ഓൺലൈൻ തട്ടിപ്പ് വർധിക്കും; വാട്‌സ്ആപിന്റെ പുതിയ ഫീച്ചറിനെതിരെ കേന്ദ്രം
text_fieldsന്യൂഡൽഹി: ജനപ്രിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ വാട്‌സ്ആപ് അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ 'യൂസർ ഐ.ഡി' ഫീച്ചറിനെതിരെ കേന്ദ്ര സർക്കാർ. രാജ്യത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കാൻ ഈ പുതിയ സംവിധാനം കാരണമായേക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും ആവശ്യമെങ്കിൽ വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് നോട്ടീസയച്ച് വിശദീകരണം തേടുമെന്നും കേന്ദ്രം അറിയിച്ചു.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഫോൺ നമ്പറിന് പകരം യൂസർനെയിം ഉപയോഗിക്കാനുള്ള ഫീച്ചർ കൊണ്ടുവരുന്നതെന്ന് മെറ്റ വ്യക്തമാക്കുന്നു. നിലവിലെ സംവിധാനത്തിൽ ഫോൺ നമ്പറുള്ള ആർക്കും ഉപയോക്താക്കളെ നേരിട്ട് ബന്ധപ്പെടാം. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഫോൺ നമ്പർ പങ്കുവെക്കാതെതന്നെ ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം വരുന്ന ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താനാകും. 3 മുതൽ 35 വരെ ക്യാരക്ടറുകളുള്ള യൂണിക് ആയ യൂസർനെയിമുകളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ആദ്യമായി ബന്ധപ്പെടുന്നവർക്കായി 'യൂസർനെയിം കീ' പോലുള്ള അധിക സുരക്ഷ ക്രമീകരണങ്ങളും വാട്‌സാപ്പ് ഒരുക്കുന്നുണ്ട്.
എന്നാൽ, ഫോൺ നമ്പറുകൾ ഇല്ലാതാകുന്നത് വ്യക്തികളുടെ ഉത്തരവാദിത്തവും സുതാര്യതയും കുറയ്ക്കുമെന്നാണ് സൈബർ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഫോൺ നമ്പറുകൾ ഉള്ളപ്പോൾ കുറ്റവാളികളെ കണ്ടെത്താൻ നിയമപാലകർക്ക് എളുപ്പമായിരുന്നു. എന്നാൽ യൂസർനെയിമുകൾ മാത്രമാകുന്നതോടെ സൈബർ കുറ്റവാളികൾക്ക് തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കാൻ എളുപ്പമാകും. സമാനമായ രീതിയിൽ യൂസർനെയിം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെലിഗ്രാം ആപ്പ് വഴി രാജ്യത്ത് വൻതോതിൽ നിക്ഷേപ തട്ടിപ്പുകളും നീറ്റ്-യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്നത് ഇവർ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.
പ്രമുഖ വ്യക്തികളുടെ പേരിനോട് സാമ്യമുള്ള വ്യാജ യൂസർനെയിമുകൾ നിർമിച്ച് പൊതുജനങ്ങളെ എളുപ്പത്തിൽ പറ്റിക്കാൻ തട്ടിപ്പുകാർക്ക് സാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയും സമാനമായ രീതിയിലുള്ള വ്യാജ അക്കൗണ്ട് തട്ടിപ്പുകൾ വർധിക്കുമെന്ന ആശങ്ക പങ്കുവെച്ചു. ഈ സാഹചര്യത്തിലാണ് ഫീച്ചറിനെ സൂക്ഷ്മമായി പരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

