ജോലി ചെയ്ത് മടുത്തോ? എന്നാൽ ഇനി റോബോട്ടുകളെ പഠിപ്പിക്കാം; തൊഴിൽ രംഗത്ത് തരംഗമായി റോബോട്ട് ട്രെയിനർമാർ
text_fieldsബീജിങ്: സ്വയം ജോലി ചെയ്ത് മടുത്തോ, എങ്കിൽ ഇനി റോബോട്ടുകളെ ജോലി പഠിപ്പിക്കാം. ചൈനയിൽ ഇപ്പോൾ ട്രെന്റാകുന്ന ജോലിയാണ് റോബോട്ട് ട്രെയിനർ. നിരവധി പേരാണ് ഈ ജോലിക്കായി രംഗത്തിറങ്ങുന്നത്. തുണികൾ മടക്കാനും പാത്രങ്ങൾ കഴുകാനും കപ്പുകൾ എടുത്തു വെക്കാനുമായി മോഷൻ ക്യാപ്ചർ സെൻസറുകൾ ധരിച്ച് ദിവസങ്ങളോളം റോബോട്ടുകളെ ട്രെയിൻ ചെയ്യിപ്പിക്കുകയാണ് ഇവർ ചെയ്യേണ്ടത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് വീടുകളിലും ഫാക്ടറികളിലും പ്രവർത്തിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പ്രാപ്തമാക്കുന്നതിനുള്ള ശാരീരിക ഡാറ്റ ശേഖരിക്കുകയാണ് ഈ ജോലിയുടെ പ്രധാന ലക്ഷ്യം.
തൊഴിലന്വേഷകർ തലയിൽ കാമറകളും സെൻസർ ബ്രേസ്ലെറ്റുകളും അടങ്ങിയ പ്രത്യേക ഗിയറുകൾ ധരിച്ചാണ് ഈ ജോലി ചെയ്യുന്നത്. കമ്പ്യൂട്ടർ സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഇവർ പാത്രങ്ങൾ കഴുകുക, കൗണ്ടറുകൾ തുടക്കുക, ഷർട്ടുകൾ മടക്കുക തുടങ്ങിയ നിത്യേനയുള്ള പ്രവൃത്തികൾ തുടർച്ചയായി ചെയ്യും. മനുഷ്യരുടെ ഈ ചലനങ്ങളെല്ലാം റെക്കോർഡ് ചെയ്ത് ട്രെയിനിങ് സെറ്റുകളാക്കി മാറ്റിയാണ് ഭാവിയിലെ റോബോട്ടുകൾക്ക് പരിശീലനം നൽകുന്നത്. ചില ജീവനക്കാർക്ക് ദിവസേന 200 തവണയോളം പാത്രങ്ങൾ കഴുകുകയോ മേശകൾ തുടക്കുകയോ ചെയ്യേണ്ടി വരുന്നുണ്ട്. ഡിജിറ്റൽ സ്ക്രീനുകൾ വഴിയാണ് ഇവരുടെ വേഗതയും ഉൽപ്പാദനക്ഷമതയും നിരീക്ഷിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിക്കുന്ന പരസ്യങ്ങൾ കണ്ട് നിരവധി പേരാണ് ഈ ജോലിയിലേക്ക് ആകർഷിക്കപ്പെടുന്നത്. തൊഴിൽ നഷ്ടപ്പെട്ട മുതിർന്ന തൊഴിലാളികൾ, ഹൃസ്വകാല ഇന്റേൺഷിപ്പ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ എന്നിവരാണ് ഈ മേഖലയിലേക്ക് കൂടുതലായി എത്തിച്ചേരുന്നത്. ഇത്തരത്തിലുള്ള ട്രെയിനർമാർക്ക് പ്രതിമാസം 85000 രൂപ വരെ ശമ്പളമായി ലഭിക്കും.
എന്നാൽ കനത്ത ശാരീരിക മാനസിക ആയാസം നൽകുന്ന ഈ ജോലി അത്ര എളുപ്പമല്ലെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിൽ രംഗത്തെ ഈ പുതിയ ട്രെൻഡ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിട്ടുണ്ട്. തങ്ങളെ ജോലിയിൽ നിന്നും ഭാവിയിൽ മാറ്റിസ്ഥാപിക്കാൻ പോകുന്ന മെഷീനുകളെ പരിശീലിപ്പിക്കാൻ മനുഷ്യർ തന്നെ മുന്നിട്ടിറങ്ങുന്നത് വലിയൊരു വിരോധാഭാസമാണെന്നാണ് ഒരു ഉപയോക്താവ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

