ഇഷ്ടപ്പെട്ട പാട്ട് എ.ഐയിൽ റീമിക്സ് ചെയ്യാം; സ്പോട്ടിഫൈയുടെ പുതിയ സേവനത്തിന് പ്രതിമാസം 474 രൂപ വരെ അധിക സബ്സ്ക്രിപ്ഷൻ
text_fieldsഇഷ്ടപ്പെട്ട പാട്ടുകൾ എ ഐയുടെ സഹായത്തോടെ റീമിക്സ് ചെയ്യാനും പുതിയ പതിപ്പുകളാക്കി മാറ്റാനും അവസരമൊരുക്കുന്നതിന് ഉപഭോക്താക്കളിൽനിന്ന് അധിക തുക ഈടാക്കാൻ സ്പോട്ടിഫൈ. നിലവിലെ പ്രീമിയം സബ്സ്ക്രിപ്ഷൻ നിരക്കിന് പുറമെ പ്രതിമാസം 379 മുതൽ –474 രൂപ വരെയാണ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2027 തുടക്കത്തിൽ തന്നെ സേവനം ലഭ്യമാക്കാനാണ് കമ്പനി ആലോചിക്കുന്നത്.
നിലവിലുള്ള പാട്ടുകൾക്ക് പുതിയ സംഗീതശൈലിയും താളവും നൽകി റീമിക്സ് ചെയ്യാനും മറ്റൊരു ഗായകന്റെ ശൈലിയിലുള്ള കവർ പതിപ്പുകൾ ഒരുക്കാനുമാണ് എ ഐ സേവനത്തിലൂടെ സാധിക്കുക. പുതിയ പാട്ടുകൾ ആദ്യം മുതൽ സൃഷ്ടിക്കുന്ന സംവിധാനമല്ല ഇത്. മറിച്ച് സമ്മതം നൽകുന്ന കലാകാരന്മാരുടെ നിലവിലുള്ള പാട്ടുകളെ അടിസ്ഥാനമാക്കിയായിരിക്കും റീമിക്സുകളും കവർ പതിപ്പുകളും ഒരുക്കുക. ഇതിനായി സ്പോട്ടിഫൈ പ്രധാന മ്യൂസിക് ബ്രാൻഡുകളുമായി ലൈസൻസിങ് കരാറുകൾ ഉറപ്പാക്കിവരികയാണ്. യൂനിവേഴ്സൽ മ്യൂസിക് ഗ്രൂപ്പുമായി സ്പോട്ടിഫൈ ഇതിനകം കരാറിലെത്തിയിട്ടുണ്ട്. മെർലിൻ, ബിലീവ് തുടങ്ങിയ സംഗീത കമ്പനികളുമായും ധാരണയായിട്ടുണ്ട്. സോണി മ്യൂസിക്, വാർണർ മ്യൂസിക് എന്നിവയുമായുള്ള ചർച്ചകൾ തുടരുകയാണ്. സ്വന്തം പാട്ടുകൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാമോ എന്ന് കലാകാരന്മാർക്ക് വ്യക്തിപരമായി തീരുമാനിക്കാനുള്ള അവസരവും സ്പോട്ടിഫൈ നൽകുന്നുണ്ട്.
എ ഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന റീമിക്സുകളിൽനിന്നുള്ള റോയൽറ്റി യഥാർഥ പാട്ടുകളുടെ കലാകാരന്മാർക്കും ഗാനരചയിതാക്കൾക്കും ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആരാധകർ തയ്യാറാക്കുന്ന റീമിക്സുകൾ സ്പോട്ടിഫൈയുടെ പ്ലേലിസ്റ്റുകളിൽ ഉൾപ്പെടുത്താനും അവയുടെ സ്ട്രീമിങ് കണക്കുകൾ യഥാർഥ പാട്ടുകളുടെ ചാർട്ടിൽ പരിഗണിക്കാനും സംവിധാനം ഒരുക്കുന്നുണ്ട്. ഇതിലൂടെ കലാകാരന്മാർക്ക് അധിക വരുമാനം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

