എഴുത്തില്ല; എണ്ണലും കൂട്ടലും ആപ്പിൽ, വരുന്നൂ ‘സ്മാർട്ട് സെൻസസ്’
text_fieldsതിരുവനന്തപുരം: മൊബൈൽ ആപ്പും പോർട്ടലും മുതൽ വിവരശേഖരണ പ്രക്രിയയുടെ തത്സമയ നിരീക്ഷണത്തിനായി വെബ്സൈറ്റുമടക്കം സമഗ്ര ഡിജിറ്റൽ മുന്നൊരുക്കമാണ് സെൻസസ് ദൗത്യത്തിന് സജ്ജമാക്കിയത്. സാങ്കേതിക വിദ്യയുടെ സാധ്യതകളാണ് ഡിജിറ്റൽ സെൻസസിന്‍റെ നട്ടെല്ല്. പേപ്പർ ഫോമുകൾ പൂർണമായും ഒഴിവാക്കി. വിവരങ്ങൾ തത്സമയം ഡിജിറ്റലായാണ് സമാഹരിക്കുക. വിവരങ്ങൾ ചോരാതിരിക്കാൻ വാട്സാപ്പിലെ സന്ദേശ വിനിമയ മാതൃകയിൽ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് രീതിയിലാണ് പോർട്ടലും ആപുമെല്ലാം ക്രമീകരിച്ചത്. വിവരങ്ങൾ ശേഖരിക്കുന്നത് മുതൽ സർവറിൽ എത്തുന്നത് വരെ എൻക്രിപ്റ്റ് ചെയ്യപ്പെടും. പൊതുജനത്തിന് സ്വയം വിവരങ്ങൾ സമർപ്പിക്കാനാണ് പോർട്ടൽ. മലയാളമടക്കം 16 ഭാഷകളിൽ പോർട്ടൽ ലഭ്യമാവും. നൽകിയ വിവരങ്ങൾ എന്യൂമറേറ്റർമാർക്ക് ഡിജിറ്റലായി സ്ഥിരീകരിക്കാം. ഓൺലൈനായി സമർപ്പിക്കാൻ സാങ്കേതിക പരിജ്ഞാനമില്ലാത്തവരുടെ വിവരങ്ങൾ സമാഹരിക്കാനാണ് മൊബൈൽ ആപ്.
എന്യൂമറേറ്റർക്ക് സ്മാർട്ട്ഫോണിൽ ഉപയോഗിക്കാവുന്ന ഈ ആപ്പിൽ ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിലെ വിവരങ്ങൾ ഓഫ്‌ലൈനായി ശേഖരിക്കാം. പിന്നീട് ഇന്റർനെറ്റ് ലഭ്യമാകുമ്പോൾ ഇവ അപ്‌ലോഡ് ചെയ്യപ്പെടും. ശേഖരിക്കുന്ന വിവരങ്ങൾ അപ്‌ലോഡ് ചെയ്താലുടൻ കേന്ദ്ര സർവറുകളിൽ സൂക്ഷിക്കപ്പെടും; ഫോണിൽനിന്ന് മായും. മൊബൈൽ ആപിൽ വിവരങ്ങൾ സൂക്ഷിക്കാത്തതിനാൽ ഫോൺ നഷ്ടപ്പെട്ടാലും വിവരങ്ങൾ നഷ്ടമാകില്ല. എന്യൂമറേറ്റർമാർക്ക് ഓൺലെൻ സംവിധാനത്തിലേക്ക് പ്രവേശിക്കാൻ ഒന്നിലധികം വെരിഫിക്കേഷൻ വേണ്ടിവരും. ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമത്തിന്‍റെ (ഡി.പി.ഡി.പി) മാനദണ്ഡങ്ങൾ അനുസരിച്ചാണ് സെൻസസിനുള്ള ഡിജിറ്റൽ സംവിധാനം ഒരുക്കിയത്. സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ പരിശീലനം ആരംഭിക്കുമെന്നാണ് വിവരം.
സെൻസസിന് മുന്നോടിയായി പാലക്കാട് അട്ടപ്പാടി, ഇടുക്കി ഇരട്ടയാർ, കൊച്ചി കോർപറേഷൻ വാർഡുകൾ എന്നിവിടങ്ങളിൽ 2025 നവംബർ 10 മുതൽ 30 വരെ പരീക്ഷാടിസ്ഥാനത്തിൽ ഡിജിറ്റൽ സെൻസസ് നടന്നിരുന്നു. അതിവേഗ ഇന്‍റർനെറ്റ് ലഭ്യതയുള്ള നഗരമേഖലും മലയോര മേഖലയിലും ആദിവാസി മേഖലകളിലും സെൻസസിനുള്ള ഡിജിറ്റൽ സംവിധാനങ്ങളുടെ കാര്യക്ഷമതയാണ് പരീക്ഷണ സെൻസസിൽ പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

