സുരക്ഷാ വീഴ്ചയോ ഉപയോക്താക്കളുടെ പിഴവോ? ആന്ത്രോപിക്കിന്റെ ക്ലൗഡ് ചാറ്റുകൾ ഗൂഗിളിൽ പരസ്യമായി ചോർന്നതിൽ വിശദീകരണവുമായി അധികൃതർ
text_fieldsജനപ്രിയ എഐ ചാറ്റ്‌ബോട്ടായ ആന്ത്രോപിക്കിന്റെ ക്ലൗഡ് ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ ഓൺലൈനിൽ പരസ്യമായി ലഭ്യമായിരുന്നതായി കണ്ടെത്തി. ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകൾ വഴി പ്രത്യേക സെർച്ച് രീതികൾ ഉപയോഗിച്ചാണ് ഈ വിവരങ്ങൾ മറ്റുള്ളവർക്ക് ലഭ്യമായത്. മറ്റുള്ളവർക്ക് ഒരു സംഭാഷണം അയക്കുന്നതിന് ഒരു ലിങ്ക് സൃഷ്ടിക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്ന ക്ലൗഡിന്‍റെ ഷെയർ സവിശേഷതയിലാണ് പ്രശ്നം കണ്ടെത്തിയത്.
വ്യക്തിഗത വിവരങ്ങൾ, തൊഴിൽ സംബന്ധമായ വിശദാംശങ്ങൾ, ആരോഗ്യവുമായി ബന്ധപ്പെട്ട സ്വകാര്യ ഗവേഷണ വിവരങ്ങൾ എന്നിവ ചാറ്റുകളിൽ ഉൾപ്പെട്ടിരിക്കാമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. റെഡ്ഡിറ്റ് ഉപയോക്താക്കളാണ് ഈ പ്രശ്നം ആദ്യം കണ്ടെത്തിയത്. ഇരുനൂറിലധികം സംഭാഷണങ്ങൾ 25-ൽ അധികം സെർച്ച് റിസൾട്ട് പേജുകളിൽ ലഭ്യമായിരുന്നു.
ഉപയോക്താക്കൾ തങ്ങളുടെ സംഭാഷണങ്ങൾ സ്വയം പങ്കുവെക്കുമ്പോൾ മാത്രമാണ് അവ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതെന്നും, മറ്റ് പബ്ലിക് വെബ്ബ് കണ്ടന്റുകൾ പോലെ തേർഡ് പാർട്ടി സേവനങ്ങൾ അവ ആർക്കൈവ് ചെയ്യാൻ സാധ്യതയുണ്ടെന്നും ആന്ത്രോപിക് വക്താവ് വ്യക്തമാക്കി. ലിങ്ക് ഉള്ള ആർക്കും കാണാൻ കഴിയുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, സെർച്ച് എൻജിൻ ഫലങ്ങളിൽ വരുമെന്ന കാര്യം ഇതിൽ വ്യക്തമായി സൂചിപ്പിച്ചിരുന്നില്ല.
കഴിഞ്ഞ വർഷം ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടിയും, ഇലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്‌ഫോമിലെ ഗ്രോക്ക് ചാറ്റ്‌ബോട്ടും സമാനമായ രീതിയിൽ പരസ്യമായി ലഭ്യമായിരുന്നു. സെർച്ച് എൻജിനുകളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യാൻ ആന്ത്രോപിക് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് ഉടമകൾ നൽകുന്ന നിർദ്ദേശങ്ങൾ മാത്രമാണ് ഗൂഗിൾ അടക്കമുള്ള സെർച്ച് എൻജിനുകൾ പാലിക്കുന്നതെന്ന് ഗൂഗിൾ വക്താവ് വ്യക്തമാക്കി. വളരെ സ്വകാര്യത ഉള്ളതും സെൻസിറ്റീവുമായ വിവരങ്ങൾ ചാറ്റ്ബോട്ടുമായി പങ്കുവെക്കുമ്പോൾ ഇത്തരം അപകട സാധ്യത ഉണ്ടായേക്കാമെന്ന് ആലോചിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

