വാട്സാപ്പിലെ വിവാഹ ക്ഷണക്കത്തിൽ മാൾവെയർ; ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടു, അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയതായും പരാതി
text_fieldsപ്രതീകാത്മക ചിത്രം
ബിജ്നോർ: വാട്സപ്പിലൂടെ വിവാഹ ക്ഷണക്കത്തിന്റെ മറവിൽ മാൾവെയർ ഒളിപ്പിച്ച് കടത്തി സൈബർതട്ടിപ്പെന്ന് പരാതി. നൂറുകണക്കിന് ആളുകളുടെ സ്മാർട്ഫോണുകൾ ഹാക്കുചെയ്യപ്പെട്ടു. പലർക്കും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമായതായും വിവരമുണ്ട്. ഉത്തർപ്രദേശിലെ ബിജിനോറിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വാട്സാപ്പിൽ ലഭിക്കുന്ന വിവാഹ ക്ഷണക്കത്ത് ഡൗൺലോഡ് ചെയ്യുന്നതോടെയാണ് തുടക്കം. മാൾവെയർ ഉൾക്കൊള്ളിച്ച എ.പി.കെ ഇതിനൊപ്പം ഡൗൺലോഡാവും. തുടർന്ന് കാർഡ് തുറക്കാൻ ശ്രമിക്കുന്ന ഇരയുടെ ഫോണിൽ ഈ എ.പി.കെ ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശങ്ങൾ നൽകുകയും ചെയ്യും. അനുമതി നൽകുന്നതോടെ, ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുകയാണ് ചെയ്യുക.
ബിജിനോറിൽ നൂറുകണക്കിനാളുകൾ പരാതിയുമായി രംഗത്തെത്തിയതോടെ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. പരാതിക്കാരിൽ പലരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പുകാർ പണം പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിപ്പ്, വാർത്തായതിന് പിന്നാലെ യഥാർഥത്തിൽ വാട്സപ്പ് വഴി ക്ഷണക്കത്തുകളയക്കുന്നവരും വെട്ടിലായി. ഇത്തരം കത്തുകൾ ലഭിക്കുന്നതിന് പിന്നാലെ ഭയപ്പാടിലായ ഉപയോക്താക്കൾ തുറക്കാൻ വിസമ്മതിച്ച് ചാറ്റ് പൂർണമായും ഡിലീറ്റ് ചെയ്യുന്നതോടെയാണിത്.
പ്രദേശത്തെ കർഷക കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ആദ്യമായി തട്ടിപ്പ് കല്യാണക്കത്തെത്തിയത്. ഗ്രൂപ്പിലെ ഒരംഗം അബദ്ധവശാൽ മാൾവെയർ അടങ്ങിയ കാർഡ് ഗ്രൂപ്പിലേക്ക് പങ്കിടുകയായിരുന്നു. തുടർന്ന്, സംഘടനയുടെ വനിത വിഭാഗം ജില്ല അധ്യക്ഷ കൂടിയായ ഉപ്മ ചൗഹാൻ ഇത് ഡൗൺലോഡ് ചെയ്ത് തുറക്കുകയായിരുന്നു. പിന്നാലെ, ഉപ്മയുടെ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കിയ സൈബർ കുറ്റവാളികൾ അവരുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകൾക്കും കാർഡ് അയച്ച് നൽകി. ഇത്തരത്തിൽ ലഭിച്ച ആളുകളിൽ മിക്കവരുടെയും ഫോണുകളും ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ധാംപൂർ സ്വദേശിയായ സതീഷ് കുമാറിനും ഇത്തരത്തിൽ ഉപ്മയുടെ വാട്സപ്പിൽ നിന്ന് കാർഡ് ലഭിച്ചിരുന്നു. തുറന്ന് അൽപസമയത്തിന് ശേഷം തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2,700 രൂപ പിൻവലിക്കപ്പെട്ടതായി മെസേജ് ലഭിച്ചെന്ന് സതീഷ് കുമാർ പരാതിയിൽ പറഞ്ഞു. സന്ദേശമായി ലഭിച്ച കാർഡ് തുറന്ന ചില മാധ്യമപ്രവർത്തരുടെയും വില്ലേജ് ഓഫീസറടക്കം ഉദ്യോഗസ്ഥരുടെയും ഫോണുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. തുടർച്ചയായി കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്ക് സന്ദേശം പോകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പലരും ഫോൺ ഓഫ് ആക്കിവെച്ചിരിക്കുകയാണെന്ന് മാധ്യമപ്രവർത്തകനായി ധീരേന്ദ്ര ഷെഖാവത് പറഞ്ഞു.
തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി ബിജിനോർ പൊലീസ് അറിയിച്ചു. അന്വേഷണത്തിൽ സൈബർ വിദഗ്ദരുടെ സഹായം ഉപയോഗപ്പെടുത്തും. ഫോണിൽ ഉറവിടം വ്യക്തമല്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

