സൗദിയിൽ നിർമിച്ച ആദ്യ വ്യാവസായിക റോബോട്ട് പുറത്തിറക്കി
text_fieldsസൗദിയിൽ നിർമിച്ച ആദ്യ വ്യാവസായിക റോബോട്ട് പുറത്തിറക്കിയപ്പോൾ
ജിദ്ദ: സൗദി അറേബ്യയിൽ പ്രാദേശികമായി നിർമിച്ച ആദ്യ വ്യാവസായിക റോബോട്ട് പുറത്തിറക്കി. ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന സൗദി ഇൻഡസ്ട്രിയൽ ഫോറത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ റോബോട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ‘മക്നാന’ കമ്പനി വികസിപ്പിച്ച ഈ റോബോട്ടിൽ ‘സൗദിയിൽ നിർമിച്ചത്’ (മേഡ് ഇൻ സൗദി) എന്ന ഔദ്യോഗിക ലോഗോ ഡെപ്യൂട്ടി ഗവർണർ പതിപ്പിച്ചു.
ഉയർന്ന അന്താരാഷ്ട്ര സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ച് നിർമിച്ച റോബോട്ട് വെൽഡിങ്, മെറ്റീരിയൽ ഹാൻഡ്‌ലിങ് (വസ്തുക്കൾ കൈകാര്യം ചെയ്യൽ), സ്റ്റാക്കിങ് (സാധനങ്ങൾ പെറുക്കിവെക്കൽ) തുടങ്ങിയ സങ്കീർണമായ ജോലികൾ കൃത്യതയോടെ നിർവഹിക്കാൻ ശേഷിയുള്ളതാണ്. രാജ്യത്തെ സ്മാർട്ട് ഫാക്ടറികളിലേക്കുള്ള മാറ്റം വേഗത്തിലാക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും വ്യാവസായിക മേഖലയിലെ പ്രാദേശിക ഉൽപ്പാദനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് റോബോട്ട് അവതരിപ്പിച്ചിരിക്കുന്നത്.
‘സുസ്ഥിരതക്കായി നവീകരണം’ എന്ന തലക്കെട്ടിൽ ചേർന്ന രണ്ടാമത് സൗദി ഇൻഡസ്ട്രിയൽ ഫോറം ഉദ്ഘാടനം ചെയ്ത ഡെപ്യൂട്ടി ഗവർണർ, പ്രദർശനത്തിലൊരുക്കിയ വിവിധ ദേശീയ സംരംഭങ്ങളും സാങ്കേതികവിദ്യകളും വിലയിരുത്തി. വ്യവസായ, ഖനി മന്ത്രാലയത്തിലെ വ്യവസായ കാര്യ ഡെപ്യൂട്ടി മന്ത്രി എൻജിനീയർ ഖലീൽ ബിൻ സലമയും ചടങ്ങിൽ സംബന്ധിച്ചു.
സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നൂതന നിർമാണ രീതികൾ പ്രോത്സാഹിപ്പിക്കുക, നിക്ഷേപ അവസരങ്ങളും അന്താരാഷ്ട്ര പങ്കാളിത്തവും പ്രയോജനപ്പെടുത്തുക, ദേശീയ പ്രതിഭകളെ പ്രാപ്തരാക്കുക എന്നിവയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. സെപ്റ്റംബർ 16-ഓടെ ഫോറത്തിന്റെ പരിപാടികൾ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

