ചാർജ് വേഗം തീരുന്നുണ്ടോ? ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ ഈ കാര്യങ്ങൾ ചെയ്യാം
text_fieldsസ്മാർട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് കുറക്കാൻ മാത്രമല്ലേ നിങ്ങൾക്കറിയൂ, എങ്കിൽ പല കാരണങ്ങളാൽ കുറഞ്ഞു പോകുന്ന ബാറ്ററി ലൈഫ് കൂട്ടാനും വഴികളുണ്ട്. ഇതിന് സഹായിക്കുന്ന നിരവധി ഫീച്ചറുകൾ ഫോണുകളിലുണ്ട്. ബാറ്ററി സേവർ മുതൽ ഒപ്റ്റിമൈസ്ഡ് ചാർജിംഗ് വരെയുള്ള പ്രധാന ക്രമീകരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
1. ബാറ്ററി സേവർ
ഫോണിൽ ചാർജ് കുറയുമ്പോൾ ബാറ്ററി സേവർ മോഡ് ഉപയോഗിച്ച് ചാർജ് കൂടുതൽ സമയം നിലനിർത്താം. പല സ്മാർട്ട് ഫോണുകളിലും സ്റ്റാൻഡേർഡ്, മാക്സിമം എന്നിങ്ങനെ രണ്ട് ലെവലുകൾ ലഭ്യമാണ്.
സ്റ്റാൻഡേർഡ് മോഡിൽ ഡാർക്ക് തീം പ്രവർത്തനക്ഷമമാക്കുക, ഉയർന്ന റിഫ്രഷ് റേറ്റുകൾ കുറയ്ക്കുക, പശ്ചാത്തല പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, സ്‌ക്രീൻ ഓഫ് ചെയ്യുമ്പോൾ ലൊക്കേഷൻ സർവീസുകൾ നിർത്തിവെക്കുക എന്നിവ വഴി വൈദ്യുതി ഉപഭോഗം കുറക്കുന്നു.
മാക്സിമം മോഡിൽ അത്യാവശ്യമല്ലാത്ത ആപ്പുകൾ താൽക്കാലികമായി നിർത്തിവെക്കുകയും മറ്റ് ഫീച്ചറുകൾ നിയന്ത്രിക്കുകയും ചെയ്യുന്നു. എങ്കിലും, ഈ മോഡുകൾ പ്രവർത്തിക്കുമ്പോൾ നോട്ടിഫിക്കേഷനുകൾ വൈകാൻ സാധ്യതയുണ്ട്.
എങ്ങനെ സജ്ജീകരിക്കാം?
ക്വിക്ക് സെറ്റിങ്സിൽ നിന്ന് ബാറ്ററി സിംബലിൽ ടാപ്പ് ചെയ്ത് ഇത് മാനുവലായി ഓണാക്കാം.
ക്വിക്ക് സെറ്റിങ്സിൽ ബാറ്ററി സിംബൽ അമർത്തിപ്പിടിച്ച് Battery Saver > Set a schedule > Based on percentage തിരഞ്ഞെടുക്കുക. സ്ലൈഡർ നീക്കി ശതമാനം ക്രമീകരിക്കാം. ഫോൺ 90 ശതമാനം ചാർജ് ആകുമ്പോൾ ബാറ്ററി സേവർ ഓഫ് ആകാനും ക്രമീകരിക്കാവുന്നതാണ്.
2. അഡാപ്റ്റീവ് ബാറ്ററി
നിങ്ങൾ ആപ്പുകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കാലക്രമേണ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു ഫീച്ചറാണിത്. അപൂർവ്വമായി ഉപയോഗിക്കുന്ന ആപ്പുകളുടെ പശ്ചാത്തല പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തി ബാറ്ററി ഉപഭോഗം കുറക്കാൻ ഇത് സഹായിക്കുന്നു.
പ്രവർത്തനക്ഷമമാക്കാൻ Settings > Battery > Adaptive Battery എന്ന വിഭാഗത്തിൽ പോയി Use Adaptive Battery ഓൺ ചെയ്യുക.
ഈ ഫീച്ചർ ചിലപ്പോൾ നോട്ടിഫിക്കേഷനുകൾ വൈകിപ്പിക്കാൻ ഇടയാക്കിയേക്കാം. അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ള ആപ്പുകളുടെ ബാക്ക്ഗ്രൗണ്ട് സെറ്റിങ്സ് വ്യക്തിഗതമായി മാറ്റാവുന്നതാണ്.
3. ഡിസ്‌പ്ലേ ക്രമീകരണങ്ങൾ
ഉയർന്ന സ്‌ക്രീൻ തെളിച്ചം ബാറ്ററി വേഗത്തിൽ തീരാൻ കാരണമാകും. ബ്രൈറ്റ്‌നസ് കുറക്കാൻ Settings > Display വഴി Adaptive Brightness ഓണാക്കാം. റിഫ്രഷ് റേറ്റ് കുറയ്ക്കുക. 120Hz പോലുള്ള ഉയർന്ന റിഫ്രഷ് റേറ്റ് സ്‌ക്രീൻ സുഗമമാക്കുമെങ്കിലും കൂടുതൽ ചാർജ് ഉപയോഗിക്കും. ഇത് മാറ്റാൻ Settings > Display > Display refresh rate എന്നതിൽ പോയി കുറഞ്ഞ റിഫ്രഷ് റേറ്റ് തിരഞ്ഞെടുക്കാം. ബാറ്ററി ലാഭിക്കാൻ Efficiency first അല്ലെങ്കിൽ Smart & balanced തിരഞ്ഞെടുക്കുന്നത് മികച്ചൊരു മാർഗ്ഗമാണ്.
4. ദീർഘകാല ബാറ്ററി ആരോഗ്യത്തിനായി ഒപ്റ്റിമൈസ്ഡ് ചാർജിംഗ്
ഫോൺ രാത്രി മുഴുവൻ ചാർജിലിടുന്നത് ബാറ്ററിയുടെ ആയുസ്സ് കുറക്കാൻ ഇടയാക്കും. ഈ പ്രശ്നം പരിഹരിക്കാനാണ് Optimized Charging ഫീച്ചർ നൽകിയിരിക്കുന്നത്. ഈ ഫീച്ചർ ഓണാക്കിക്കഴിഞ്ഞാൽ, ഫോൺ പ്ലഗ് ഇൻ ചെയ്തിരിക്കുമ്പോൾ ചാർജിങ് 80 ശതമാനമായി പരിമിതപ്പെടുത്തുന്നു. ഇത് ബാറ്ററി വേഗത്തിൽ തകരാറിലാകുന്നത് തടയാൻ സഹായിക്കും. പ്രവർത്തനക്ഷമമാക്കാൻ Settings > Battery > Optimized Charging എന്നതിൽ പോയി Use Optimized Charging ഓണാക്കുക.

