സ്ക്രീനില്ല, ആപ്പുമല്ല! എ.ഐ രംഗത്ത് പുതിയ പരീക്ഷണവുമായി നത്തിങ്
text_fieldsസ്മാർട്ട്ഫോണുകൾക്കും മൊബൈൽ ആപ്പുകൾക്കും അപ്പുറത്തേക്ക് എ.ഐ സാങ്കേതികവിദ്യയെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ടെക് കമ്പനികൾ. ഈ രംഗത്ത് പുതിയൊരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ്. കമ്പനിയുടെ ആദ്യ എ.ഐ അധിഷ്ഠിത ഉപകരണം ഡിസംബറിൽ വിപണിയിലെത്തുമെന്ന് സി.ഇ.ഒ കാൾ പേയ് സ്ഥിരീകരിച്ചു. എന്നാൽ ഉപകരണം എന്താണെന്നോ എങ്ങനെയാണ് പ്രവർത്തിക്കുകയെന്നോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുറത്തുവിട്ട സൂചനകൾ ടെക് ലോകത്ത് വലിയ കൗതുകത്തിനും വഴിയൊരുക്കിയിരിക്കുകയാണ്.
പുതിയ ഉപകരണത്തിന് സ്ക്രീൻ ഉണ്ടാകില്ല
കാൾ പേയ് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പുതിയ ഉൽപ്പന്നത്തെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയത്. നത്തിങ് ഉൽപ്പന്നങ്ങളുടെ പ്രത്യേകതയായ രൂപകൽപ്പനയും സൂക്ഷ്മതയും ഉൾക്കൊള്ളുന്ന, ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണമായിരിക്കും ഇതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പുതിയ സ്ക്രീൻ ഉണ്ടാകില്ലെന്നും ഒരു മൊബൈൽ ആപ്പായി മാത്രം നൽകാൻ കഴിയുന്ന ഉൽപ്പന്നമല്ല ഇതെന്നും പേയ് വ്യക്തമാക്കി. അതായത്, എഐയുടെ സഹായത്തോടെ ചില ജോലികൾ എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക ഉപകരണമായിരിക്കും കമ്പനി അവതരിപ്പിക്കുക എന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ ഉപകരണത്തിന്റെ പേര്, രൂപം, പ്രവർത്തനങ്ങൾ, വില തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
എന്തിനാണ് മറ്റൊരു എഐ ഉപകരണം?
നിലവിലുള്ള എഐ സംവിധാനങ്ങൾ ഉപയോഗിച്ച് ചോദ്യങ്ങൾക്ക് മറുപടി നേടാനും വിവരങ്ങൾ ക്രമീകരിക്കാനും നിരവധി ജോലികൾ ചെയ്യാനും സാധിക്കും. എന്നാൽ ദൈനംദിന ജീവിതത്തിൽ നടക്കുന്ന സംഭാഷണങ്ങളിലും ജോലികൾക്കിടയിലും ലഭിക്കുന്ന പല പ്രധാന വിവരങ്ങളും ഇത്തരം സംവിധാനങ്ങളിലേക്ക് എത്താറില്ല.
ഉദാഹരണത്തിന്, ഒരു കൂടിക്കാഴ്ചയ്ക്കിടെ ലഭിക്കുന്ന പ്രധാനപ്പെട്ട ആശയമോ സുഹൃത്ത് പറയുന്ന ഒരു വിവരമോ ഉടൻ രേഖപ്പെടുത്താൻ പലപ്പോഴും ഫോൺ എടുത്ത് കുറിക്കേണ്ടിവരും. അതിനിടെ സംഭാഷണത്തിന്റെ തുടർച്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വിവരങ്ങൾ ശേഖരിക്കാനും ക്രമീകരിക്കാനും സഹായിക്കുന്ന ഉപകരണങ്ങളിലേക്കാണ് എഐ ഹാർഡ്വെയർ രംഗത്തെ പുതിയ പരീക്ഷണങ്ങൾ നീങ്ങുന്നത്.
എഐയുടെ കഴിവുകൾക്കൊപ്പം ഉപയോക്താവിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി കൂടുതൽ പ്രയോജനകരമായ സഹായം നൽകുന്ന ഉപകരണങ്ങളാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനായിരിക്കും നത്തിങ്ങിന്റെ പുതിയ ഉപകരണം പ്രധാനമായും ശ്രദ്ധ നൽകുകയെന്നാണ് കാൾ പേയ് നൽകിയ സൂചന.
കണ്ണടയാണോ, ഇയർബഡുകളാണോ?
എഐ സ്മാർട്ട് കണ്ണടകൾ, ചെവിയിൽ ധരിക്കുന്ന ഉപകരണങ്ങൾ, ചെറിയ റെക്കോർഡറുകൾ തുടങ്ങി പല തരത്തിലുള്ള ഉൽപ്പന്നങ്ങളാണ് ഇപ്പോൾ ടെക് ലോകത്ത് പരീക്ഷിക്കപ്പെടുന്നത്. എഐ സവിശേഷതകളുള്ള സ്മാർട്ട് കണ്ണടകളുടെയും ഇയർബഡുകളുടെയും സാധ്യതകൾ നത്തിങ്ങും പരിശോധിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഡിസംബറിൽ അവതരിപ്പിക്കാനിരിക്കുന്ന ഉപകരണം ഇവയിൽ ഏതെങ്കിലും ഒന്നാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല. അതിന്റെ രൂപത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ ഔദ്യോഗിക വിവരങ്ങളായി കാണാനുമാകില്ല.
എഐ ഉപകരണങ്ങളുടെ ഭാവി നിർണയിക്കുന്ന പരീക്ഷണം?
എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വിപണിയിൽ പുതിയതല്ല. എന്നാൽ അവയ്ക്ക് ഉപയോക്താക്കളുടെ ദൈനംദിന ജീവിതത്തിൽ സ്ഥിരമായ സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് ഇപ്പോഴും വലിയ ചോദ്യമാണ്. ഫോണിൽ ലഭിക്കുന്ന സൗകര്യങ്ങൾ മറ്റൊരു ഉപകരണത്തിലൂടെ നൽകുന്നതുകൊണ്ട് മാത്രം പുതിയൊരു ഉൽപ്പന്നം വിജയിക്കണമെന്നില്ല.
ഉപയോക്താക്കളുടെ യഥാർഥ ആവശ്യങ്ങൾ പരിഹരിക്കാനും സമയവും അധ്വാനവും ലാഭിക്കാനും കഴിയണം. അതുകൊണ്ടുതന്നെ നത്തിങ്ങിന്റെ പുതിയ ഉപകരണം എന്ത് പ്രശ്നമാണ് പരിഹരിക്കുന്നത്, എത്രത്തോളം പ്രായോഗികമാണ് എന്നിവയായിരിക്കും പ്രധാനമായും ശ്രദ്ധിക്കപ്പെടുക.
ഡിസംബറിൽ ഉൽപ്പന്നം എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയതിയും വിലയും ലഭ്യതയും വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ഉപകരണത്തിന്റെ യഥാർഥ ലക്ഷ്യവും ഉപയോഗവും വ്യക്തമാകും.

