ഡിജിറ്റൽ മേഖലയിൽ ഇനി അതിവേഗം; കുവൈത്തിൽ 5-ജി അഡ്വാൻസ്ഡ് സാങ്കേതികവിദ്യ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾക്ക് ഇനി വേഗം കൂടും. കുവൈത്തിൽ 5-ജി അഡ്വാൻസ്ഡ് സാങ്കേതിക വിദ്യ ആരംഭിച്ചതായി കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനും ഭാവിയിലെ 6-ജി വിന്യാസത്തിനുള്ള തയാറെടുപ്പിനുമുള്ള പ്രധാന ചുവടുവെപ്പായും അടയാളപ്പെടുത്തുന്നു.
പുതിയ സാങ്കേതികവിദ്യ 3 ജി.ബി.പി.എസ് വരെ വേഗതയും കുറഞ്ഞ ലേറ്റൻസിയും നൽകുന്നതായി സിട്ര ആക്ടിങ് ചെയർമാൻ ശൈഖ് അത്ബി ജാബിർ അസ്സബാഹ് പറഞ്ഞു. ഇത് ടെലികോം മേഖലയിലെ വലിയ മുന്നേറ്റത്തിന് കാരണമാകും.ആഗോളതലത്തിൽ 5G അഡ്വാൻസ്ഡ് സ്വീകരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും പ്രാദേശിക ഡിജിറ്റൽ ഹബ്ബ് എന്ന നിലയിൽ അതിന്റെ സ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിലും കുവൈത്ത് ശ്രദ്ധാലുവാണ്.
5-ജി അഡ്വാൻസ്
- ഡൗൺലോഡ്, അപ്ലോഡ് വേഗം വർധിക്കും.
- ഡേറ്റ കൈമാറാനുള്ള കാലതാമസം കുറവായതിനാൽ തടസ്സമില്ലാത്ത സേവനം.
- കൂടുതൽ ഉപകരണങ്ങളെ ഒരേ സമയം നെറ്റ്വർക്കിലേക്ക് കണക്ട് ചെയ്യാനും ഡേറ്റ കൈകാര്യം ചെയ്യാനും കഴിയും.
- കൂടുതൽ മെച്ചപ്പെട്ട കണക്ടിവിറ്റി ഉറപ്പാക്കും.
- ഓട്ടോമോട്ടീവ് വ്യവസായം, വിദൂര ശസ്ത്രക്രിയകൾ, രോഗികളുടെ നിരീക്ഷണം എന്നിവയിൽ സഹായകമാകും.
- റോബോട്ടിക്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ഫലപ്രദം.
- വെർച്വൽ റിയാലിറ്റി, ഓഗ്മെന്റ്ഡ് റിയാലിറ്റി ആപ്ലിക്കേഷനുകളിൽ ഗുണപരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

