കൗമാരക്കാരേ ഇതിലേ; 13 മുതൽ 17വയസുവരെയുള്ള കുട്ടികൾക്കായി ചാറ്റ്ജിപിടി ഫോർ ടീൻസ് അവതരപ്പിച്ച് ഓപ്പൺ എ.ഐ
text_fieldsസ്കൂൾ പഠനത്തിനും ദൈനംദിന ജീവിതത്തിലും സൗഹൃദത്തിനു പോലും ഇന്ന് കുട്ടികളുൾപ്പെടെ ചാറ്റ്ജിപിടി പോലുള്ള എ.ഐ ചാറ്റ്ബോട്ടുകളെ വലിയ രീതിയിൽ ആശ്രയിക്കുന്നുണ്ട്. ഇപ്പോളിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ കമ്പനിയായ ഓപ്പൺ എ.ഐ കൗമാരക്കാർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ചാറ്റ്‌ജിപിടി ടീൻസ് മോഡ് പുറത്തിറക്കിയിരിക്കുകയാണ്. കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷയും പ്രായത്തിനനുയോജ്യമായ ഇടപെടലുകളും ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
കൗമാരപ്രായക്കാർക്ക് അനുയോജ്യമല്ലാത്തതും ദോഷകരവുമായ വിവരങ്ങൾ ലഭിക്കുന്നത് തടയാൻ ഇതിൽ നൂതനമായ ഫിൽട്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസിക വളർച്ചക്ക് അനുയോജ്യമായ രീതിയിൽ മാത്രം എഐ പ്രതികരിക്കുന്ന തരത്തിലാണ് ഈ മോഡ് ക്രമീകരിച്ചിരിക്കുന്നത്. കൗമാരക്കാരുടെ ഡാറ്റാ സുരക്ഷക്കും സ്വകാര്യതക്കും ഈ മോഡിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്.
13 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളെയാണ് ചാറ്റ്ജിപിടി ഫോർ ടീൻസ് പ്രധാനമായും ലക്ഷ്യമിടുന്നത്. സ്വയം ഉപദ്രവിക്കൽ, ആത്മഹത്യ, പ്രണയപരമോ ലൈംഗികമോ ആയ ചാറ്റുകളുടെ നിയന്ത്രണം ഉൾപ്പെടെ ഇതിൽ ഉണ്ടാകും. കൗമാരക്കാരെ കൗമാരക്കാരായി തന്നെ കണക്കാക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. അവരെ താഴ്ത്തിക്കെട്ടുകയോ കുട്ടികളെപോലെ പരിഗണിക്കുകയോ ചെയ്യാതെ ശെരിയായ മാർഗനിർദേശങ്ങൾ നൽകണം. മാത്രമല്ല, അവർക്ക് കാണാൻ പാടില്ലാത്ത ഉള്ളടക്കങ്ങൾ കാണാൻ കഴിയുന്നില്ലെന്നും ഉറപ്പാക്കണമെന്നും കമ്പനി വ്യക്തമാക്കി.
കുട്ടികൾക്കിടയിൽ എഐ ചാറ്റ്‌ബോട്ടുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓപ്പൺഎഐയുടെ ഈ സുപ്രധാന ചുവടുവെപ്പ്. മാതാപിതാക്കൾക്കും കൗമാരക്കാർക്കും ഒരുപോലെ സുരക്ഷിതമായ ഒരു ഡിജിറ്റൽ അനുഭവം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പുതിയ മോഡ് ഓഗസ്റ്റ് 19 മുതൽ ആഗോളതലത്തിൽ ലഭ്യമാക്കിതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

