പാർക്കിങ് ഇനി ഡബ്ൾ സ്മാർട്ട്; സ്മാർട്ട് പാർക്കിങ് ആപ്പുമായി ഖത്തർ
text_fieldsസ്മാർട്ട് പാർക്കിങ് സംവിധാനം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രിമാരായ ജാസിം ബിൻ സൈഫ്
അൽ സുലൈതി, മുഹമ്മദ് ബിൻ അലി അൽ മന്നായി എന്നിവർ പരിശോധിക്കുന്നു
ദോഹ: ഖത്തറിൽ ഇനി കാർ പാർക്കിങ് അന്വേഷിച്ച് അലഞ്ഞുതിരിയേണ്ടി വരില്ല. തൊട്ടടുത്ത് ലഭ്യമായ പാർക്കിങ് സംബന്ധിച്ച വിവരങ്ങൾ പുതിയ സ്മാർട്ട് പാർക്കിങ് ആപ് നമുക്ക് ഉടനടി അറിയിച്ച് തരും.
കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ചടങ്ങിൽ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, വാർത്ത വിനിമയ-ഐ.ടി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായി എന്നിവർ പുതിയ സ്മാർട്ട് പാർക്കിങ് സംവിധാനം ഉദ്ഘാടനം ചെയ്തു.
ഖത്തറിന്റെ വിവിധ മേഖലകളിൽ സ്മാർട്ട് സാങ്കേതികവിദ്യയിലധിഷ്ഠിതമായ സേവനങ്ങൾ ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന സ്മാർട്ട് ഖത്തർ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
വാർത്ത വിനിമയ-ഐ.ടി മന്ത്രാലയം, ഗതാഗത മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ യോജിച്ച ശ്രമഫലമായാണ് സ്മാർട്ട് പാർക്കിങ് സംവിധാനം. ഖത്തറിലെ ഡ്രൈവർമാർക്കും കാർ പാർക്കിങ് ഉടമകൾക്കും ഏകീകൃത ഡിജിറ്റൽ അനുഭവം നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയാണിത്.
ഫിഫ ലോകകപ്പിന് മുന്നോടിയായി രാജ്യത്തെ വാഹന പാർക്കിങ് സൗകര്യങ്ങൾ വിപുലമാക്കുകയും ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യവും പുതിയ ആപ്പിനുണ്ട്.
അൽബിദ്ദ പാർക്ക്, കോർണിഷ്, ഗേറ്റ് മാൾ, ലുസൈൽ, മുശൈരിബ് തുടങ്ങിയ സ്ഥലങ്ങളിലെ 28,000ത്തിലധികം വരുന്ന പാർക്കിങ് സ്ഥലങ്ങളടങ്ങിയതാണ് സ്മാർട്ട് പാർക്കിങ് സംവിധാനം. മറ്റിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങളും ഉടൻ ആപ്പിലേക്ക് ചേർക്കപ്പെടും.
മുൻകൂട്ടിയുള്ള ബുക്കിങ്, പാർക്കിങ് സെഷൻ മാനേജ്മെൻറ്, ഫൈൻഡ് മൈ കാർ സേവനം പ്രവർത്തനക്ഷമമാക്കുക തുടങ്ങി കൂടുതൽ ലൊക്കേഷനുകളും സവിശേഷതകളും ഭാവിയിൽ കൂട്ടിച്ചേർക്കപ്പെടുന്ന സ്മാർട്ട് പാർക്കിങ് സേവനത്തിനുള്ള ഒരു വലിയ പദ്ധതിയുടെ ചെറിയ തുടക്കം മാത്രമാണ് ആപ്പിന്റെ പ്രാരംഭ ലോഞ്ച്. ആപ് സ്റ്റോറിലും ഗൂഗ്ൾ പ്ലേയിലും ലഭ്യമായ ടാസ്മു മൊബൈൽ ആപ്പിലാണ് ഈ സേവനം നിലവിൽ ലഭ്യമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

