വിപണി മൂല്യം നാല് ലക്ഷംകോടി ഡോളർ! ചരിത്ര നേട്ടം, ലോകത്തെ ‘വിലയേറിയ’ കമ്പനിയായി എൻവിഡിയ
text_fieldsഓഹരികളിൽ വൻ കുതിപ്പ് നടത്തിയതോടെ, ലോക ചരിത്രത്തിലാദ്യമായി നാല് ട്രില്യൺ (ലക്ഷംകോടി) ഡോളർ വിപണി മൂല്യമെന്ന നേട്ടത്തിലെത്തുന്ന കമ്പനിയായി എൻവിഡിയ. ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നിവയേയും പിന്തള്ളിയാണ് വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ ഏറ്റവും വലിയ പബ്ലിക് ലിസ്റ്റഡ് കമ്പനിയായി ജെന്‍സന്‍ ഹുവാങ്ങ് നേതൃത്വം നൽകുന്ന ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയ മാറുന്നത്. യു.എസ് സ്റ്റോക്ക് മാർക്കറ്റിൽ ബുധനാഴ്ചത്തെ ഇൻട്രാഡേ സെഷനിൽ എൻവിഡിയ ഓഹരികൾ 2.76% നേട്ടമുണ്ടാക്കിയതോടെയാണ് ചരിത്ര നേട്ടത്തിലെത്തിയത്.
ബുധനാഴ്ച എക്കാലത്തെയും ഉയർന്ന വിലയായ 164.42 ഡോളർ വരെ എൻവിഡിയ ഓഹരികൾ എത്തുകയും ചെയ്തു. അതിവേഗത്തിലാണ് നാല് ട്രില്യൺ എന്ന നേട്ടം കമ്പനി സ്വന്തമാക്കിയത്. കമ്പനി മാർക്കറ്റ് ക്യാപി’ന്‍റെ റിപ്പോർട്ട് പ്രകാരം, ഏറ്റവും വലിയ കമ്പനികളിൽ നിലവിൽ എൻവിഡിയ ലീഡർബോർഡിൽ ഒന്നാം സ്ഥാനത്തും, മൈക്രോസോഫ്റ്റ് 3.751 ട്രില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തും, ഐഫോൺ, മാക് നിർമാതാക്കളായ ആപ്പിൾ 3.135 ട്രില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തുമാണ്. ആമസോൺ (2.36 ട്രില്യൻ), ആൽഫബെറ്റ് (2.15 ട്രില്യൻ), മെറ്റ (1.84 ട്രില്യൻ) എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലും.
1993ൽ കലിഫോർണിയ ആസ്ഥാനമായി സ്ഥാപിതമായ എൻവിഡിയ, 2024 ഫെബ്രുവരിയിലാണ് ആദ്യമായി രണ്ട് ട്രില്യൺ ഡോളർ മൂല്യം പിന്നിട്ടത്. ജൂണോടെ മൂല്യം മൂന്ന് ട്രില്യൺ ഡോളർ കവിഞ്ഞു. 2022 അവസാനത്തോടെ ചാറ്റ് ജിപിടി ആരംഭിച്ചതിനുശേഷം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തുണ്ടായ കുതിച്ചു ചാട്ടവും, എ.ഐ ഹാർഡ്‌വെയറിനും ചിപ്പുകൾക്കും വർധിച്ചുവരുന്ന ആവശ്യകതയും കമ്പനിയുടെ ഡിമാൻഡ് ഉയർത്തി.
മിക്ക ലോക രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തേക്കാള്‍ (ജി.ഡി.പി) മുകളിലാണ് കമ്പനിയുടെ വിപണി മൂല്യം. എന്‍വിഡിയ ഒരു രാജ്യമായിരുന്നെങ്കില്‍ ജി.ഡി.പിയുടെ അടിസ്ഥാനത്തില്‍ യു.എസ്, ചൈന, ജര്‍മനി, ജപ്പാന്‍ എന്നിവക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്ത് ഉണ്ടാകുമായിരുന്നു. കമ്പനിയുടെ വിപണി മൂല്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയേക്കാള്‍ മുകളിലാണ്. ലോകത്ത് വിപണി മൂല്യം ആദ്യമായി മൂന്നു ലക്ഷം കോടി ഡോളര്‍ കടന്ന കമ്പനികള്‍ ആപ്പിളും മൈക്രോസോഫ്റ്റുമാണ്. എന്നാല്‍, ഇവയെ നിഷ്പ്രഭമാക്കി മുന്നേറുകയാണ് എന്‍വിഡിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

