
ഐഫോണിലെ ‘ഡൈനാമിക് ഐലൻഡ്’ മനോഹരമായി കോപ്പിയടിച്ച് റിയൽമി; പുതിയ ഫോൺ വരുന്നു
text_fieldsഡൈനാമിക് ഐലൻഡ് ഫീച്ചറുമായി ഐഫോൺ 14 പ്രോ സീരീസ് ലോഞ്ച് ചെയ്തതുമുതൽ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ കമ്പനികൾ അത് കോപ്പിയടിക്കുമെന്ന് ടെക് ലോകത്ത് ചർച്ചയുണ്ടായിരുന്നു. ഒടുവിൽ അത് സംഭവിക്കാൻ പോവുകയാണ്. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി തങ്ങളുടെ പുതിയ ഫോണിൽ അത്തരമൊരു ഫീച്ചർ ചേർക്കാൻ പോകുന്നതായി സൂചന നൽകിയിട്ടുണ്ട്.
ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ സെല്‍ഫി ക്യാമറയും ഫേയ്‌സ് ഐഡി അടക്കമുള്ള സെന്‍സറുകളും സജ്ജീകരിച്ചിട്ടുള്ള ഒരു നീണ്ട ഗുളികയുടെ ആകൃതിയിലുള്ള ഡിസ്‌പ്ലേ നോച്ചാണ് ഡൈനാമിക് ഐലന്‍ഡ്. ഉപയോഗിക്കുന്ന ആപ്പിന് അനുസരിച്ച് ആകൃതി മാറുകയും കോൾ-മെസ്സേജ് നോട്ടിഫിക്കേഷനുകളും മ്യൂസിക് കൺട്രോളും ടൈമറുമെല്ലാം നിയന്ത്രിക്കാൻ കഴിയുന്നതടക്കം നിരവധി ഓപ്ഷനുകളും ഡൈനാമിക് ഐലൻഡിൽ ഉൾചേർത്തിട്ടുണ്ട്. ഹാർഡ്വെയറും സോഫ്റ്റ്വെയറും സമന്വയിപ്പിച്ചുകൊണ്ടുള്ള ആപ്പിളിന്റെ പുതിയ നോച്ചിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.
റിയൽമി ഇന്ത്യയുടെ സി.ഇ.ഒ മാധവ് ഷേത്ത് അടുത്തിടെ വരാനിരിക്കുന്ന റിയൽമി സി-സീരീസ് ഫോണിനെക്കുറിച്ചുള്ള ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. അതിലുള്ള സ്മാർട്ട്ഫോണിൽ ഡൈനാമിക് ഐലൻഡിനെ ഓർമിപ്പിക്കും വിധമുള്ള നോച്ചും കാണപ്പെട്ടു. എന്നാൽ, ട്വീറ്റിൽ മാധവ് ഷേത്ത് അതിനെ ‘മിനി ക്യാപ്‌സ്യൂൾ’ എന്നാണ് വിളിച്ചിരിക്കുന്നത്.
ഐഫോൺ 14 പ്രോ സീരീസുകളിൽ നിന്ന് വിഭിന്നമായി പഞ്ച് ഹോൾ നോച്ച് തന്നെയാണ് റിയൽമിയുടെ പുതിയ ഫോണിലും. എന്നാൽ, അതിൽ ഡൈനാമിക് ഐലൻഡിലുള്ളത് പോലെ ഫ്ലോട്ടിങ് യു.ഐ റിയൽമി ചേർക്കുകയായിരുന്നു. ചിത്രത്തിൽ, ‘മിനി ക്യാപ്‌സ്യൂൾ’ ഫോണിന്റെ ചാർജിങ് സ്റ്റാറ്റസ് കാണിക്കുകയും മുന്നിലെ പഞ്ച് ഹോൾ ക്യാമറാ മറയ്ക്കുന്നതായും കാണാം.
ട്വീറ്റ് പങ്കുവെച്ച് അൽപ്പസമയത്തിനകം തന്നെ സി.ഇ.ഒ ഡിലീറ്റ് ചെയ്തെങ്കിലും ഓൺലീക്സും സ്മാർട്ട്പ്രിക്സും ചേർന്ന് ‘മിനി കാപ്സ്യൂളി’ന്റെ കൂടുതൽ വിവരങ്ങളുമായി രംഗത്തുവന്നു. മിനി ക്യാപ്‌സ്യൂളിന്റെ ആനിമേറ്റഡ് പതിപ്പും അവർ പങ്കുവെച്ചു. ഫോൺ ചാർജറുമായി കണക്ട് ചെയ്യുമ്പോൾ മിനി കാപ്സ്യൂൾ പ്രവർത്തിക്കുന്നതായാണ് GIF ഇമേജിൽ ദൃശ്യമാകുന്നത്.
അതേസമയം, ബജറ്റ് ഫോണുകൾ അവതരിപ്പിക്കുന്ന സി-സീരീസിലെ ഏത് മോഡലിലാണ് ‘മിനി കാപ്സ്യൂൾ’ ഫീച്ചർ ഉൾപ്പെടുത്തുകയെന്ന് റിയൽമി സൂചനകളൊന്നും നൽകിയിട്ടില്ല.