ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ അവതരിപ്പിക്കാൻ ഓപ്പൺ എ.ഐ; സൗജന്യ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ നീക്കം
text_fieldsന്യൂയോർക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ആശ്രയിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ ഓപ്പൺ എ.ഐ തീരുമാനം. കമ്പനിയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വരുമാന മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും എ.ഐ സേവനങ്ങളുടെ ഉയർന്ന ചെലവ് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. ആദ്യഘട്ടത്തിൽ 'സൗജന്യ ഉപയോക്താക്കൾ'ക്കും ''ചാറ്റ് ജി.പി.ടി ഗോ' എന്ന കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്ഷൻ പ്ലാനിലുള്ളവർക്കുമാണ് പരസ്യങ്ങൾ കാണിക്കുക.എന്നാൽ പ്ലസ്, പ്രോം, എന്റർപ്രൈസ് പോലുള്ള പ്രീമിയം പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് പരസ്യങ്ങൾ ഉണ്ടാകില്ലെന്ന് ഓപ്പൺ എ.ഐ വ്യക്തമാക്കി.
ചാറ്റ് ജി.പി.ടി നൽകുന്ന മറുപടികളുടെ അവസാന ഭാഗത്ത് 'സ്പോൺസേഡ്'എന്ന് വ്യക്തമായ അടയാളത്തോടെയാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. പരസ്യങ്ങൾ ചാറ്റ് ജി.പി.ടിയുടെ യഥാർത്ഥ മറുപടികളെ സ്വാധീനിക്കില്ലെന്നും ഉപയോക്താക്കളുടെ സംഭാഷണങ്ങൾ പരസ്യദാതാക്കളുമായി പങ്കുവെയ്ക്കില്ലെന്നും സാം ആൾട്ട്മാൻ ഉറപ്പുനൽകി.
ഇൻസ്റ്റാഗ്രാമിലെ പരസ്യ സംവിധാനത്തെ ഉദാഹരണമായി പരാമർശിച്ച ആൾട്ട്മാൻ ഉപയോക്താക്കളെ അലട്ടാത്തതും പ്രയോജനകരവുമായ പരസ്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. അത് സ്വകാര്യതക്കും സുരക്ഷയ്ക്കും മുൻഗണന നൽകുമെന്നും കമ്പനി അറിയിച്ചു.
18 വയസ്സിന് താഴെയുള്ളവർക്ക് പരസ്യങ്ങൾ കാണാൻ കഴിയില്ല. അതുപോലെ ആരോഗ്യം, മാനസികാരോഗ്യം, രാഷ്ട്രീയം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിലും പരസ്യങ്ങൾ അനുവദിക്കില്ലെന്നും ഓപ്പൺ എ.ഐ വ്യക്തമാക്കി. ചാറ്റ് ജി.പി.ടി പോലുള്ള വലിയ എ.ഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ വരുന്ന വൻ ചെലവ് കണക്കിലെടുത്താണ് പരസ്യ വരുമാനം ഒരു പുതിയ വഴിയായി കമ്പനി സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

