ഇന്ത്യയിലേക്ക് ടെസ്‌ലയുടെ ചുവടുവെപ്പ്; ബംഗളൂരുവിൽ ആദ്യ എക്സ്പീരിയൻസ് സെന്റർ തുറന്നു
text_fieldsബംഗളൂരു: ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിലെ വൈറ്റ്‌ഫീൽഡിൽ ആദ്യ എക്സ്പീരിയൻസ് സെന്റർ തുറന്നു. നഗരത്തിലെ പ്രധാന ഐ.ടി ഹബ്ബായ വൈറ്റ്‌ഫീൽഡിൽ ആരംഭിച്ച ഈ കേന്ദ്രത്തിലൂടെ ഉപഭോക്താക്കൾക്ക് ടെസ്‌ലയുടെ മോഡൽ വൈ, പുതുതായി പുറത്തിറക്കിയ മോഡൽ വൈ എൽ എന്നീ വാഹനങ്ങൾ നേരിട്ട് കണ്ട് അനുഭവിക്കാൻ സാധിക്കും.
മോഡൽ വൈ എൽ പതിപ്പിന് ഇന്ത്യയിൽ 61.99 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. എക്സ്പീരിയൻസ് സെന്ററിന് പുറമെ വാഹന ഉടമകൾക്ക് മികച്ച പിന്തുണ ഉറപ്പാക്കുന്നതിനായി വൈറ്റ് ഫീൽഡിൽ തന്നെ അത്യാധുനിക സർവീസ് സെന്റർ ശൃംഖലയും കമ്പനി സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളോട് വർദ്ധിച്ചുവരുന്ന താൽപ്പര്യം കണക്കിലെടുത്താണ് ടെസ്‌ലയുടെ ഈ സുപ്രധാന നീക്കം.
പുതുതായി വിപണിയിലെത്തിയ 'മോഡൽ വൈ എൽ' ഒരു ആറ് സീറ്റർ ഇലക്ട്രിക് എസ്‌യുവിയാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 681 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വാഹനത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും അഞ്ച് സെക്കൻഡുകൾക്കുള്ളിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള കരുത്തൻ മോട്ടോറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
മൂന്ന് വരികളിലായി ക്രമീകരിച്ചിരിക്കുന്ന സീറ്റുകൾ വലിയ കുടുംബങ്ങൾക്ക് യാത്രകളിൽ കൂടുതൽ സൗകര്യവും വിശാലതയും നൽകുന്നു. കൂടാതെ 2,539 ലിറ്റർ വരെ കാർഗോ സ്പേസ് ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. കുടുംബയാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ഉൾവശം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ടെസ്‌ലയുടെ 'സൂപ്പർ ചാർജിങ്' സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ വെറും 15 മിനിറ്റ് ചാർജ് ചെയ്യുന്നതിലൂടെ 288 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ചാർജ് ലഭിക്കുമെന്നത് മോഡൽ വൈ എല്ലിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഹോം ചാർജിങ് സൗകര്യവും ടെസ്‌ല ഉറപ്പാക്കുന്നുണ്ട്. നിലവിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മോഡൽ വൈ എല്ലിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ബെംഗളൂരുവിന് പുറമെ മുംബൈയിലെ ബി.കെ.സി, ഡൽഹിയിലെ ഏറോസിറ്റി, ഗുരുഗ്രാം എന്നിവിടങ്ങളിലും ടെസ്‌ലക്ക് എക്സ്പീരിയൻസ് സെന്ററുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

