Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടിം കുക്ക് പടിയിറങ്ങിയതിനു പിന്നാലെ ആപ്പിളിൽ വൻ അഴിച്ചുപണി; ഫിൽ ഷില്ലർ ആപ്പ് സ്റ്റോറിന്റെ ചുമതലയൊഴിഞ്ഞു

text_fields
bookmark_border
https://www.madhyamam.com/tags/apple
cancel

ആപ്പിൾ തലപ്പത്ത് വൻ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. സി.ഇ.ഒ ടിം കുക്ക് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ കമ്പനിയുടെ മറ്റൊരു മുതിർന്ന എക്സിക്യൂട്ടീവായ ഫിൽ ഷില്ലറും തന്റെ ചുമതലകളിൽ നിന്ന് പിന്മാറുകയാണ്. പുതിയ സി.ഇ.ഒ ആയി ജോൺ ടെർനസ് ചുമതലയേൽക്കുന്ന വേളയിലാണ് ആപ്പിളിന്റെ നിർണായക വ്യക്തികളിലൊരാളായ ഷില്ലർ പടിയിറങ്ങുന്നത്.

ആപ്പ് സ്റ്റോറിന്റെയും ആഗോള ഉൽപ്പന്ന ലോഞ്ച് ഇവന്റുകളുടെയും ചുമതലകളിൽ നിന്നാണ് ഫിൽ ഷില്ലർ ഒഴിഞ്ഞിരിക്കുന്നത്. എന്നാൽ ആപ്പിൾ കമ്പനിയുമായി അദ്ദേഹം പൂർണ്ണമായി ബന്ധം വിച്ഛേദിക്കുന്നില്ല. ആപ്പിൾ ഫെല്ലോ എന്ന പദവിയിൽ അദ്ദേഹം കമ്പനിയിൽ തുടർന്നു പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ആപ്പിളിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഫിൽ ഷില്ലർ. സ്റ്റീവ് ജോബ്സിനൊപ്പവും ടിം കുക്കിനൊപ്പവും ചേർന്ന് ഐഫോൺ, ഐപാഡ്, ഐപോഡ്, മാക് കമ്പ്യൂട്ടറുകൾ തുടങ്ങിയ ആപ്പിളിന്റെ എക്കാലത്തെയും മികച്ച ഉൽപ്പന്നങ്ങളുടെ രൂപീകരണത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ സ്റ്റീവ് ജോബ്സിനൊപ്പം ആപ്പ് സ്റ്റോറിന്റെ തുടക്കത്തിനും അദ്ദേഹം നേതൃത്വം നൽകി.

ഷില്ലർ ഒഴിഞ്ഞതോടെ ആപ്പ് സ്റ്റോറിന്റെ ചുമതല എഡ്ഡി ക്യൂ നേതൃത്വം നൽകുന്ന സർവീസസ് ഡിവിഷനിലേക്ക് മാറ്റാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഉൽപ്പന്ന അവതരണ ചടങ്ങുകളുടെ മേൽനോട്ടം 2023 മുതൽ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായി പ്രവർത്തിക്കുന്ന നോല വെയിൻസ്റ്റീനും ഏറ്റെടുക്കും. ഐഫോൺ 18 പ്രൗ സീരീസ് അവതരിപ്പുന്ന ഇവന്‍റിന് മുന്നോടിയായാണ് ഈ മാറ്റമെന്നതും ശ്രദ്ധേയമാണ്.

ടിം കുക്കിനൊപ്പം ആപ്പിളിന്റെ പഴയ നിരയിലെ പ്രമുഖരായ ജെഫ് വില്യംസ്, ലൂക്കാ മാസ്ട്രി തുടങ്ങിയവരും ഇതിനോടകം തങ്ങളുടെ ചുമതലകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ നേതൃത്വത്തിന് കീഴിൽ ആപ്പിൾ ഒരു പുതിയ ഘട്ടത്തിലേക്ക് ചുവടുവെക്കുമ്പോൾ, ഈ മാറ്റങ്ങൾ കമ്പനിയിൽ വലിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Phil Schiller steps down as head of the App Store
Next Story