നിർമിതബുദ്ധിയെ പേടിക്കേണ്ടതുണ്ടോ?
text_fieldsമാധ്യമവാർത്തകളിൽ എ.ഐ. നിറഞ്ഞുനിൽക്കുകയാണ്. തൊഴിൽനഷ്ടം മുതൽ ജലക്ഷാമം വരെയുള്ള വിഷയങ്ങളിൽ പ്രതിസ്ഥാനത്തുള്ള എ.ഐ. പതിയെ വില്ലൻപരിവേഷം കൈവരിച്ചുതുടങ്ങിയിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മളേവരുടെയും ജീവിതത്തെ എ.ഐ. സ്പർശിക്കുന്നുമുണ്ട്. എ.ഐ. എല്ലാം ശരിയാക്കും എന്ന ശുഭാപ്തി വിശ്വാസത്തിന്റെയും മനുഷ്യവംശത്തിന്റെ അന്തകനാകും എന്ന ആശങ്കയുടെയും ഇടയിലുള്ള ചില യാഥാർഥ്യങ്ങൾ ഒന്നു പരിശോധിക്കാം.
തൊഴിൽ തിന്നുന്ന എ.ഐ.
ഐ.ടി. രംഗത്ത് സമീപകാലത്ത് നടന്ന കൂട്ടപ്പിരിച്ചുവിടലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളിലെല്ലാം എ.ഐ. അഡോപ്ഷന്റെ ഭാഗമായി നിരവധി പ്രഫഷനലുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ലോകത്തെ 40% തൊഴിലുകൾ എ.ഐ. എക്സ്പോസ്ഡ് ആണെന്നാണ് കണക്ക്. എന്നാൽ, സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവിന്റെ അഭിപ്രായത്തിൽ വിവിധ സാമ്പത്തിക സമ്മർദങ്ങൾക്കിടയിൽ കമ്പനികൾ പിരിച്ചുവിടലിനുളള ന്യായമായി നിർമിതബുദ്ധിവത്കരണത്തെ ഉപയോഗിക്കുകയാണ്.
കമ്പ്യൂട്ടർവത്കരണ കാലത്ത് നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ ജോലികൾ ഐ.ടി. രംഗം സൃഷ്ടിച്ചു എന്നത് സമീപകാല ചരിത്രമാണ്. പാരീസിൽ നടന്ന വിവാടെക് 2026ൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് പറഞ്ഞത് എ.ഐ. ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ്. ഒരു ദശകത്തിനു മുമ്പ് നിർമിതബുദ്ധിയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിക്കപ്പെടുന്ന ജെഫ്റി ഹിന്റൺ അടുത്ത 10 വർഷത്തിനുള്ളിൽ എ.ഐ. റേഡിയോളജിസ്റ്റുകളുടെ ജോലി ഇല്ലാതാക്കും എന്ന് പ്രവചിച്ചിരുന്നു. എന്നാൽ, എ.ഐ ഒരു ടൂളായി ഉപയോഗിച്ചുകൊണ്ട് റേഡിയോളജി മേഖല കൂടുതൽ കരുത്താർജിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. എ.ഐ. കാരണം ഒരു റേഡിയോളജിസ്റ്റിന്റെയും ജോലി നഷ്ടപ്പെട്ടതുമില്ല.
ഷോക്കടിപ്പിച്ച എ.ഐ. ബിൽ
അമേരിക്കയിലെ സ്റ്റാർട്ടപ് കമ്പനിയായ സ്വാൻ എ.ഐ.ക്ക് ആന്ത്രോപിക്കിന്റെ ക്ലോഡ് എ.ഐ. ഉപയോഗിച്ചതിന് ലഭിച്ചത് 1,13,000 ഡോളറിന്റെ ബില്ലാണ്. പേര് വെളിപ്പെടുത്താത്ത മറ്റൊരു കമ്പനിക്ക് 500 മില്ല്യൺ ഡോളറിന്റെ ബില്ലാണത്രെ ലഭിച്ചത്. ജീവനക്കാരുടെ അനിയന്ത്രിതമായ എ.ഐ. ഉപയോഗമാണ് വലിയ ബില്ലുകൾക്ക് വഴിതെളിച്ചത്. സാമ്പത്തിക നിയന്ത്രണത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
നിർമിതബുദ്ധി സ്വയം നിയന്ത്രിച്ചാൽ
സാഹചര്യങ്ങളെ പഠിക്കുകയും സ്വയം ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും തീരുമാനങ്ങളെടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന എ.ഐ. - അതാണ് ഓട്ടോണമസ് എ.ഐ. ആന്ത്രോപികിന്റെ പുതിയ ബ്ലോഗ് പോസ്റ്റിൽ എ.ഐ. മനുഷ്യ ഇടപെടലില്ലാതെ സ്വയം മെച്ചപ്പെടുത്തുന്ന കാലം അകലെയല്ലെന്ന് ഓർമപ്പെടുത്തുന്നു. നിർമിത ബുദ്ധി സ്വയം നിർമിക്കുന്ന, ആർ.എസ്.ഐ (ആവർത്തിച്ചുള്ള സ്വയം മെച്ചപ്പെടുത്തൽ) എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയ ലോകത്തെ മാറ്റിമറിക്കും. കൂടുതൽ ജാഗരൂകരായി, സ്വന്തം കഴിവുകൾ നിരന്തരം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് നമുക്ക് മുമ്പിലുള്ള വഴി.
എ.ഐ. ലാബിലെ എലികളാണ് നാം
വ്യക്തിഗത വിവരങ്ങൾ എ.ഐ.യുമായി പങ്കുവെക്കുമ്പോൾ നമ്മളറിയാതെ ഇത്തരം ഡേറ്റ എ.ഐ. സ്വയം മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നതിൽ തർക്കമില്ല. എ.ഐ.യുമായി വിവരങ്ങൾ പങ്കുവെക്കുമ്പോൾ നമ്മുടെ വിവേചനാധികാരം ഉപയോഗിക്കണം. അതിർവരമ്പുകൾ നിശ്ചയിക്കേണ്ടത് ഉപയോക്താക്കൾ തന്നെയാണ്.
പാരിസ്ഥിതിക ആഘാതം
എ.ഐ. ഡേറ്റാ സെന്ററുകൾ ഉപയോഗിക്കുന്ന ഊർജത്തിന്റെയും ജലത്തിന്റെയും അളവ് വളരെ വലുതാണ്. ആഗോള വൈദ്യുതി ഉപഭോഗത്തിന്റെ 1.5 ശതമാനം ഡേറ്റാ സെന്ററുകളുടേതാണെന്നാണ് ഇന്റർനാഷനൽ എനർജി ഏജൻസിയുടെ കണക്ക്. 2030ഓടെ ഇത് 3 ശതമാനമായി ഉയരുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിർമിതബുദ്ധി സംവിധാനങ്ങൾ ഭാവിയിൽ കൂടുതൽ കാര്യക്ഷമമാകുന്നതോടെ ഈ ചെലവ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എ.ഐ. ചിപ്പ് രംഗത്തെ അതികായരായ എൻവിഡിയ അവതരിപ്പിച്ച ലിക്വിഡ് കൂളിങ് സിസ്റ്റം എ.ഐ. ഡേറ്റാ സെന്ററുകളിലെ ഊർജ, ജല ഉപഭോഗം ഗണ്യമായി കുറക്കുമെന്ന് അവകാശപ്പെടുന്നു.
നിർമിതബുദ്ധിയുടെ നവ സാമ്രാജ്യത്വം
ലാർജ് ലാംഗ്വേജ് മോഡലുകളെല്ലാം വെള്ളക്കാരായ പാശ്ചാത്യരുടെ എഴുത്തുകളെ ആധാരമാക്കിയാണ് പരിശീലിക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായും അവരുടെ കാഴ്ചപ്പാടുകളും മൂല്യങ്ങളുമാണ് ഇവയും പുലർത്തുന്നത്. ഇന്ത്യക്കാരെയും അറബ് വംശജരെയും മറ്റു ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാരെ കുറിച്ചുമെല്ലാം സ്റ്റീരിയോടൈപ്പ് ഉത്തരങ്ങളാണ് എ.ഐ. ചിലപ്പോഴെല്ലാം നൽകുന്നത്. പരിശീലിപ്പിക്കപ്പെടുന്ന ഡേറ്റ കൂടുതൽ വിപുലമാകുന്നതോടെ നിർമിതബുദ്ധിയുടെ കാഴ്ചപ്പാടുകളും മാറുമെന്ന് പ്രതീക്ഷിക്കാം.
എ.ഐ. വിഭ്രാന്തികൾ
എൽ.എൽ.എം പ്രചാരം കൈവരിച്ചുതുടങ്ങിയ സമയത്ത് പലപ്പോഴും തെറ്റായ വിവരങ്ങൾ നൽകിയിരുന്നത് ഓർമയുണ്ടാകും. AI hallucinations പുതിയ കാലഘട്ടത്തിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും എ.ഐ. നൽകുന്ന വിവരങ്ങളെ കണ്ണുമടച്ച് വിശ്വസിക്കരുത്. ഗവേഷണത്തിനും മെഡിക്കൽ ഉപദേശങ്ങൾക്കും എ.ഐ. ഉപയോഗിക്കുമ്പോൾ അതീവശ്രദ്ധ വേണം. കൂടുതൽ കാര്യക്ഷമത കൈവരിച്ച ഇന്നത്തെ എ.ഐ. വർധിച്ച ആത്മവിശ്വാസത്തോടെ, പെട്ടെന്ന് കണ്ടുപിടിക്കാനാകാത്ത രീതിയിലാണ് തെറ്റായ വിവരങ്ങൾ നൽകുന്നത്. മനുഷ്യബുദ്ധിക്ക് ബദലാകാൻ നിർമിതബുദ്ധിക്ക് സാധ്യമല്ലെന്നതിന്റെ തെളിവാണിത്.
സമത്വസുന്ദര ലോകമോ അതോ ദുരിതമോ?
എ.ഐ. രണ്ട് വിഭാഗങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യർക്ക് ജോലിയൊന്നും ചെയ്യേണ്ടി വരില്ലാത്ത, എല്ലാ കാര്യങ്ങളും എ.ഐ. ചെയ്യുന്ന സുന്ദര ലോകം വരുമെന്ന് വിശ്വസിക്കുന്നവരാണ് ഒരു കൂട്ടർ. മറുകൂട്ടരാകട്ടെ എ.ഐ. മനുഷ്യബുദ്ധിയെ കീഴടക്കുമെന്നും മെഷീനുകൾ മനുഷ്യരെ നിയന്ത്രിക്കുമെന്നും ഭയക്കുന്നു. യാഥാർഥ്യം രണ്ട് കാഴ്ചപ്പാടുകളിൽ നിന്നും അകലെയാണ്. എ.ഐ. എന്ന സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി ജോലിയൊക്കെ ചെയ്തുതന്നെയാണ് നമുക്ക് ജീവിക്കേണ്ടി വരിക. എ.ഐ.യെ നിരാകരിക്കുന്നവർ പിന്തള്ളപ്പെട്ടുപോകാനും ഇടയുണ്ട്. നിർമിതബുദ്ധി മനുഷ്യനെ അടിമയാക്കും എന്ന ഭീതി മനുഷ്യന്റെ അപാരമായ കഴിവുകളെ കുറച്ചുകാണലാണ്.
നിർമിതബുദ്ധിയും മാനവികതയും
ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിൽ യുദ്ധം, ലാഭം എന്നിവയ്ക്കായി എ.ഐ. ഉപയോഗിക്കുന്നതിനെ വിമർശിച്ചിരുന്നു. ധാർമികതയാകണം നിർമിതബുദ്ധിയെ നിയന്ത്രിക്കേണ്ടത് എന്നും സാധാരണക്കാരുടെ ഉന്നമനത്തിനാവണം മുൻതൂക്കം നൽകണ്ടേത് എന്നുമുള്ള വളരെ പ്രസക്തമായ നിരീക്ഷണവും അദ്ദേഹം നടത്തി. മനുഷ്യകേന്ദ്രീകൃതമാകണം എ.ഐ. എന്ന് പ്രഖ്യാപിക്കുന്ന അദ്ദേഹം സാങ്കേതികവിദ്യയെ പാടെ തള്ളിപറഞ്ഞിട്ടില്ല. എ.ഐ. ഒരു ഉപകരണം മാത്രമാണെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തന്നെയാണ് പരമസത്യവും.
ഭാവിയെക്കുറിച്ചുള്ള പല തീരുമാനങ്ങളും നമ്മളെടുക്കുന്നത് ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ്. സാങ്കേതികവിദ്യകളെ തടുത്തുനിർത്തുവാൻ നമുക്കാവില്ല എന്ന് ചരിത്രം ഓർമിപ്പിക്കുന്നു. ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായ കമ്പ്യൂട്ടറിനെക്കുറിച്ചും പലർക്കും ആശങ്കകളുണ്ടായിരുന്നു. എന്നാൽ, വിവരസാങ്കേതികവിദ്യയ്ക്കു പുറംതിരിഞ്ഞിരിക്കാതെ അത് സ്വായത്തമാക്കിയവരാണ് പിന്നീട് ലോകം നിയന്ത്രിച്ചത്. മൈക്രോസോഫ്റ്റിന്റെ വൈസ് ചെയറും പ്രസിഡന്റുമായ ബ്രാഡ് സ്മിത്ത് അമേരിക്കൻ മാധ്യമമായ ആക്സിയോസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഒരു വാചകത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു. 'തന്നെക്കാൾ വേഗത്തിൽ കുതിരക്ക് സഞ്ചരിക്കാനാകും എന്ന് മനുഷ്യൻ ആദ്യം തിരിച്ചറിഞ്ഞപ്പോൾ കുതിരയെ മെരുക്കാനും അതിന്റെ പുറത്തേറി സഞ്ചരിക്കാനുമാണ് അവൻ പഠിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

