`ഓപൺ എ.ഐ മൈക്രോസോഫ്റ്റിനെ ജീവനോടെ വിഴുങ്ങും'; സത്യ നദെല്ലക്ക് മസ്കിന്‍റെ മുന്നറിയിപ്പ്
text_fieldsഇലോൺ മസ്ക്, സത്യ നദെല്ല
കഴിഞ്ഞ ദിവസമാണ് സാം ആൾട്ട്മാൻ ഓപൺ എ.ഐയുടെ ഏറ്റവും പുതിയ എ.ഐ മോഡലായ ജി.പി.ടി-5 പുറത്തിറക്കിയത്. തൊട്ടുപിന്നാലെ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്. ഓപൺ എ.ഐ മൈക്രോസോഫ്റ്റിനെ ജീവനോടെ വിഴുങ്ങുമെന്നാണ് മസ്കിന്‍റെ മുന്നറിയിപ്പ്.
മൈക്രോസോഫ്റ്റിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ജിപിടി-5 അവതരിപ്പിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല എക്‌സിൽ പങ്കുവെച്ചിരുന്നു. പോസ്റ്റിന് കീഴിലാണ് ഇലോണ്‍ മസ്‌കിന്‍റെ മുന്നറിയിപ്പ്.
ഇന്ന് മൈക്രോസോഫ്റ്റ് 365 കോപൈലറ്റ്, കോപൈലറ്റ്, ഗിറ്റ്ഹബ് കോപൈലറ്റ്, അസൂർ എ.ഐ ഫൗണ്ടറി എന്നിവയുൾപ്പെടെ ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലുടനീളം ജി.പി.ടി-5 ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. തങ്ങളുടെ പങ്കാളിയായ ഓപണ്‍ എ.ഐയില്‍ നിന്ന് ഇതുവരെയുണ്ടായതില്‍ ഏറ്റവും കഴിവുള്ള മോഡലാണിത്. റീസണിങ്, കോഡിങ്, ചാറ്റ് എന്നിവയില്‍ നൂതനമായ അപ്ഡേഷനോട് കൂടിയതാണ് ഇതെന്നുമായിരുന്നു നദെല്ലയുടെ പോസ്റ്റ്.
ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ റെഡ്മണ്ടിൽ ബിംഗിൽ ജിപിടി-4 അവതരിപ്പിക്കാൻ തന്നോടൊപ്പം ചേർന്നിട്ട് രണ്ടര വർഷമേ ആയിട്ടുള്ളുവെന്നും അതിനുശേഷം ഉണ്ടായ പുരോഗതി 'അവിശ്വസനീയമാണെന്നും' നദെല്ല പറഞ്ഞു. അതിന് താഴെയാണ് ‘ഓപൺ എ.ഐ മൈക്രോസോഫ്റ്റിനെ ജീവനോടെ വിഴുങ്ങുന്നു’ എന്ന കുറിപ്പിട്ടത്.
‘50 വർഷമായി ആളുകൾ അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഇതിന്റെ രസം! ഓരോ ദിവസവും നിങ്ങൾ പുതിയ എന്തെങ്കിലും പഠിക്കുന്നു, നവീകരിക്കുന്നു, പങ്കാളികളാക്കുകയും മത്സരിക്കുകയും ചെയ്യുന്നു. അസൂരിൽ ഗ്രോക്ക്-4 വന്നതിൽ ഞങ്ങൾ ആവേശഭരിതനാണ്. ഗ്രോക്ക്-5നായി കാത്തിരിക്കുന്നു’ എന്നായിരുന്നു മസ്കിന്‍റെ പരാമർശത്തിന് സത്യ നദെല്ലയുടെ പ്രതികരണം.
ആഴത്തിലുള്ള സംഭാഷണങ്ങളും ടെക്സ്റ്റ്, സംസാരം, വിഡിയോ, ആംഗ്യം, സ്പർശനം എന്നു തുടങ്ങി മുഖഭാവം കൊണ്ടുവരെയുള്ള വ്യത്യസ്ത സങ്കേതങ്ങൾ വഴി (multimodal engagement) ഉപയോഗിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ജി.പി.ടി-5 പുറത്തിയിരിക്കുന്നത്. GPT-4o (ഓംനി)ന്റെ അടിസ്ഥാനത്തിൽ ഒരുക്കിയ പുതിയ പതിപ്പ് മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നതുമാത്രമല്ല എ.ഐയെ കൂടുതൽ സംഭാഷണപരവും സഹജവുമാക്കുന്നുവെന്നും അവകാശപ്പെടുന്നു.
ഇമോഷനൽ ഇന്റലിജൻറ്സാണ് കമ്പനി അവകാശപ്പെടുന്ന പ്രധാന ഫീച്ചർ. കുറേക്കൂടി മനുഷ്യരൂപത്തിൽ മനസ്സിലാക്കാനും വിദ്യാഭ്യാസം മുതൽ ചികിത്സ വരെ വിവിധ ഉപയോഗങ്ങളിൽ കൂടുതൽ ഫലപ്രദമായ സഹായിയാകാനും ഇതിന് കഴിയും.
ജി.പി.ടി- 5 കൂടുതല്‍ മികച്ചതും വേഗമേറിയതും തെറ്റുകള്‍ വരുത്താനുള്ള സാധ്യത കുറവുമാണ്. ജി.പി.ടി-5 ഒരു പി.എച്ച്.ഡി തലത്തിലുള്ള വ്യക്തിയുമായി സംസാരിക്കുന്നതിന് സമാനമായ അനുഭവമാണ് നല്‍കുന്നതെന്നാണ് സാം ആൾട്ട്മാൻ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

