ടിക്ക്ടോക്ക് മിസ് ചെയ്യുന്നുണ്ടോ? പകരക്കാരനാകാൻ ഒരുങ്ങി ഫേസ്ബുക്ക്; പുതിയ ഫുൾ-സ്ക്രീൻ വീഡിയോ ഫീഡ് പരീക്ഷിച്ച് മെറ്റ
text_fieldsഫേസ്ബുക്കിന്റെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് മാതൃകമ്പനിയായ മെറ്റ. ആപ്ലിക്കേഷൻ തുറക്കുമ്പോൾ തന്നെ ഫുൾ-സ്ക്രീൻ വീഡിയോ അനുഭവം ലഭിക്കുന്ന പുതിയ ഫീച്ചറാണ് ഫേസ്ബുക്ക് പരീക്ഷിക്കുന്നത്. ടിക്ക്ടോക്കിന് സമാനമായ രീതിയിലുള്ള വീഡിയോ-ഫസ്റ്റ് ഫീഡാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പുതിയ മാറ്റം അടുത്ത വർഷത്തോടെ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. എന്നാൽ, പഴയ ഫേസ്ബുക്ക് ഫോർമാറ്റ് തന്നെ തുടരാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അതിനുള്ള സൗകര്യവും കമ്പനി നൽകുന്നുണ്ട്.
ഇത് നിലവിൽ ഒരു പരീക്ഷണം മാത്രമാണെന്നും അന്തിമ രൂപത്തിലേക്ക് എത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ പഴയ പ്രൗഢി തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇന്നത്തെ കാലത്ത് ഉപയോക്താക്കൾ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുന്നതിലോ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നതിലോ സന്ദേശങ്ങൾ അയക്കുന്നതിലോ വലിയ താൽപ്പര്യമെടുക്കുന്നില്ല. ഉപയോക്താക്കളിൽ വലിയൊരു വിഭാഗം വെറും കാഴ്ചക്കാർ മാത്രമായി മാറിയതും, വെറും സൗഹൃദങ്ങൾക്ക് മാത്രമായി ആപ്പിനെ ആശ്രയിക്കുന്നത് കുറഞ്ഞതും ഫേസ്ബുക്കിന്‍റെ പ്രശസ്തി കുറച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസ്സേരിയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ആളുകൾ പിന്തുടരുന്ന അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രം കാണിച്ചാൽ അത് ഉപയോക്താക്കളുടെ വിരസത മാറ്റാൻ പര്യാപ്തമല്ലെന്നും, ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള പുതിയ കണ്ടന്റുകൾ കണ്ടെത്തി നൽകുന്നതിലൂടെ കൂടുതൽ മികച്ച അനുഭവം നൽകാൻ സാധിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

