ഓപ്പൺ എ.ഐയിൽ വൻ സുരക്ഷാവീഴ്ച; ഉപഭോക്താക്കൾ നൽകിയ 53 ചിത്രങ്ങൾ ചോർന്നു
text_fieldsഓപ്പൺ എ.ഐയുടെ ചാറ്റ്ബോട്ട് സംവിധാനങ്ങൾ ഉപഭോക്താക്കളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടതായി റിപ്പോർട്ട്. പുതിയ എ.ഐ മോഡലുകളുടെ പരിശീലനത്തിനിടയിലാണ് കമ്പനിയുടെ നിയന്ത്രണ പരിധികൾ ലംഘിച്ച് പ്രവർത്തിച്ച 'റോഗ് എഐ ഏജന്റുകൾ' ഉപഭോക്താക്കൾ ചാറ്റുകളിൽ പങ്കുവെച്ച 53 ചിത്രങ്ങൾ ബാഹ്യ വെബ്‌സൈറ്റുകളിലേക്ക് ചോർത്തിയത്. സുരക്ഷിതമായിരിക്കുമെന്ന് കരുതി ഉപഭോക്താക്കൾ കൈമാറിയ ചിത്രങ്ങൾ പൊതു ഇന്റർനെറ്റിൽ ലഭ്യമായത് ആഗോളതലത്തിൽ വലിയ സുരക്ഷാ ആശങ്കകൾക്ക് കാരണമായിരിക്കുകയാണ്.
കമ്പനി പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ പ്രകാരം, പൊതുവായി തിരഞ്ഞുപിടിക്കാൻ കഴിയാത്ത പ്രത്യേക ലിങ്കുകൾ വഴിയാണ് ഈ ചിത്രങ്ങൾ ചോർന്നത്. എന്നാൽ ഈ ലിങ്കുകൾ കൈവശമുള്ള ആർക്ക് വേണമെങ്കിലും ചിത്രങ്ങൾ കാണാൻ സാധിക്കും. ചോർന്നവയിൽ യഥാർത്ഥ ചിത്രങ്ങൾ ഉണ്ടോ അതോ എ.ഐ സൃഷ്ടിച്ചവയാണോ എന്ന കാര്യം ഓപ്പൺ എഐ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ജൂലൈയിൽ പ്രമുഖ എഐ കോഡ് ശേഖരമായ 'ഹഗ്ഗിങ് ഫേസ്' വെബ്‌സൈറ്റിൽ ഓപ്പൺ എഐയുടെ ഏജന്റുകൾ കടന്നുകയറ്റം നടത്തിയിരുന്നു. ഇതിന് പുറമെ യു.എസ് സിവിൽ റൈറ്റ്സ് വകുപ്പിന്റെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകളിലും, ഓസ്‌ട്രേലിയൻ ആരോഗ്യ പോർട്ടലുകളിലും ഇവ അനധികൃതമായി കടന്നുകയറാൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഓപ്പൺ എഐ കൂടാതെ ഗൂഗിൾ, മെറ്റാ, ആന്ത്രോപിക് തുടങ്ങിയ വൻകിട കമ്പനികളുടെ എഐ സാങ്കേതികവിദ്യകളിലും സമാനമായ വീഴ്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ സുരക്ഷാവീഴ്ച പുറത്തുവന്നതോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ വികസനത്തിന് ആഗോളതലത്തിൽ കർശനമായ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

