ഇങ്ങനെയും ഫാമിങ്!
text_fieldsഎല്ലാവർക്കും എങ്ങനെയെങ്കിലും റീച്ച് മതി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇന്ന് വിനോദം മാത്രമല്ല, പണവും തൊഴിലും പോപ്പുലാരിറ്റിയും ഒക്കെ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ റീച്ച് വഴി ലൈഫിൽ റീച്ചാവാൻ നോക്കുന്നവരാണ് പലരും. അതുകൊണ്ടുതന്നെയാണ് ഫോൺ ഫാമിങ് പോലെയുള്ള തട്ടിപ്പുവിദ്യകൾ ഉടലെടുക്കുന്നതും. നൂറുകണക്കിന് സ്മാർട്ഫോണുകൾ ഒരേസമയം പ്രവർത്തിപ്പിച്ച്, കൃത്രിമമായി റീച്ചും വ്യൂസും ഉണ്ടാക്കുന്ന രീതിയാണ് ‘ഫോൺ ഫാമിങ്’.
ഡിജിറ്റൽ പരസ്യങ്ങളിൽനിന്നുള്ള വരുമാനം തട്ടിയെടുക്കാനും യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കൃത്രിമമായി റീച്ച് ഉണ്ടാക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. നിരവധി സ്മാർട്ഫോണുകൾ ഒരിടത്ത് റാക്കുകളിൽ ക്രമീകരിച്ചാണ് ഫോൺ ഫാമിങ് നടത്തുക. ഇവയെല്ലാം ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും.
പ്രത്യേക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഈ ഫോണുകൾ തനിയെ പ്രവർത്തിക്കുന്നു. മനുഷ്യർ ചെയ്യുന്നതുപോലെ വിഡിയോകൾ കാണാനും ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും ഗെയിമുകൾ കളിക്കാനും ഇവക്ക് സാധിക്കും. സോഷ്യൽമീഡിയ പരസ്യങ്ങൾ വഴി വലിയരീതിയിൽ ഔട്സോഴ്സിങ് നടത്തി വ്യൂ ഉണ്ടാക്കുന്ന ഫാമിങ് സ്ഥാപനങ്ങളുമുണ്ട്.
യുട്യൂബിൽ വരുമാനം ലഭിക്കുന്നതിന് നിശ്ചിത എണ്ണം വ്യൂസും സബ്‌സ്‌ക്രൈബേഴ്‌സും ആവശ്യമാണ്. ഇത് എളുപ്പത്തിൽ നേടാൻ ചിലർ ഫോൺ ഫാമിങ്ങിനെ ആശ്രയിക്കാറുണ്ട്. ഒരേ സ്ഥലത്തിരുന്ന് ഒരേ വൈഫൈ ഉപയോഗിച്ചാൽ യൂട്യൂബ് ഇത് കണ്ടുപിടിക്കും. അതിനാൽ, ഓരോ ഫോണും വ്യത്യസ്തസ്ഥലങ്ങളിൽ നിന്നാണെന്ന് തോന്നിപ്പിക്കാൻ വി.പി.എൻ (VPN) അല്ലെങ്കിൽ പ്രോക്സി (Proxy) സെർവറുകൾ ഉപയോഗിക്കുന്നു.
ഇതുവഴി, പല രാജ്യങ്ങളിൽനിന്നുള്ള ആളുകൾ വിഡിയോ കാണുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നു. ഇങ്ങനെ ഐ.പി അഡ്രസ് മാറ്റി റീച്ച് കൂട്ടുന്ന രീതിയുമുണ്ട്. വിഡിയോ കാണുന്നതിനു പുറമെ ലൈക്ക്, കമന്‍റ്, ഷെയർപോലുള്ള വ്യാജ എൻഗേജ്മെന്‍റുകൾ സൃഷ്ടിച്ച് തട്ടിപ്പിനെ കൂടുതൽ ജെനുവിനാക്കാനും ഈ ഫോൺ ഫാമിങ്ങിനു കഴിയും. എന്നാൽ, യൂട്യൂബ് ഇത് കണ്ടെത്തിയാൽ ‘ഇൻവാലിഡ് ട്രാഫിക്’ എന്ന പേരിൽ ചാനൽ ശാശ്വതമായി നീക്കം ചെയ്യപ്പെടാം.
ആഡ്‌സെൻസ് അക്കൗണ്ട് റദ്ദാക്കപ്പെടാനും, അതുവരെ ഉണ്ടാക്കിയ വരുമാനം നഷ്ടപ്പെടാനും ഇതുവഴി സാധ്യതയുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ വ്യൂസ് യൂട്യൂബ് പിന്നീട് നീക്കംചെയ്യാറുണ്ട്. ഡിജിറ്റൽ ലോകത്തെ ഏറ്റവും വലിയ തടിപ്പുകളിലൊന്നായി ഫോൺ ഫാമിങ് മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

