ടാബുകൾ നിയന്ത്രിക്കാനും വിവരങ്ങൾ അറിയാനും ഇനി ചാറ്റ്ജിപിടി; പുതിയ ക്രോം ഫീച്ചറുകൾ പ്രഖ്യാപിച്ച് ഓപ്പൺഎഐ
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ഓപ്പൺഎഐ. ഗൂഗിൾ ക്രോം ബ്രൗസറുമായി ചാറ്റ്ജിപിടിയെ കൂടുതൽ ബന്ധിപ്പിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പുതിയ അപ്ഡേറ്റുകൾ കമ്പനി പുറത്തുവിട്ടത്. പുതിയ ഫീച്ചറുകൾ ഉപയോക്താക്കളുടെ ബ്രൗസിംഗ് അനുഭവം കൂടുതൽ എളുപ്പമാക്കും.
ബ്രാസറിലെ ഓപ്പൺ ടാബുകളിൽ നിന്നുള്ള വിവരങ്ങളും സന്ദർഭങ്ങളും മനസ്സിലാക്കാൻ ഇനി ചാറ്റ്ജിപിടിക്ക് സാധിക്കും. ഉദാഹരണത്തിന്, വിവിധ ടാബുകളിലായി തുറന്നിരിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് ഉപയോക്താവിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഏറ്റവും മികച്ച ഓപ്ഷനുകൾ എഐക്ക് തെരഞ്ഞെടുത്ത് നൽകാനാകും.
ചാറ്റ്ജിപിടി വർക്ക് ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മറ്റ് ടാബുകളിലെ ആക്ഷനുകൾ നിയന്ത്രിക്കാം. ഫയലുകൾ ഡൗൺലോഡ് ചെയ്യുക, സന്ദേശങ്ങൾ അയക്കുക, ഫോമുകൾ പൂരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ എഐ തനിയെ ചെയ്യും. കൂടാതെ, ടാബുകൾ കൃത്യമായി ഓർഗനൈസ് ചെയ്യാനും കാറ്റഗറികളായി തിരിക്കാനും ഇത് സഹായിക്കും.
ഗൂഗിൾ ക്രോം സൈഡ്ബാറിൽ ലഭ്യമാകുന്ന ചാറ്റ്ജിപിടി എക്സ്റ്റൻഷൻ കൂടുതൽ കരുത്തുറ്റതാക്കിയിട്ടുണ്ട്. മറ്റ് ടാബുകളിലേക്ക് മാറാതെ തന്നെ റിപ്പോർട്ടുകളും ആർട്ടിക്കിളുകളും വെബ്പേജുകളും ചുരുക്കാനും ഇമെയിൽ ഡ്രാഫ്റ്റുകൾ തയ്യാറാക്കാനും ഇതിലൂടെ സാധിക്കും. ചാറ്റ്ജിപിടി ഹിസ്റ്ററിയും പ്ലഗിനുകളും ഉപയോഗിച്ച് ഓഫീസ് ഇൻവെന്ററി ഫോമുകൾ പൂരിപ്പിക്കുകയോ റസീപ്റ്റുകൾ സമർപ്പിക്കുകയോ പോലുള്ള സങ്കീർണ്ണമായ ജോലികളും എക്സ്റ്റൻഷൻ വഴി എളുപ്പമാക്കാം.
പണം നൽകി ഉപയോഗിക്കുന്ന പ്ലാനുകൾ മാത്രമല്ല, സൗജന്യമായി ചാറ്റ്ജിപിടി ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും ഈ പുതിയ ക്രോം ഫീച്ചറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ക്രോം എക്സ്റ്റൻഷൻ ഡൗൺലോഡ് ചെയ്ത് ഇന്നുമുതൽ ഈ സേവനങ്ങൾ ഉപയോഗിച്ചുതുടങ്ങാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

