സാം ആൾട്ട്മാൻ ഇനി റാം ആൾട്ട്മാൻ; സൈബർ ആക്രമണത്തിനു പിന്നാലെ പേര് മാറ്റി ഓപ്പൺ എഐ സിഇഒ
text_fieldsവ്യക്തിഗത കമ്പ്യൂട്ടറുകളിലെ ഡൈനാമിക് റാൻഡം ആക്സസ് മെമ്മറി (DRAM) ഉപയോഗത്തെക്കുറിച്ചുള്ള പരാമർശത്തിന് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിട്ടതിനെ തുടർന്ന് ഒപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തന്റെ എക്സ് അക്കൗണ്ടിലെ പേര് റാം ആൾട്ട്മാൻ എന്ന് മാറ്റി. ചീക്കി പിന്റ് പോഡ്‌കാസ്റ്റിൽ നൽകിയ അഭിമുഖത്തിലാണ് വിവാദപരമായ പ്രസ്താവനയുണ്ടായത്. കമ്പ്യൂട്ടറുകളിൽ വലിയ അളവിൽ റാം ഉൾപ്പെടുത്തുന്നത് ആഗോളതലത്തിൽ ലഭ്യമായ ഹാർഡ്‌വെയർ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗമാണോ എന്ന് ഓൾട്ട്മാൻ ചോദ്യം ചെയ്തിരുന്നു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
പോഡ്‌കാസ്റ്റ് എപ്പിസോഡിൽ, ഇൻഡിവിജ്വൽ ഡെസ്ക്ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന വലിയൊരു ശതമാനം റാമും ദീർഘനേരം ഒരു ഉപയോഗവുമില്ലാതെ കിടക്കുകയാണെന്ന് ഓൾട്ട്മാൻ വാദിച്ചു. ആഗോളതലത്തിൽ മെമ്മറി ചിപ്പുകളുടെ ക്ഷാമമുള്ള സാഹചര്യത്തിൽ വ്യക്തിഗത കമ്പ്യൂട്ടറുകൾക്കായി ഇത്രയധികം വിഭവങ്ങൾ നീക്കിവെക്കുന്നത് അനുയോജ്യമായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ക്ലൗഡ് ഡാറ്റാ സെന്ററുകൾക്ക് ഒരേസമയം നിരവധി ഉപയോക്താക്കൾക്ക് സേവനം നൽകാൻ സാധിക്കുന്നതിനാൽ മെമ്മറി ചിപ്പുകൾ കുറച്ചുകൂടി കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പരാമർശങ്ങൾ പുറത്തുവന്നതോടെ ടെക് ലോകത്തുനിന്നും കമ്പ്യൂട്ടർ പ്രേമികളിൽ നിന്നും വൻ വിമർശനമാണ് ഉയർന്നുവന്നത്. ടെസ്‌ല സിഇഒ ഇലോൺ മസ്‌കും ഇതിനെതിരെ രംഗത്തെത്തി. ജനങ്ങൾക്ക് അവരുടെ റാം ലഭിക്കാൻ അവകാശമുണ്ട് എന്ന് ഓൾട്ട്മാന്റെ പേര് നേരിട്ട് പരാമർശിക്കാതെ മസ്‌ക് എക്സിൽ കുറിച്ചു.
തുടർച്ചയായ വിമർശനങ്ങൾക്ക് പിന്നാലെ, എക്സിലെ ഒരു ഉപയോക്താവ് തന്റെ പേര് റാം ഓൾട്ട്മാൻ എന്ന് മാറ്റാൻ സാം ഓൾട്ട്മാനെ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത് പേര് മാറ്റിയെങ്കിലും തനിക്കെതിരെയുള്ള പ്രചാരണങ്ങളെ അദ്ദേഹം ശക്തമായി എതിർത്തു. ആളുകൾക്ക് അവരുടെ കമ്പ്യൂട്ടറുകളിൽ എത്ര വേണമെങ്കിലും മെമ്മറി ഉപയോഗിക്കാൻ കഴിയണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി മാത്രമാണ് ഞാൻ പേര് മാറ്റിയത്. എന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് ഒപ്പിയെടുത്ത് വിവാദമാക്കിയത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ലോകത്ത് മെമ്മറി ഉൽപ്പാദനം വർദ്ധിപ്പിക്കണമെന്ന് ഏറെക്കാലമായി വാദിക്കുന്ന വ്യക്തിയാണ് ഞാൻ.
റാം വിതരണത്തെക്കുറിച്ചുള്ള ഈ തർക്കങ്ങൾ, നിലവിൽ ഹാർഡ്‌വെയർ മേഖല നേരിടുന്ന വിലക്കയറ്റത്തെയും മെമ്മറി ചിപ്പുകളുടെ ക്ഷാമത്തെയുമാണ് എടുത്തുകാണിക്കുന്നത്. റാം ഘടകങ്ങളുടെ ഉയർന്ന ചെലവ് ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചതോടെ സാംസങ്, വൺപ്ലസ്, ഒപ്പോ തുടങ്ങിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഇതിനോടകം തന്നെ ഫോണുകളുടെ റീട്ടെയിൽ വില വർദ്ധിപ്പിച്ചിട്ടുണ്ട്.

