നിങ്ങളും ഒരു രൂപയുടെ ഫ്രീ ട്രയൽ കെണിയിൽ വീണോ? അക്കൗണ്ടിലെ പണം കവരുന്ന യുപിഐ തട്ടിപ്പുകൾ തടഞ്ഞില്ലെങ്കിൽ പണി കിട്ടും
text_fieldsന്യൂഡൽഹി: വെറും ഒരു രൂപയോ രണ്ട് രൂപയോ നൽകി ആപ്പുകളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും സൗജന്യ ട്രയൽ എടുക്കുമ്പോൾ നിങ്ങൾ അറിയാതെ ഒരു വലിയ സാമ്പത്തിക കെണിയിൽ വീഴുകയാണ്. പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഫൈൻ പ്രിന്റുകൾ വഴി നിങ്ങൾ സമ്മതിക്കുന്ന യുപിഐ മാൻഡേറ്റുകളാണ് മാസാവസാനം അക്കൗണ്ടിലെ പണം കുറയാനുള്ള പ്രധാന കാരണം.
സൗജന്യ ട്രയൽ കാലാവധി കഴിയുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ സബ്‌സ്‌ക്രിപ്‌ഷൻ തുക ഓട്ടോമാറ്റിക് ആയി അക്കൗണ്ടിൽ നിന്ന് കുറയുന്നു. ഉപഭോക്താക്കൾ അറിയാതെ തന്നെ നടക്കുന്ന ഇത്തരം ഇടപാടുകൾ പലപ്പോഴും മാസ ബജറ്റിനെ താളം തെറ്റിക്കും.
സോഷ്യൽ മീഡിയ പരസ്യങ്ങൾ കണ്ട് ആകർഷിക്കപ്പെട്ട് ട്രയൽ എടുക്കുന്ന ഉപഭോക്താക്കൾ അബദ്ധത്തിൽ യുപിഐ ഓട്ടോപേ സൗകര്യം കൂടി ആക്റ്റിവേറ്റ് ചെയ്യുന്നു. ഇത് ദീർഘകാലത്തേക്ക് ആപ്പ് കമ്പനികൾക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കാൻ അനുവാദം നൽകുന്നു. ട്രയൽ കാലയളവ് കഴിഞ്ഞാൽ പണം പിൻവലിക്കാൻ കമ്പനികൾക്ക് പിന്നീട് പ്രത്യേകം അനുമതി ആവശ്യമില്ല.
ചെറിയ തുകകളായി സ്ഥിരമായി അക്കൗണ്ടിൽ നിന്ന് പണം പോകുമ്പോൾ അത് നിങ്ങളുടെ സാമ്പത്തിക പ്ലാനിങിനെ ബാധിക്കുന്നു. അക്കൗണ്ടിൽ ബാലൻസ് കുറവാണെങ്കിൽ ഇത്തരം ഓട്ടോമാറ്റിക് ഡെബിറ്റുകൾ കാരണം അക്കൗണ്ട് നെഗറ്റീവ് ആകാനും ബാങ്ക് പിഴ ഈടാക്കാനും സാധ്യതയുണ്ട്. മാത്രമല്ല ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാം.
ചില ആപ്പുകൾ വളരെ സങ്കീർണ്ണമായ കാൻസലേഷൻ പ്രക്രിയകളാണ് ഒരുക്കിയിരിക്കുന്നത്. ആപ്പ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്താലും ബാങ്ക് അക്കൗണ്ടിലെ മാൻഡേറ്റ് അവസാനിക്കില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ യുപിഐ ഓട്ടോപേ മാൻഡേറ്റുകളും താഴെ പറയുന്ന രീതിയിൽ പരിശോധിക്കാവുന്നതാണ്
1. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വെബ്സൈറ്റ് വഴി;
- upihelp.npci.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- ഇവിടെ നിങ്ങൾക്ക് ആക്ടീവ് ആയിട്ടുള്ള എല്ലാ മാൻഡേറ്റുകളും കാണാം. ആവശ്യമില്ലാത്തവ ഇവിടെ വെച്ച് തന്നെ പോസ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം
2. ഭീം (BHIM) യുപിഐ ആപ്പ് വഴി;
- ഭീം ആപ്പ് തുറന്ന് ലോഗിൻ ചെയ്യുക
- ഓട്ടോപേ സെക്ഷനിലേക്ക് പോകുക
- റദ്ദാക്കാൻ ആഗ്രഹിക്കുന്ന പേയ്‌മെന്റ് റിക്വസ്റ്റ് തിരഞ്ഞെടുക്കുക
- റിവോക് ബട്ടൺ അമർത്തി യുപിഐ പിൻ നൽകി സ്ഥിരീകരിക്കുക
ഓരോ തവണയും പുതിയ ആപ്പുകളിൽ ലോഗിൻ ചെയ്യുമ്പോഴും ഇത്തരം ഓട്ടോപേ സംവിധാനങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക. അനാവശ്യമായ സബ്‌സ്‌ക്രിപ്‌ഷനുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും റദ്ദാക്കുകയും ചെയ്യുന്നത് സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

