ദുബൈയിലെ എ.ഐ കമ്പനികൾക്ക് പ്രത്യേക മുദ്ര
text_fieldsദുബൈ: എമിറേറ്റിൽ പ്രവർത്തിക്കുന്ന നിർമിതബുദ്ധി (എ.ഐ) കമ്പനികൾക്ക് പ്രത്യേക മുദ്ര അവതരിപ്പിച്ച് അധികൃതർ. ദുബൈ സർക്കാർ സ്ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്നതും എ.ഐ സംവിധാനങ്ങൾക്കായി ബിസിനസുകൾക്ക് ആശ്രയിക്കാൻ കഴിയുന്നതുമായ കമ്പനികളെ തിരിച്ചറിയാൻ മുദ്ര സഹായിക്കും. പ്രധാന പദ്ധതികൾക്കായി യു.എ.ഇ, ദുബൈ സർക്കാർ പങ്കാളിത്തം നേടാനാഗ്രഹിക്കുന്ന കമ്പനികൾക്ക് എ.ഐ മുദ്രയുണ്ടായിരിക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.
എ.ഐയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളോ സേവനങ്ങളോ നൽകുന്ന ദുബൈയിൽ ലൈസൻസുള്ള എല്ലാ കമ്പനികൾക്കും www.dub.ai വെബ്സൈറ്റിൽ സൗജന്യമായി മുദ്ര ലഭിക്കുന്നതിന് അപേക്ഷിക്കാം.
അതേസമയം, മുദ്ര ഒരു ബിസിനസ് ലൈസൻസല്ലെന്നും ദുബൈയിൽ പ്രവർത്തിക്കാനുള്ള മറ്റു മാനദണ്ഡങ്ങൾ കമ്പനികൾ പാലിച്ചിരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് സംരംഭം ആരംഭിച്ചത്. ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(ഡി.സി.എ.ഐ) വികസിപ്പിച്ചെടുത്ത ‘ദുബൈ സീൽ’ സർട്ടിഫൈഡ് കമ്പനികൾക്ക് അവരുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രമോഷനൽ കാമ്പയിനുകളിലും പ്രദർശിപ്പിക്കാൻ അനുവാദമുണ്ടാകും. ഇത് കമ്പനികളുടെ വിശ്വാസ്യതയെ തിരിച്ചറിയാനുള്ള മാർഗമാവുകയും ചെയ്യും.
പ്രത്യേക സീരിയൽ നമ്പറും ക്ലാസിഫിക്കേഷനും ഉൾപ്പെടുന്നതായിരിക്കും എ.ഐ മുദ്ര. കമ്പനികളുടെ പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും സ്വഭാവം, എ.ഐയിൽ വൈദഗ്ധ്യമുള്ള ജീവനക്കാരുടെ എണ്ണം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രോജക്ടുകൾ, പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം എന്നിങ്ങനെ ആറ് മേഖലകളെ അടിസ്ഥാനമാക്കിയാണ് അപേക്ഷകൾ വിലയിരുത്തുന്നതെന്ന് ഡി.സി.എ.ഐ അറിയിച്ചു. എ.ഐ സേവന ദാതാക്കളെ വിലയിരുത്തന്നതിനും എ.ഐ കമ്പനികൾക്ക് ദുബൈയിൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എ.ഐ മേഖലയുടെ സാമ്പത്തിക പ്രാധാന്യം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യത, സർക്കാർ സ്ഥാപനങ്ങളും സാങ്കേതിക കമ്പനികളും തമ്മിൽ ശക്തമായ ബന്ധം രൂപപ്പെടുത്തുന്നതിലെ പങ്ക് എന്നിവയുടെ പശ്ചാത്തലത്തിലാണ് അധികൃതർ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

