ഉപയോഗിക്കാത്ത സിം കാർഡ് കാൻസൽ ചെയ്തോ?; പഴയ മൊബൈൽ നമ്പർ ഭാവിയിൽ തലവേദനയാകാം
text_fieldsപ്രതീകാത്മക ചിത്രം
മസ്കത്ത്: നിങ്ങളുടെ പേരിലുള്ള പഴയ സിം മറ്റൊരാളുടെ കൈവശമുണ്ടോ? ഉപയോഗിക്കാത്ത സിം കണക്ഷൻ ഔദ്യോഗികമായി റദ്ദാക്കാതെ ഉപേക്ഷിക്കുന്നത് ഭാവിയിൽ നിയമപരവും സുരക്ഷാപരവുമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് മൊബൈൽ നമ്പർ എന്നത് ഫോൺ വിളിക്കാനുള്ള ഒരു ഉപാധി മാത്രമല്ല. ബാങ്ക് അക്കൗണ്ടുകൾ, വാട്സ്ആപ്പ്, ഇ-മെയിൽ, സോഷ്യൽ മീഡിയ, സർക്കാർ സേവനങ്ങൾ, ഓൺലൈൻ പേയ്മെന്റുകൾ തുടങ്ങി നിരവധി സംവിധാനങ്ങളുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ സിം കണക്ഷനും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.ഓഫറുകൾക്കായി, യാത്രയ്ക്കായി, താൽക്കാലിക ആവശ്യങ്ങൾക്ക്, രണ്ടാമത്തെ ഫോണിനായി തുടങ്ങി പല കാരണങ്ങളാൽ ആളുകൾ ഒന്നിലധികം സിം കണക്ഷനുകൾ എടുക്കാറുണ്ട്.
എന്നാൽ പിന്നീട് ഉപയോഗം അവസാനിച്ചാലും കണക്ഷൻ ഔദ്യോഗികമായി റദ്ദാക്കാതെ ഉപേക്ഷിക്കുന്നതാണ് പലരും ചെയ്യുന്ന പിഴവ്. പ്രത്യേകിച്ച് ജോലി മാറുമ്പോഴും കമ്പനി മാറുമ്പോഴും രാജ്യം വിടുമ്പോഴും പഴയ സിം കണക്ഷനുകൾ പലരും മറന്നുപോകുന്നു.
ഉപയോഗിക്കുന്നില്ലെങ്കിൽ പ്രശ്നമില്ലെന്നാണോ കരുതുന്നത്?
ഒരു സിം ഇപ്പോൾ ഉപയോഗിക്കുന്നില്ല എന്നതുകൊണ്ട് അതിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. സിം നിങ്ങളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിൽ അതിന്റെ നിലവിലെ സ്ഥിതി അറിയേണ്ടതുണ്ട്. അത് ഇപ്പോഴും സജീവമാണോ, മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം.
നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം മറ്റൊരാളുടെ കൈവശം തുടരുകയും അദ്ദേഹം അത് ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ, ആ നമ്പറുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കമോ അന്വേഷണ സാഹചര്യമോ ഉണ്ടായാൽ സിം രജിസ്റ്റർ ചെയ്ത വ്യക്തി എന്ന നിലയിൽ നിങ്ങളോടും വിശദീകരണം തേടാൻ സാധ്യതയുണ്ട്. അതിനാൽ ‘ഞാൻ ഉപയോഗിക്കുന്നില്ല’ എന്നതും ‘എന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല’ എന്നതും രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്.
സ്വന്തം പേരിലുള്ള സിം മറ്റൊരാൾക്ക് നൽകാമോ?
അത്യാവശ്യ സാഹചര്യങ്ങളിൽ ഫോൺ ഉപയോഗിക്കാൻ നൽകുന്നതും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത സിം മറ്റൊരാൾക്ക് സ്ഥിരമായി ഉപയോഗിക്കാൻ നൽകുന്നതും രണ്ടാണ്.
രണ്ടാമത്തേത് ഒഴിവാക്കുന്നതാണ് സുരക്ഷിതം.കാരണം ആ നമ്പർ ഉപയോഗിച്ച് കോളുകൾ ചെയ്യാനും സന്ദേശങ്ങൾ അയക്കാനും ഒ.ടി.പി സ്വീകരിക്കാനും വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാനും കഴിയും. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പിന്നീട് എന്തെങ്കിലും പ്രശ്നമുണ്ടായാൽ സിം ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നത് പ്രധാനമാകും.
മറ്റൊരാൾക്ക് സിം ആവശ്യമുണ്ടെങ്കിൽ അവരുടെ പേരിൽത്തന്നെ കണക്ഷൻ എടുക്കുന്നതാണ് ഉചിതം.
ഉപയോഗിക്കാത്ത സിം എന്തുചെയ്യണം?
ഉപയോഗം അവസാനിച്ച സിം കാർഡ് മേശവലിപ്പിലോ അലമാരയിലോ സൂക്ഷിക്കുകയോ എടുത്തുമാറ്റി ഉപേക്ഷിക്കുകയോ ചെയ്യുന്നതുകൊണ്ട് മാത്രം കണക്ഷൻ റദ്ദാകില്ല. ബന്ധപ്പെട്ട ടെലികോം ഓപ്പറേറ്ററുടെ ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ച് കണക്ഷൻ റദ്ദാക്കിയെന്ന് ഉറപ്പാക്കണം.ബാലൻസ് ഇല്ലാത്തതുകൊണ്ടോ ദീർഘകാലമായി ഉപയോഗിക്കാത്തതുകൊണ്ടോ മാത്രം കണക്ഷൻ പൂർണമായി അവസാനിച്ചെന്ന് കരുതരുത്.
സ്വന്തം പേരിലുള്ള പഴയതും നിലവിലുള്ളതുമായ കണക്ഷനുകളുടെ പട്ടിക തയ്യാറാക്കി ആവശ്യമില്ലാത്തവ റദ്ദാക്കണം. സിം നഷ്ടപ്പെട്ടാൽ ഉടൻ സേവനദാതാവിനെ ബന്ധപ്പെടുകയും നമ്പർ ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.
നമ്പർ മാറുമ്പോൾ മറക്കരുത് അക്കൗണ്ടുകളും
പഴയ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുകൾ, വാട്സ്ആപ്പ്, ഇ-മെയിൽ, സോഷ്യൽ മീഡിയ, സർക്കാർ സേവനങ്ങൾ, ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.പുതിയ നമ്പർ എടുത്താൽ പഴയ സിം ഉപേക്ഷിക്കുന്നതിനൊപ്പം ഈ സേവനങ്ങളിലെല്ലാം പുതിയ നമ്പർ അപ്ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം ബാങ്ക് ഒ.ടി.പി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സന്ദേശങ്ങൾ പഴയ നമ്പറിലേക്ക് പോകാം. പിന്നീട് ആ നമ്പർ മറ്റൊരാൾക്ക് അനുവദിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ അക്കൗണ്ട് സുരക്ഷയെയും ബാധിച്ചേക്കാം.
പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം
ഒമാനിൽ വർഷങ്ങളായി താമസിക്കുന്ന പല പ്രവാസികൾക്കും വിവിധ കാലഘട്ടങ്ങളിൽ എടുത്ത ഒന്നിലധികം സിം കണക്ഷനുകൾ ഉണ്ടായിരിക്കാം. ജോലി മാറിയപ്പോഴും കമ്പനി മാറിയപ്പോഴും പുതിയ ഫോൺ വാങ്ങിയപ്പോഴും പുതിയ നമ്പർ എടുത്തിട്ടുണ്ടാകാം.
എന്നാൽ പഴയ നമ്പറുകളുടെ രജിസ്ട്രേഷൻ സംബന്ധിച്ച കാര്യങ്ങൾ പലരും പരിശോധിക്കാറില്ല.കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ വേണ്ടി സ്വന്തം പേരിൽ സിം എടുത്തുനൽകിയവരും അതിന്റെ നിലവിലെ ഉപയോഗം പരിശോധിക്കണം. വർഷത്തിൽ ഒരിക്കലെങ്കിലും സ്വന്തം പേരിലുള്ള മൊബൈൽ കണക്ഷനുകളുടെ സ്ഥിതി പരിശോധിക്കുന്നത് നല്ല ശീലമാണ്.
പ്രവാസികൾ ഓർക്കേണ്ട അഞ്ച് കാര്യങ്ങൾ
- സ്വന്തം പേരിലുള്ള സിം കണക്ഷനുകളുടെ പട്ടിക തയ്യാറാക്കി ഇടയ്ക്കിടെ പരിശോധിക്കുക.
- ആവശ്യമില്ലാത്ത സിം കണക്ഷനുകൾ ഔദ്യോഗികമായി റദ്ദാക്കുക.
- സ്വന്തം പേരിലുള്ള സിം മറ്റൊരാൾ സ്ഥിരമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- സിം നഷ്ടപ്പെട്ടാൽ ഉടൻ ടെലികോം ഓപ്പറേറ്ററെ അറിയിക്കുക.
- മൊബൈൽ നമ്പർ മാറുമ്പോൾ ബാങ്ക്, വാട്സ്ആപ്പ്, ഇ-മെയിൽ, ഒ.ടി.പി സേവനങ്ങൾ എന്നിവയിലെല്ലാം പുതിയ നമ്പർ അപ്ഡേറ്റ് ചെയ്യുക.
ഒരു മൊബൈൽ നമ്പർ ചെറിയ കാര്യമാണെന്ന് തോന്നാം. എന്നാൽ ഇന്ന് അത് നമ്മുടെ ഡിജിറ്റൽ വ്യക്തിത്വത്തിന്റെ പ്രധാന ഭാഗമാണ്. വർഷങ്ങളായി ഉപയോഗിക്കാത്തതോ മറ്റൊരാളുടെ കൈവശമുള്ളതോ ആയാലും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത സിം കണക്ഷന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. നിങ്ങൾ ഉപയോഗിക്കാത്ത സിം ആയാലും അത് നിങ്ങളുടെ പേരിലാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം മറക്കരുത്.

