വാട്സാപ്പ് ഉപയോഗത്തിൽ കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ; വെബ് ബ്രൗസറിൽ ആറ് മണിക്കൂർ ഉപയോഗിച്ചാൽ ഓട്ടോ ലോഗ് ഔട്ട്
text_fieldsന്യൂഡൽഹി: വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്നാപ്പ്ചാറ്റ്, ഷെയർചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങിയ മെസേജിങ് ആപുകളിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് ഇതുസംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചു. ഇനി മുതൽ ഒരു ആക്ടീവ് സിം കാർഡില്ലാതെ ഈ ആപുകളിലെ സേവനങ്ങൾ ഉപയോഗിക്കാനാവില്ല. ടെലികമ്യൂണിക്കേഷൻ ഭേദഗതി നിയമപ്രകാരമാണ് കേന്ദ്രസർക്കാർ നടപടി.
പുതിയ നിയമപ്രകാരം ഇത്തരം ആപുകൾ സിം കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാനാവു. ഇതോടെ സിംകാർഡുള്ള ഡിവൈസിൽ മാത്രമേ മെസേജിങ് ആപുകൾ ഉപയോഗിക്കാനാവു. വെബ് ബ്രൗസറുകൾ വഴി ലോഗ് ഇൻ ചെയ്യുന്നതിനും ചില നിയന്ത്രണങ്ങൾ ടെലികോം മന്ത്രാലയം കൊണ്ട് വന്നിട്ടുണ്ട്. വെബ് ബ്രൗസറുകൾ വഴി ലോഗ് ഇൻ ചെയ്തവർ ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ട് ചെയ്ത് വീണ്ടും അതാത് ആപിലേക്ക് ലോഗ് ഇൻ ചെയ്യണം. ഉപഭോക്താക്കൾ ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ ഓട്ടോമാറ്റിക്കായി ആപിൽ നിന്നും ലോഗ് ഔട്ടാവുന്ന സംവിധാനം അവതരിപ്പിക്കണമെന്നും ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ നിർദേശമുണ്ട്.
നിലവിൽ വാട്സാപ്പ് പോലുള്ള ആപുകൾ ഉപയോഗിക്കുന്നവർക്ക് ലോഗ് ഇൻ സമയത്ത് മാത്രമേ സിം കാർഡിന്റെ ആവശ്യമുള്ളു. അതിന് ശേഷം സിം കാർഡ് ഇല്ലെങ്കിൽ ആപ് ഉപയോഗിക്കാനാവും. ഇത് സുരക്ഷാഭീഷണി ഉണ്ടാക്കുന്നുവെന്നാണ് കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പലരും സിംകാർഡെടുത്ത് വാട്സാപ്പ് അക്കൗണ്ടുകളെടുത്ത് പിന്നീട് ഇത് ഉപേക്ഷിക്കുന്ന രീതി കണ്ടുവരുന്നുെ ണ്ടന്ന് ടെലികമ്യൂണിക്കേഷൻ മന്ത്രാലയം വ്യക്തമാക്കി. പിന്നീട് വീണ്ടും സിംകാർഡ് എടുത്ത് ഇതേരീതിയിൽ വിവിധ മെസേജിങ് ആപുകളിൽ അക്കൗണ്ട് എടുക്കുന്നുണ്ടെന്നും ഇത് സുരക്ഷാഭീഷണിക്ക് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ഡിജിറ്റൽ പേയ്മെന്റുകളിൽ ഇതുപോലെ സുരക്ഷാസംവിധാനം നിലവിലുണ്ട്. യു.പി.ഐ ആപുകൾ വിവിധ ബാങ്കിങ് ആപുകൾ എന്നിവയെല്ലാം ഈ സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. നേരത്തെ സെബി അക്കൗണ്ടുകൾ സിം കാർഡുമായി ബന്ധിപ്പിക്കണമെന്നും അധിക സുരക്ഷക്കായി ഫേഷ്യൽ റെക്കഗനൈസേഷൻ സിസ്റ്റം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

