ചാറ്റ് ജി.പി.ടിയെ കണ്ണടച്ച് വിശ്വസിക്കുന്നവരാണോ? അമിതമായി വിശ്വസിക്കുന്നത് അപകടമെന്ന് സാം ആൾട്ട്മാൻ
text_fieldsനിസാര കാര്യങ്ങൾക്കു മുതൽ അക്കാദമിക ആവശ്യങ്ങൾക്ക് വരെ ചാറ്റ് ജി.പി.ടിയെ ആശ്രയിക്കുന്നവരായി നമ്മളിൽ പലരും മാറിയിരിക്കുന്നു. കൂടാതെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കുന്നതിനും ചാറ്റ് ജി.പിടിയെ ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ ഓപൺ. എ.ഐ സി.ഇ.ഒ തന്നെ കമ്പനിയുടെ എ.ഐ ചാറ്റ്ബോട്ടായ ചാറ്റ് ജി.പിടിയെ ഉപയോക്താക്കൾ കണ്ണടച്ച് വിശ്വസിക്കുന്നതിൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഓപൺ. എ.ഐയുടെ ഔദ്യോഗിക പോഡ്‌കാസ്റ്റിന്റെ ഉദ്ഘാടന എപ്പിസോഡിൽ സംസാരിക്കവെയാണ് ചാറ്റ് ജി.പിടിയിൽ ആളുകൾ ഉയർന്ന തോതിലുള്ള വിശ്വാസം അർപ്പിക്കുന്നതിനെക്കുറിച്ച് പറയുന്നത്. 'എ.ഐക്ക് തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയും. ആയതിനാൽ പരിധിയിൽ കവിഞ്ഞ വിശ്വാസം ചാറ്റ് ജി.പി.ടിയുടെമേൽ വെച്ച് പുലർത്തരുത്'. അദ്ദേഹം പറഞ്ഞു.
ചാറ്റ് ജി.പി.ടിയെ ആളുകള്‍ അമിതമായി വിശ്വസിക്കുന്നത് കൗതുകമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. എ.ഐ ഭ്രമിക്കുന്നതാണെന്നും അത്രയധികം വിശ്വസിക്കാത്ത സാങ്കേതിക വിദ്യയായിരിക്കണം ഇതെന്നും സാം ആള്‍ട്ട്മാന്‍ പറഞ്ഞു. കൃത്രിമ ബുദ്ധിയെ അമിതമായി വിശ്വസിക്കുന്നത് അപകടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാറ്റ് ജി.പി.ടിയിൽ പുതിയ ഫീച്ചറുകൾ വികസിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴും സാങ്കേതികവിദ്യക്ക് പരിമിതികളുണ്ടെന്നും അവ സുതാര്യതയോടു കൂടി പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമീപകാലത്ത് കൊണ്ടുവന്ന അപ്ഡേറ്റുകളിൽ സ്വകാര്യതാ ആശങ്കകൾ ഉയരുന്നുണ്ടെന്നും ആൾട്ട്മാൻ അഭിപ്രായപ്പെട്ടു.
ഉള്ളടക്ക ഉപയോഗത്തിന്റെയും പകർപ്പവകാശ പ്രശ്‌നങ്ങളുടെയും പേരിൽ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ നിന്ന് ഓപ്പൺ എ.ഐ നിയമപരമായ വെല്ലുവിളികൾ നേരിടുന്നുണ്ട്.
എ.ഐയുടെ വ്യാപക ഉപയോഗത്തിന് പുതിയ ഹാര്‍ഡ് വെയർ ആവശ്യമില്ലെന്ന മുന്‍ നിലപാടും സാം ആള്‍ട്ട്മാന്‍ തിരുത്തി. എ.ഐ ഇല്ലാത്ത ലോകത്തിനു വേണ്ടിയാണ് നിലവിലെ കമ്പ്യൂട്ടറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എ.ഐ കൂടുതല്‍ പ്രചാരത്തിലാകുമ്പോള്‍ പുതിയ ഉപകരണങ്ങള്‍ ആവശ്യമായി വരുമെന്നാണ് മുന്‍ നിലപാട് തിരുത്തി ആള്‍ട്ട്മാന്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

