ്. ഈ പാസ്‌വേഡ് ഹാക്കർമാർക്ക് ക്രാക്ക് ചെയ്യാൻ ഒരു സെക്കൻഡിൽ താഴെ മാത്രം സമയം മതി. 3,63,265 പേർ ദുർബലമായ ഈ പാസ്‍വേഡ് ഉപയോഗിക്കുന്നുവെന്ന് നോർഡ് വി.പി.എൻ റിപ്പോർട്ടിൽ പറയുന്നു.
മറ്റൊരു ദുർബലമായ പാസ്‍വേഡാണ് 'admin'. ഈ പാസ്‌വേഡും ഒരു സെക്കൻഡിനുള്ളിൽ തന്നെ ഹാക്ക് ചെയ്യാൻ സാധിക്കും. 1,18,270 പേരാണ് ഈ പാസ്‌വേഡ് ഉപയോഗിക്കുന്നത്. '12345678' എന്നതാണ് മറ്റൊന്ന്. എട്ടക്ക പാസ്‌വേഡ് വേണ്ടിവരുന്ന അക്കൗണ്ടുകളിലാണ് ഈ പാസ്‌വേഡ് ഉപയോഗിക്കാറുള്ളത്. 63,618 പേരാണ് ഈ പാസ്‌വേഡ് ഉപയോഗിക്കുന്നത്.
12345 എന്ന പാസ്‍വേഡ് 56,676 പേർ ഉപയോഗിക്കുന്നുണ്ട്. പൊതുവായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു പാസ്‌വേഡാണ് 'Password'. മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം സങ്കീർണമാണെങ്കിലും 'Pass@123' ക്രാക്ക് ചെയ്യാൻ അഞ്ച് മിനിറ്റ് മാത്രമേ സമയമെടുക്കൂ. '123456789', 'Admin@123' , 'India@123', 'admin@123', എന്നിവയാണ് മറ്റ് പാസ്‌വേഡുകൾ.
എളുപ്പത്തിൽ ക്രാക്ക് ചെയ്യപ്പെടാവുന്ന പാസ്‍വേഡുകൾ അക്കൗണ്ടുകൾക്ക് നൽകാതിരിക്കലാണ് അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച മാർഗം. ഇത്തരം പാസ്‌വേഡുകളാണ് നല്കിയിട്ടുള്ളതെങ്കിൽ അത് മാറ്റുന്നതാണ് നല്ലതെന്നും നോർഡ് വി.പി.എൻ പറയുന്നു.
ഒരു കാപിറ്റൽ ലെറ്റർ, അക്ഷരങ്ങൾ, അക്കങ്ങൾ, സ്‍പെഷ്യൽ ക്യാരക്ടറുകൾ എന്നിവ ചേർന്നതാകണം ശക്തമായ പാസ്‌വേഡ്. ടു ഫാക്ടർ ഒാതന്‍റിക്കേഷൻ എന്ന അധിക സുരക്ഷാ ഫീച്ചർ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണം.