'കണ്ടാൽ ഒരുപോലെയിരിക്കും, മാറാതെ സൂക്ഷിക്കണം'; ടൈപോസ്‌ക്വോട്ടിങ്ങിനെതിരെ മുന്നറിയിപ്പുമായി പൊലീസ്
text_fieldsആമസോണിൽ 20,000 രൂപക്ക് വിൽപനക്കുള്ള ഒരു ഫോൺ പെട്ടെന്നൊരു ദിവസം 2000 രൂപക്ക് വിൽക്കുന്നതായി നിങ്ങൾ കാണുന്നു. ഇതു വലിയ ലാഭമാണല്ലോയെന്ന് കരുതി പണം അടച്ച് ഫോൺ വാങ്ങി കാത്തിരിക്കുന്നു. എന്നാൽ, പറഞ്ഞ സമയം കഴിഞ്ഞിട്ടും ഫോൺ എത്തുന്നില്ല. സംശയം തോന്നി സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് മനസിലാകുന്നത്, ഫോൺ വാങ്ങിയത് യഥാർഥ ആമസോൺ സൈറ്റിൽ നിന്നല്ലായെന്ന്. ഒറിജിനലിനോട് സാമ്യമുള്ള ഒരു തട്ടിപ്പ് സൈറ്റിലായിരുന്നു വൻ വിലക്കുറവിൽ ഫോൺ കണ്ടത്. സൈറ്റിന്‍റെ യു.ആർ.എല്ലിൽ മാറ്റമുണ്ടായിരുന്നെങ്കിലും അത് ശ്രദ്ധിച്ചതുമില്ല. പണം പോയത് മിച്ചം. ഈ രീതിയിലുള്ള തട്ടിപ്പിൽ പണം നഷ്ടപ്പെടുന്നവർ നിരവധിയാണ്. 'ടൈപോസ്‌ക്വോട്ടിങ്ങ്' എന്നറിയപ്പെടുന്ന ഈ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്.
എന്താണ് ടൈപോസ്‌ക്വോട്ടിങ്ങ്
ടൈപോസ്‌ക്വോട്ടിങ്ങ് (Typosquatting), URL ഹൈജാക്കിങ് എന്നാണ് ഈ തട്ടിപ്പ് രീതി അറിയപ്പെടുന്നത്. ഒറ്റനോട്ടത്തിൽ പ്രധാന വെബ്സൈറ്റുകളുടെ അഡ്രസ്സ് പോലെ തോന്നിക്കത്തക്കവിധം, അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് അഡ്രസ്സിലെ അക്ഷരങ്ങൾ തെറ്റിച്ച് തട്ടിപ്പ് സൈറ്റുകളിലേത്തിക്കുന്ന സൈബർ കുറ്റകൃത്യമാണ് ടൈപോസ്‌ക്വോട്ടിങ്ങ്.
ഉദാഹരണമായി Goggle. com, foogle. com, hoogle. com, boogle. com, yoogle. com, toogle. com, roogle. com തുടങ്ങിയ രീതിയിലുള്ളതാണ് യു.ആർ.എൽ ഹൈജാക്കിങ് സൈറ്റുകൾ.
തട്ടിപ്പ് സൈറ്റുകൾ എങ്ങനെ തിരിച്ചറിയാം
കെട്ടിലും മട്ടിലും യഥാർഥ വെബ്സൈറ്റിനെ അനുസ്മരിപ്പിക്കുന്നതായിരിക്കും ടൈപോസ്‌ക്വോട്ടിങ്ങ് വെബ്സൈറ്റുകൾ. യഥാർഥ വെബ്സൈറ്റിന്റെ അഡ്രസ് ടൈപ്പു ചെയ്യുമ്പോൾ അതിൽ ഒരക്ഷരം തെറ്റിയാൽ എത്തിച്ചേരുന്നത് യു.ആർ.എൽ ഹൈജാക്കിങ് വെബ്സൈറ്റുകളിലേക്കാകാം. ഒറിജിനൽ വെബ്സൈറ്റ് പോലെ തോന്നിക്കാൻ വേണ്ടി അവരുടെ ലോഗോകൾ, ലേഔട്ട്, ഉള്ളടക്കം തുടങ്ങിയവയൊക്കെ ഇത്തരം വ്യാജ വെബ്സൈറ്റിൽ കാണാം.
അഡ്രസ് എക്സ്‌റ്റെൻഷൻ മാറ്റിയും തട്ടിപ്പിനിരയാക്കാം. '.org' എന്നതിന് പകരം '.com' എന്നായിരിക്കും ഹൈജാക്കിങ് സൈറ്റിൽ. ഉദാഹരണം google.coക്ക് പകരം google.org, www.facebook.com - wwwfacebook.com എന്ന രീതിയിലും.
അറിയപ്പെടുന്ന ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയെ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ വെബ്സൈറ്റുകൾ കാണാറുള്ളത്. ഇവയിൽ ലോഗ് ഇൻ ചെയ്യുകയോ ബാങ്കിങ് വിശദാംശങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ അടക്കമുള്ള സ്വകാര്യ വിവരങ്ങൾ നൽകുകയോ ചെയ്താൽ തട്ടിപ്പിനിരയാകാം. ഇങ്ങനെ ലഭിക്കുന്ന പല വിവരങ്ങളും സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
📌 തെറ്റായ വെബ് സൈറ്റിലേക്കാണ് പ്രവേശിച്ചത് എന്ന് മനസ്സിലായാൽ ബ്രൗസർ ക്ലോസ് ചെയ്ത് കുക്കീസ് ക്ലിയർ ചെയ്യുക.
📌വെബ്സൈറ്റിന്റെ പേര് ടൈപ്പു ചെയ്ത ശേഷം എന്തെങ്കിലും പന്തികേടു തോന്നിയാൽ വീണ്ടും പരിശോധിക്കുക.
📌URL ഹൈജാക്കിങ് പ്രതിരോധം ഉള്ള ബ്രൗസറുകൾ ഉപയോഗിക്കുക.
📌പല ബ്രൗസറുകൾക്കും ടൈപോസ്‌ക്വോടിങ്ങിനെതിരെയുള്ള വെബ് എക്സ്റ്റെൻഷനുകൾ ലഭിക്കും. അവ പ്രയോജനപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

