Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപൊതു വൈ-ഫൈ...

പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ; സൈബർ ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ലാപ്‌ടോപ്പ് എങ്ങനെ സുരക്ഷിതമാക്കാം?

text_fields
bookmark_border
പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ; സൈബർ ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ലാപ്‌ടോപ്പ് എങ്ങനെ സുരക്ഷിതമാക്കാം?
cancel

വീട്ടിൽ നിന്ന് അകലെയായിരിക്കുമ്പോൾ കഫേകളിലും വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും റെയിൽവേ സ്റ്റേഷനുകളിലുമെല്ലാം ലഭിക്കുന്ന പൊതു വൈ-ഫൈ അതിവേഗ ഇന്റർനെറ്റ് ലഭിക്കാനുള്ള സൗകര്യപ്രദമായ ഒരു മാർഗ്ഗമായി തോന്നാം. എന്നാൽ സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ കടന്നുകയറാൻ ശ്രമിക്കുന്ന ഒരു വഴി കൂടിയാണ് പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ. പൊതു നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ പലരും അപകടസാധ്യതകളെക്കുറിച്ച് ചിന്തിക്കാറില്ല. സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത ഈ നെറ്റ്‌വർക്കുകളെ ഹാക്കർമാർ ഡാറ്റ ചോർത്താനും, ലോഗിൻ വിവരങ്ങൾ മോഷ്ടിക്കാനും, മാൽവെയറുകൾ സ്ഥാപിക്കാനും ഉപയോഗിക്കുന്നു.

സൈബർ ആക്രമണങ്ങൾ വലിയ ബിസിനസ്സുകൾക്ക് മാത്രമേ സംഭവിക്കൂ എന്നാണ് പലരും കരുതുന്നത്. എന്നാൽ സുരക്ഷിതമല്ലാത്ത നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന വ്യക്തികളാണ് പലപ്പോഴും എളുപ്പമുള്ള ലക്ഷ്യങ്ങൾ. വേണ്ടത്ര സംരക്ഷണം ഇല്ലാതെ നിങ്ങൾ കണക്റ്റ് ചെയ്താൽ നിങ്ങളുടെ ബാങ്കിങ് വിവരങ്ങൾ, സ്വകാര്യ സന്ദേശങ്ങൾ, വ്യക്തിഗത ഫയലുകൾ എന്നിവ മിനിറ്റുകൾക്കുള്ളിൽ പുറത്തായേക്കാം.

സൈബർ ആക്രമണങ്ങൾ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെടാതെ നിശബ്ദമായി പിന്നിൽ നടക്കുന്നതിനാൽ പലപ്പോഴും ആളുകൾ ഈ അപകടങ്ങളെ കുറിച്ച് ബോധവാന്മാരല്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. മിക്ക പൊതു വൈ-ഫൈ നെറ്റ് വർക്കുകളിലും ശക്തമായ എൻക്രിപ്ഷൻ ഉണ്ടാകില്ല. ചിലതിന് സുരക്ഷാ ക്രമീകരണങ്ങൾ ഒട്ടും ഉണ്ടാവുകയുമില്ല. ഇത് ഓൺലൈൻ പണമിടപാടുകൾ പോലുള്ള സെൻസിറ്റീവായ കാര്യങ്ങൾ അതീവ അപകടകരമാക്കുന്നു.

പാക്കറ്റ് സ്നിഫിങ് പോലുള്ള രീതികളിലൂടെ നെറ്റ് വർക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ ഹാക്കർമാർക്ക് പിടിച്ചെടുക്കാൻ കഴിയും. യഥാർത്ഥ വൈ-ഫൈ ആക്സസ് പോയിന്റുകൾക്ക് സമാനമായ വ്യാജ നെറ്റ്‌വർക്കുകൾ ഉണ്ടാക്കി ആളുകളെ അതിലേക്ക് കണക്റ്റ് ചെയ്യാൻ ഹാക്കർമാർക്ക് സാധിക്കും. ഇതാണ് ഈവിൾ ട്വിൻ. കണക്റ്റ് ചെയ്തു കഴിഞ്ഞാൽ, അവർക്ക് ബ്രൗസിങ് വിവരങ്ങൾ, പാസ്‌വേഡുകൾ, സെഷൻ കുക്കികൾ എന്നിവ കാണാൻ കഴിയും. ഇത് വഴി അവർക്ക് ഇമെയിൽ, ബാങ്കിങ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിൽ പ്രവേശിക്കാനും സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കാനും സാധിക്കും.

ഒരേ നെറ്റ് വർക്കിൽ കണക്റ്റ് ചെയ്തിരിക്കുന്ന മറ്റ് ഉപയോക്താക്കൾക്ക് നിങ്ങളുടെ ഫയലുകൾ അനധികൃതമായി ആക്‌സസ് ചെയ്യാൻ കഴിഞ്ഞേക്കും. നിങ്ങളുടെ സോഫ്റ്റ്‌വെയറുകളിൽ സുരക്ഷാ പിഴവുകൾ ഉണ്ടെങ്കിൽ വിദൂരമായി മാൽവെയർ കടത്തിവിടാൻ സാധ്യതയുണ്ട്. സുരക്ഷിതമല്ലാത്ത പേജുകളിലേക്കോ ഫിഷിങ് കെണികളിലേക്കോ നിങ്ങളുടെ ബ്രൗസറിനെ നിർബന്ധിച്ച് മാറ്റാൻ സാധിക്കും. സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ വിദഗ്ധർ ശക്തമായ എൻക്രിപ്ഷൻ ടൂളുകളും, നിയന്ത്രിത നെറ്റ് വർക്ക് ക്രമീകരണങ്ങളും, ശ്രദ്ധയോടെയുള്ള ബ്രൗസിങ് ശീലങ്ങളും നിർദേശിക്കുന്നു.

പൊതു വൈ-ഫൈയിൽ നിങ്ങളുടെ ലാപ്ടോപ്പ് എങ്ങനെ സുരക്ഷിതമാക്കാം?

വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (VPN) ഉപയോഗിക്കുക: ഒരു VPN നിങ്ങളുടെ ലാപ്ടോപ്പും ഇന്റർനെറ്റും തമ്മിലുള്ള ട്രാഫിക് എൻക്രിപ്റ്റ് ചെയ്യുന്നു. ഇത് സുരക്ഷിതമല്ലാത്ത നെറ്റ് വർക്കിൽ പോലും ഡാറ്റ ചോർത്തുന്നത് തടയും.

HTTPS വെബ്‌സൈറ്റുകളിൽ മാത്രം ബ്രൗസ് ചെയ്യുക: വിലാസത്തിന്റെ തുടക്കത്തിൽ https:// എന്നും ഒരു പാഡ്‌ലോക്ക് ചിഹ്നവും ഉണ്ടോയെന്ന് ശ്രദ്ധിക്കുക. എൻക്രിപ്റ്റ് ചെയ്ത സൈറ്റുകൾ ലോഗിൻ സെഷനുകളും സെൻസിറ്റീവ് വിവരങ്ങളും സംരക്ഷിക്കുന്നു.

ഓട്ടോ-കണക്റ്റും ഫയൽ ഷെയറിങ്ങും ഓഫ് ചെയ്യുക: ഓട്ടോമാറ്റിക് വൈ-ഫൈ കണക്ഷൻ, ബ്ലൂടൂത്ത് ഷെയറിങ്, നെറ്റ്‌വർക്ക് ഡിസ്കവറി എന്നിവ നിർജ്ജീവമാക്കുക. ഇത് അപരിചിതർ നിങ്ങളുടെ ലാപ്ടോപ്പിലെ ഫയലുകൾ ആക്‌സസ് ചെയ്യുന്നത് തടയും.

ഫയർവാൾ ഓണാക്കുകയും സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക: ഫയർവാളുകൾ അനധികൃത ആക്‌സസ് ശ്രമങ്ങൾ തടയുന്നു. സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ഹാക്കർമാർ മുതലെടുക്കുന്ന സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നു.

മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) പ്രവർത്തനക്ഷമമാക്കുക: പാസ്‌വേഡ് മോഷ്ടിക്കപ്പെട്ടാലും, MFA ഉള്ളതിനാൽ ഹാക്കർമാർക്ക് ലോഗിൻ ചെയ്യാൻ കഴിയില്ല.

ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക: പാസ്‌വേഡ് മാനേജറുകൾ ഉപയോഗിച്ച് സുരക്ഷിതമായ പാസ്‌വേഡുകൾ ഉണ്ടാക്കുക.

മുൻകരുതലുകൾ എടുക്കുമ്പോഴും, ചില പ്രവർത്തനങ്ങൾ പൊതു വൈ-ഫൈയിൽ ഒരിക്കലും ചെയ്യരുത്. അത്തരം സന്ദർഭങ്ങളിൽ മൊബൈൽ ഡാറ്റയോ പേഴ്സണൽ ഹോട്ട്‌സ്പോട്ടോ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ബാങ്കിങ് അല്ലെങ്കിൽ പണമിടപാടുകൾ,രഹസ്യസ്വഭാവമുള്ള ഫയലുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ, സുരക്ഷിതമായ VPN ഇല്ലാതെ കോർപ്പറേറ്റ് നെറ്റ്വർക്കുകളിൽ പ്രവേശിക്കുമ്പോൾ, മെഡിക്കൽ അല്ലെങ്കിൽ സാമ്പത്തിക പോർട്ടലുകൾ തുറക്കുമ്പോൾ ഒരിക്കലും പൊതു വൈ-ഫൈ ഉപയോഗിക്കരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laptopsecurityHackerCyber ​​crimePublic Wi-Fi
News Summary - Public Wi-Fi risks
Next Story