
ട്വിറ്റർ പ്രവർത്തിക്കാൻ വേണ്ട സോഴ്സ് കോഡ് ഓൺലൈനിൽ ചോർന്നു; പരാതിയുമായി കമ്പനി
text_fieldsട്വിറ്ററിന്റെ സോഴ്‌സ് കോഡിന്റെ ചില ഭാഗങ്ങൾ ഓൺലൈനിൽ ചോർന്നതായി പരാതി. മൈക്രോബ്ലോഗിങ് സൈറ്റ് പ്രവർത്തിക്കാൻ വേണ്ട അടിസ്ഥാന കമ്പ്യൂട്ടർ കോഡുകളാണ് ചോർന്നത്. സോഷ്യൽ മീഡിയ കമ്പനി ഒരു ലീഗൽ ഫയലിങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റിനായുള്ള ഇന്റർനെറ്റ് ഹോസ്റ്റിങ് സേവനമായ ഗിതബ്ബിനെതിരെയാണ് (GitHub) ട്വിറ്റർ രംഗത്തെത്തിയിരിക്കുന്നത്. നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഫയൽ ചെയ്ത നിയമ രേഖ പ്രകാരം, ഗിതബ്ബിനോട് (GitHub) അത് പോസ്റ്റ് ചെയ്തിരിക്കുന്ന കോഡ് എത്രയും പെട്ടന്ന് നീക്കം ചെയ്യാൻ ട്വിറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ട്വിറ്ററിന്റെ നിയമപരമായ നീക്കത്തിന് പിന്നാലെ തങ്ങൾ പോസ്റ്റ് ചെയ്ത ഉള്ളടക്കം പിൻവലിച്ചതായി ഗിതബ്ബ് അറിയിച്ചിട്ടുണ്ട്. സോഴ്സ് കോഡ് പങ്കുവെച്ചത് ട്വിറ്ററിന്റെ കൈവശമുള്ള പകർപ്പവകാശത്തെ ലംഘിക്കുന്ന പ്രവർത്തനമാണെന്നും തങ്ങളുടെ അനുമതിയില്ലാതെ ഗിതബ്ബിൽ ട്വിറ്ററിന്റെ സോഴ്‌സ് കോഡ് പോസ്റ്റ് ചെയ്ത വ്യക്തിയെയോ സംഘത്തെയോ കണ്ടെത്താനും ട്വിറ്റർ കോടതിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒക്ടോബറിൽ 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങി കമ്പനിയെ സ്വകാര്യമാക്കിയ കോടീശ്വരൻ ഇലോൺ മസ്‌കിന് പുതിയ ‘ചോർച്ച’ കൂടുതൽ വെല്ലുവിളികൾ സൃഷ്ടിച്ചിരിക്കുകയാണ്. വൻതോതിലുള്ള പിരിച്ചുവിടലുകളും പരസ്യദാതാക്കളുടെ കൊഴിഞ്ഞുപോക്കും പ്ലാറ്റ്ഫോമിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
