പേടിഎമ്മിൽ ഇനി എഐയും; പേയ്മെന്‍റ് വിവരങ്ങൾ ഇനി എഐയിലൂടെ അറിയാം
text_fieldsഇനി മുതൽ നിങ്ങളുടെ പേയ്മെന്‍റ് വിവരങ്ങൾ കൂടുതൽ വേഗത്തിൽ പരിശോധിക്കാം. പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് ആപ്പായ പേടിഎമ്മിൽ ഇനി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും. ആന്ത്രോപിക് വികസിപ്പിച്ച ക്ലൗഡ് എഐ പ്ലാറ്റ്‌ഫോമുമായി സഹകരിച്ചാണ് പേടിഎം പുതിയ സേവനം നടപ്പിലാക്കാൻ പോകുന്നത്. ഇതുവഴി ഇടപാടുകൾ, റീഫണ്ടുകൾ, സെറ്റിൽമെന്റ് വിവരങ്ങൾ, തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ വ്യത്യസ്ത ഡാഷ്ബോർഡുകളുടെ ആവശ്യമില്ല.
പേടിഎം പേയ്‌മെന്റ് ഗേറ്റ്‌വേ സേവനങ്ങൾ ഉപയോഗിക്കുന്ന വ്യാപാരികൾക്ക് ഇനി മുതൽ ലളിതമായ എഐ നിർദ്ദേശങ്ങളിലൂടെ തങ്ങളുടെ പേയ്‌മെന്റ് വിവരങ്ങൾ പരിശോധിക്കാനാകും. വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ് ആണ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചത്. മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോക്കോൾ വഴിയാണ് പേടിഎം പേയ്‌മെന്റ് ഗേറ്റ്‌വേ ക്ലോഡുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വ്യാപാരികൾക്ക് ഇടപാടുകൾ, റീഫണ്ടുകൾ, സെറ്റിൽമെന്റ് വിവരങ്ങൾ, റീകൺസിലിയേഷൻ കണക്കുകൾ എന്നിവ ഡാഷ്ബോർഡുകൾ മാറി മാറി നോക്കാതെ തന്നെ എഐ വഴി ചോദിച്ചറിയാം.
ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ഓരോ തവണയും റിപ്പോർട്ടുകളോ ഡാഷ്ബോർഡുകളോ പരിശോധിക്കേണ്ടി വരുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകും. തങ്ങൾ നൽകുന്ന അനുമതികൾ പ്രകാരം മാത്രമേ ക്ലോഡിന് പേടിഎം വിവരങ്ങൾ ലഭ്യമാകൂ. ഇടപാടുകൾ നടപ്പിലാക്കുന്നതിനോ റീഫണ്ട് നടപടികൾക്കോ ഉള്ള നിയന്ത്രണം പേടിഎമ്മിന്റെ നിലവിലെ സുരക്ഷാ സംവിധാനങ്ങളിൽ തന്നെ തുടരും.
ഡെവലപ്പർമാർക്കും ബിസിനസ്സുകാർക്കും തങ്ങളുടെ പേയ്‌മെന്റ് വിവരങ്ങൾ അതിവേഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ്സ് നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള പേടിഎമ്മിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭമെന്ന് കമ്പനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

