സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് 'ഓൺലൈൻ സുഹൃത്ത്' ബാങ്ക് ജീവനക്കാരിയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ
text_fieldsപുനെ: മഹാരാഷ്ട്രയിൽ ഓൺലൈൻ തട്ടിപ്പിനിരയായി ബാങ്ക് ജീവനക്കാരിക്ക് നഷ്ടമായത് 6.93 ലക്ഷം രൂപ. സൗഹൃദം നടിച്ച് സമ്മാനങ്ങൾ അയച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് സൈബർ കുറ്റവാളി യുവതിയിൽ നിന്ന് പലതവണയായി പണം തട്ടുകയായിരുന്നു.
കഴിഞ്ഞ വർഷം മെയ് 20നും മെയ് 24നും ഇടയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്, വെരിഫിക്കേഷൻ പ്രക്രിയയ്ക്ക് ശേഷം, യുവതി ഇത് സംബന്ധിച്ച് പരാതി നൽകാൻ പിംപ്രി ചിഞ്ച്‌വാഡ് പൊലീസിന്റെ സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു. സമഗ്രമായ അന്വേഷണത്തിന് ശേഷം വ്യാഴാഴ്ച ഐപിസിയിലെയും ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (ഐടി) നിയമത്തിലെയും വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
പൊലീസ് സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ:- കഴിഞ്ഞ മെയ് 20ന് തട്ടിപ്പുകാരൻ യുവതിക്ക് സമൂഹ മാധ്യമത്തിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ആളെ പരിചയമില്ലാത്തതിനാൽ, ബാങ്ക് ജീവനക്കാരി അയാളുടെ പ്രൊഫൈൽ പരിശോധിക്കുകയും ഫ്രണ്ട് ലിസ്റ്റിൽ വാക്കഡിൽ നിന്നുള്ള ഒരു സ്ത്രീയെ കണ്ടെത്തുകയും ചെയ്തു. അവരോട് യുവാവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ 'താൻ യുഎസിലാണെന്നും യുവാവിനെ അടുത്തറിയാമെന്നും' അവർ മറുപടി പറഞ്ഞു. അതോടെ ഇരയായ യുവതി അയാളുടെ റിക്വസ്റ്റ് സ്വീകരിക്കുകയായിരുന്നു.
നിരവധി ചാറ്റുകൾക്ക് ശേഷം, തട്ടിപ്പുകാരൻ യുവതിയോട് താൻ പോളണ്ടുകാരനാണെന്നും യു.കെ നേവിയിൽ ജോലിക്കാരനാണെന്നും പറഞ്ഞു. അതിനിടെ, സമ്മാനങ്ങൾ അയച്ചുതരാമെന്ന വാഗ്ദാനത്തിൽ യുവതിയുടെ വിലാസം ചോദിക്കുകയും താൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് അവരോട് പറയുകയും ചെയ്തിരുന്നു.
മെയ് 24നായിരുന്നു തട്ടിപ്പുകാരൻ തന്‍റെ വജ്രായുധം പുറത്തെടുത്തത്. ഡൽഹി എയർപോർട്ട് കസ്റ്റംസിൽ താൻ അയച്ച പാഴ്സൽ കുടുങ്ങിയെന്നും അത് വിട്ടുനൽകാൻ 28,500 രൂപ നൽകണമെന്നും കാട്ടി അജ്ഞാത നമ്പറിൽ നിന്ന് പരാതിക്കാരിക്ക് സന്ദേശം ലഭിച്ചു. തട്ടിപ്പുകാരന്റെ ദുരുദ്ദേശത്തെക്കുറിച്ച് അറിയാതെ യുവതി മേൽപ്പറഞ്ഞ തുക നൽകിയെങ്കിലും പാഴ്സൽ സ്കാൻ ചെയ്തപ്പോൾ അതിൽ വിദേശ കറൻസി കണ്ടെത്തി.
അതോടെ യുവതി ഓൺലൈൻ സുഹൃത്തിനോട് ഇതേ കുറിച്ച് ചോദിക്കുകയും എന്തിനാണ് പണം അയച്ചതെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാൽ, ഇത് നിയമപരമാണെന്ന് പറഞ്ഞ അയാൾ കള്ളപ്പണം വെളുപ്പിക്കൽ സർട്ടിഫിക്കറ്റിനായി 1.85 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും യുവതിയോട് ആവശ്യപ്പെട്ടുവെന്നും അവർ അത് സമ്മതിച്ചെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
തട്ടിപ്പുകാരൻ അവിടെയും നിർത്തിയില്ല, ബ്രിട്ടീഷ് പൗണ്ട് ഇന്ത്യൻ രൂപയാക്കി മാറ്റാൻ 4.80 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ട് യുവതിക്ക് വീണ്ടും ഫോൺ കാൾ വന്നു. പണം നൽകാൻ തയ്യാറാവാത്തതോടെ നൽകിയില്ലെങ്കിൽ വീട്ടുകാരടക്കം നിയമപ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് തട്ടിപ്പുകാരനും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തിയതോടെ ഒടുവിൽ വഴങ്ങേണ്ടിവന്നു. പിന്നീട് 6.80 ലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. ഇതോടെ അവർ ഫോൺ കാളുകൾ എടുക്കുന്നത് നിർത്തുകയും ഇക്കാര്യത്തിൽ പരാതി നൽകാൻ പൊലീസിനെ സമീപിക്കുകയും ചെയ്തു.
അതേസമയം, വിശദമായ അന്വേഷണത്തിൽ തട്ടിപ്പുകാരുടെ ഐ.പി അഡ്രസ് കണ്ടുപിടിച്ച പൊലീസ് അവർ ആഫ്രിക്കൻ രാജ്യം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.