ഒരു അഞ്ച് മിനിറ്റ് കൂടെ കാണട്ടെ, യൂട്യൂബ് ഷോർട്സ് ലഹരിയായി മാറിയോ? നിയന്ത്രിക്കാൻ പുതിയ ഫീച്ചറുമായി യൂട്യൂബ്
text_fieldsഒരു അഞ്ച് മിനിറ്റ് ഷോർട്സ് കാണാം എന്ന് പറഞ്ഞിരുന്ന് മണിക്കൂറുകളോളം ഷോർട്സ് കണ്ടിരിക്കുന്നവരാണോ? എത്ര ശ്രമിച്ചിട്ടും യൂട്യൂബ് ഷോർട്സ് കാണുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്നില്ലേ? വീണ്ടും നിങ്ങളുടെ കൈകൾ സ്ക്രോൾ ചെയ്യുന്നത് തുടരുന്നുണ്ടോ? എന്നാൽ അതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനി. 'ഷോർട്സ് ടൈമർ' എന്ന പുതിയ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്.
ഇതിൽ ഷോർട്സ് വിഡിയോകൾ കാണുന്നതിന് ദൈനംദിന സമയ പരിധി നിശ്ചയിക്കാൻ കഴിയും. ആ പരിധി എത്തിക്കഴിഞ്ഞാൽ ആപ്പ് ഫീഡ് സ്വമേധയ താൽക്കാലികമായി നിർത്തുകയും പരിധി എത്തിയെന്ന് സൂചിപ്പിക്കുന്ന സന്ദേശം കാണിക്കുകയും ചെയ്യുന്നു.
ഉപയോക്താക്കാൾക്ക് ആരോഗ്യപരമായ യൂട്യൂബ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പാണിത്. ഇത് അനിയന്ത്രിതമായി ഷോർട്സ് കാണുന്നവർക്ക് എപ്പോൾ നിർത്തണമെന്ന് ഓർമിപ്പിക്കുന്നു. ഇന്ന് സമൂഹം നേരിടുന്ന വലിയ പ്രശ്നമാണ് അമിതമായ ഡിജിറ്റൽ ആസക്തി. അതിൽനിന്ന് പലപ്പോഴും നമ്മൾ വിചാരിച്ചാൽപോലും പുറത്ത് കടക്കാൻ സാധിക്കാറില്ല.
നിലവിലെ ഇത്തരം അവസ്ഥകൾക്ക് വളരെ ഉപയോഗപ്രദമാകുന്നതാണ് യൂട്യൂബിന്‍റെ പുതിയ സവിശേഷത. ഉത്തരവാദിത്തമുള്ള ഡിജിറ്റൽ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് യൂട്യൂബ് പറഞ്ഞു. ഉപയോക്താക്കൾക്ക് ആരോഗ്യപരമായ ഉപയോഗം നിലനിർത്തുന്നതിനായി ടേക്ക് എ ബ്രേക്ക്, ബെഡ് ടൈം റിമൈൻഡർ എന്നിങ്ങനെ ഓപ്ഷനുകൾ കമ്പനി ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.
എന്നാൽ പുതിയ അപ്ഡേറ്റ് കൂടുതൽ മെച്ചപ്പെട്ടതാണ്. കാരണം ഷോർട്സ് ടൈമർ കർശനമായ പരിധി അവതരിപ്പിക്കുന്നു. തുടർച്ചയായി പ്ലാറ്റ്‌ഫോമിൽ എത്ര സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു എന്നതിന് ഇത് ഉപയോക്താക്കൾക്ക് നേരിട്ട് നിയന്ത്രണം നൽകുന്നു. ഈ ഫീച്ചർ ഇതുവരെ പേരന്‍റൽ കൺട്രോൾ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടില്ല. ഉടൻ തന്നെ പേരന്‍റൽ കൺട്രോളുലേക്കും ഈ ഫീച്ചർ അവതരിപ്പിക്കുമെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

