Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ഒരു കരുതൽ: അറിയാം സഞ്ചാർ സാഥി പോർട്ടലിനെക്കുറിച്ച്

text_fields
bookmark_border
ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ഒരു കരുതൽ: അറിയാം സഞ്ചാർ സാഥി പോർട്ടലിനെക്കുറിച്ച്
cancel

അപരിചിത നമ്പറിൽ നിന്നൊരു ഫോൺ കോൾ വരുന്നു. മറുതലയ്ക്കൽ സംസാരിക്കുന്നയാൾ ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തുന്നു. നിങ്ങളുടെ പേരിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും അതിൽ സംശയകരമായ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പറയുന്നു. പ്രശ്നം പരിഹരിക്കാൻ ചില വിവരങ്ങൾ ചോദിക്കുന്നു. കേൾക്കുമ്പോൾ വിശ്വസിക്കാൻ തോന്നുമെങ്കിലും അതൊരു തട്ടിപ്പിന്റെ തുടക്കമായിരിക്കാം.ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇന്ന് അപൂർവമല്ല. ബാങ്ക്, ഇൻഷുറൻസ് കമ്പനി, ടെലികോം സേവനദാതാവ്, സർക്കാർ ഓഫീസ് എന്നിവയുടെ പേരിൽ വിളിച്ച് ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുന്നവരുടെ രീതികൾ മാറിക്കൊണ്ടിരിക്കുകയാണ്. ചിലർ ഫോൺ കോളുകളിലൂടെ ഭീഷണിപ്പെടുത്തുമ്പോൾ മറ്റുചിലർ വ്യാജ സന്ദേശങ്ങളും വാട്സ്ആപ്പ് ലിങ്കുകളും ഉപയോഗിക്കുന്നു.

ഇത്തരം സാഹചര്യങ്ങളിൽ സംശയകരമായ ഫോൺ കോളുകൾ, സന്ദേശങ്ങൾ, വാട്സ്ആപ്പ് ആശയവിനിമയങ്ങൾ എന്നിവയെക്കുറിച്ച് കേന്ദ്ര സർക്കാരിനെ അറിയിക്കാൻ സാധിക്കുന്ന ഒരു സംവിധാനമുണ്ട്. അതാണ് സഞ്ചാർ സാഥി പോർട്ടൽ. എന്താണ് ഈ പോർട്ടൽ? എങ്ങനെയാണ് ഇതിലൂടെ പരാതി നൽകേണ്ടത്? സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലളിതമായി നോക്കാം.

എന്താണ് സഞ്ചാർ സാഥി പോർട്ടൽ?

കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക സംവിധാനമാണ് സഞ്ചാർ സാഥി. മൊബൈൽ ഫോൺ ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുകയും ടെലികോം സേവനങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.ഇതിലെ ശ്രദ്ധേയമായ സൗകര്യമാണ് 'ചക്ഷു'. സംശയകരമായ ഫോൺ കോളുകൾ, SMS, വാട്സ്ആപ്പ് സന്ദേശങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ ഈ സംവിധാനം സഹായിക്കുന്നു. പണം നഷ്ടപ്പെട്ടതിനുശേഷം മാത്രം പരാതി നൽകേണ്ട സംവിധാനമല്ല ഇത്. തട്ടിപ്പിന് ഇരയാകുന്നതിന് മുമ്പുതന്നെ സംശയകരമായ ആശയവിനിമയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം.

ഏതൊക്കെ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യാൻ കഴിയുക?

നിങ്ങളുടെ ഫോണിലേക്ക് വരുന്ന എല്ലാ അപരിചിത കോളുകളും തട്ടിപ്പാണെന്ന് കരുതേണ്ടതില്ല. എന്നാൽ സംശയകരമായ ആശയവിനിമയങ്ങൾ ലഭിച്ചാൽ ചക്ഷുവിലൂടെ റിപ്പോർട്ട് ചെയ്യാം.

  • ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് അക്കൗണ്ട് വിവരങ്ങൾ, OTP, KYC വിവരങ്ങൾ എന്നിവ ചോദിക്കുക.
  • ഇൻഷുറൻസ് തട്ടിപ്പ്: പോളിസി കാലാവധി കഴിഞ്ഞെന്നോ പ്രീമിയം അടച്ചില്ലെന്നോ പറഞ്ഞ് പണം ആവശ്യപ്പെടുക.
  • സിം കാർഡ് തട്ടിപ്പ്: നിങ്ങളുടെ മൊബൈൽ നമ്പർ ഉടൻ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുക.
  • വൈദ്യുതി ബിൽ തട്ടിപ്പ്: ബിൽ അടച്ചില്ലെന്നും കണക്ഷൻ വിച്ഛേദിക്കുമെന്നും പറഞ്ഞ് വ്യാജ ലിങ്കുകൾ അയക്കുക.
  • സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന: പൊലീസിൽ നിന്നോ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നോ ആണെന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെടുക.
  • വ്യാജ ജോലി, സമ്മാന ഓഫറുകൾ: ജോലി ലഭിക്കാനോ സമ്മാനം സ്വന്തമാക്കാനോ മുൻകൂറായി പണം നൽകണമെന്ന് ആവശ്യപ്പെടുക.

ഇത്തരം തട്ടിപ്പുകൾ ഫോൺ കോൾ, SMS, വാട്സ്ആപ്പ് എന്നിവയിലൂടെ വരാം.

എങ്ങനെ പരാതി നൽകാം?

വളരെ ലളിതമായ നടപടികളിലൂടെ വീട്ടിലിരുന്നുതന്നെ പരാതി നൽകാം.

1. ആദ്യം ഔദ്യോഗിക വെബ്സൈറ്റായ Sanchar Saathi സന്ദർശിക്കുക.

2. അവിടെ കാണുന്ന 'Chakshu – Report Suspected Fraud Communication' എന്ന സൗകര്യം തിരഞ്ഞെടുക്കുക.

3. തട്ടിപ്പ് നടന്നത് ഫോൺ കോൾ വഴിയാണോ SMS വഴിയാണോ വാട്സ്ആപ്പ് വഴിയാണോ എന്ന് തിരഞ്ഞെടുക്കുക.

4. സംശയകരമായ ഫോൺ നമ്പർ, സന്ദേശം ലഭിച്ച തീയതി, സമയം, തട്ടിപ്പിന്റെ രീതി തുടങ്ങിയ വിവരങ്ങൾ നൽകുക.

5. ലഭ്യമായ തെളിവായി സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടുത്തുക.

6. നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് OTP പരിശോധന പൂർത്തിയാക്കി പരാതി സമർപ്പിക്കുക.

പരാതി നൽകുമ്പോൾ ലഭ്യമായ വിവരങ്ങൾ കൃത്യമായി നൽകാൻ ശ്രദ്ധിക്കുക.

പണം നഷ്ടപ്പെട്ടാൽ എന്തുചെയ്യണം?

ഇവിടെ ഒരു പ്രധാന കാര്യം പ്രത്യേകം മനസ്സിലാക്കണം. തട്ടിപ്പ് സംശയിക്കുന്ന ഒരു ഫോൺ കോളോ സന്ദേശമോ ലഭിച്ചാൽ അത് ചക്ഷുവിലൂടെ റിപ്പോർട്ട് ചെയ്യാം. എന്നാൽ നിങ്ങൾ ഇതിനകം തട്ടിപ്പിന് ഇരയാകുകയും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ ചക്ഷുവിൽ മാത്രം പരാതി നൽകിയാൽ പോരാ.അത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ 1930 എന്ന സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കണം. കൂടാതെ National Cyber Crime Reporting Portal വഴിയും പരാതി നൽകാം. പണം നഷ്ടപ്പെട്ടാൽ വൈകാതെ റിപ്പോർട്ട് ചെയ്യുന്നത് പ്രധാനമാണ്.

തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ മാത്രമുള്ളതല്ല ഈ പോർട്ടൽ. മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന മറ്റ് ചില സേവനങ്ങളും ഇതിലുണ്ട്.

  • നിങ്ങളുടെ പേരിലുള്ള സിം കാർഡുകൾ പരിശോധിക്കാം: നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മറ്റാരെങ്കിലും മൊബൈൽ കണക്ഷൻ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാം.
  • നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാം: മൊബൈൽ ഫോൺ മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അതിന്റെ IMEI നമ്പർ ഉപയോഗിച്ച് ഫോൺ ബ്ലോക്ക് ചെയ്യാൻ അപേക്ഷിക്കാം.
  • മൊബൈൽ ഫോണിന്റെ യഥാർഥ്യം പരിശോധിക്കാം: വാങ്ങാൻ ഉദ്ദേശിക്കുന്ന ഫോണിന്റെ IMEI നമ്പർ ഉപയോഗിച്ച് അതിന്റെ ആധികാരികത പരിശോധിക്കാം.

ഇത്തരം സേവനങ്ങൾ ഒരേ പോർട്ടലിൽ ലഭ്യമാകുന്നത് സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാണ്.

ഒരു ഫോൺ കോളിനെ നിസാരമായി കാണേണ്ട

ഇന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഏതൊരാളെയും ലക്ഷ്യമിട്ട് തട്ടിപ്പുകാർ പ്രവർത്തിക്കുന്നുണ്ട്. പരിചയമില്ലാത്ത നമ്പറിൽനിന്ന് വിളിക്കുന്ന ഒരാൾ വലിയൊരു സ്ഥാപനത്തിന്റെ പേരോ സർക്കാർ വകുപ്പിന്റെ പേരോ പറഞ്ഞതുകൊണ്ട് മാത്രം വിശ്വസിക്കരുത്. OTP, ബാങ്ക് വിവരങ്ങൾ, പാസ്‌വേഡ് തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കണം.നിങ്ങൾക്ക് ലഭിച്ച ഒരു വ്യാജ സന്ദേശമോ തട്ടിപ്പ് ഫോൺ കോളോ മറ്റൊരാൾക്കും ലഭിക്കാം. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സ്വന്തം സുരക്ഷയ്ക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷയ്ക്കും സഹായകമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sanchar Saathi Portal: Report Cyber Fraud
Next Story