എ.ഐ ഇനി ജോലിയും കണ്ടെത്തും
text_fieldsനിർമിതബുദ്ധി നമ്മുടെ ജോലി കളയുമോ എന്ന ഭയമായിരുന്നു ഇത്രയും കാലം. എന്നാൽ, അതേ നിർമിതബുദ്ധി നമുക്ക് തൊഴിൽ കണ്ടെത്തി തരും എന്നുപറഞ്ഞാൽ വിശ്വസിക്കുമോ? ഉദ്യോഗാർഥികളെയും കമ്പനികളെയും തമ്മിൽ ബന്ധിപ്പിക്കുക എന്ന ജോലിയാണ് എ.ഐ ഏറ്റെടുത്തിരിക്കുന്നത്.
ഉദ്യോഗാർഥികളെ അവരുടെ കഴിവിനനുസരിച്ച് അനുയോജ്യമായ കമ്പനികളുമായി ബന്ധിപ്പിക്കുന്നതിന് എ.ഐ ഒരു മീഡിയേറ്ററായി പ്രവർത്തിക്കുന്നു. പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപൺ എ.ഐയാണ് ഈ പ്ലാറ്റ്ഫോം മുന്നോട്ടുവെക്കുന്നത്. നിർമിത ബുദ്ധി അധിഷ്ഠിതമായ പുതിയ തൊഴിൽ പ്ലാറ്റ്ഫോമാണ് ഓപൺ എ.ഐ വികസിപ്പിക്കുന്നത്. 2026 മധ്യത്തോടെ ആരംഭിക്കാൻ പോകുന്ന ഈ പ്ലാറ്റ്ഫോം ‘ഓപൺ എ.ഐ ജോബ്സ് പ്ലാറ്റ്ഫോം’ എന്നാണ് അറിയപ്പെടുന്നത്. എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാറ്റ്ഫോം രൂപകൽപന ചെയ്തിരിക്കുന്നത്.
കമ്പനികളുടെയും ഉദ്യോഗാർഥികളുടെയും ആവശ്യങ്ങളെ കൃത്യമായി മനസ്സിലാക്കി അവ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മാച്ചിങ് സിസ്റ്റമായി ഇത് പ്രവർത്തിക്കുന്നു. വലിയ കമ്പനികളെ മാത്രമല്ല ഇത് ലക്ഷ്യമിടുന്നത്. ചെറുകിട സ്ഥാപനങ്ങൾക്കും കമ്യൂണിറ്റി സംഘടനകൾക്കും അവർക്ക് ആവശ്യമായ എ.ഐ ഏജന്റുമാരെ നിയമിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു. സർക്കാറുകൾക്കും ഇത് സഹായകമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സംവിധാനത്തിലൂടെ എ.ഐ പ്രഫഷനുകളിലേക്കും യോഗ്യതയുള്ള മറ്റു അപേക്ഷകരിലേക്കും കമ്പനികളെ എത്തിക്കുന്നു. പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
എ.ഐ മേഖലയിൽ കൂടുതൽ പഠന സാധ്യതകളും ഈ പ്ലാറ്റ്ഫോം നൽകുന്നുണ്ട്. പ്രോംറ്റ് എൻജിനീയറിങ് മുതൽ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ ഈ പ്ലാറ്റ്ഫോമിലൂടെ പഠിപ്പിക്കുന്നു. സൗജന്യ ലേണിങ് പ്ലാറ്റ്ഫോമായ ഓപൺ എ.ഐ അക്കാദമി ഉപയോഗിച്ച് ഓപൺ എ.ഐ സർട്ടിഫിക്കറ്റുകളും ഇതിലൂടെ ലഭിക്കുന്നു. ഉദ്യോഗാർഥികളെ എ.ഐ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ജോൺ ഡീർ, വാൾമാർട്ട്, ആക്സെഞ്ചർ, ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ് എന്നിവ ഇതിനകംതന്നെ പങ്കാളികളാണ്. ജോബ് സെർച്ചിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇനിന് ഇത് കടുത്ത മത്സരമായിരിക്കും സൃഷ്ടിക്കുക. നിലവിൽ തൊഴിൽ കണ്ടെത്തുന്നതിനായി ഉദ്യോഗാർഥികളും കമ്പനികളും ആശ്രയിക്കുന്നത് ലിങ്ക്ഡ് ഇൻ വെബ്സൈറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

