സൂമിൽ ഇനി ഭാഷാ തടസ്സമില്ല; റിയൽ-ടൈം ഓഡിയോ ട്രാൻസ്ലേഷനും എ.ഐ സുരക്ഷ ഫീച്ചറുകളുമായി സൂം
text_fieldsന്യൂഡൽഹി: വിഡിയോ മീറ്റിങ്ങുകളെ കൂടുതൽ കാര്യക്ഷമമാക്കാനും സുരക്ഷിതമാക്കാനും പുതിയ സാങ്കേതികവിദ്യകളുമായി സൂം. ചൊവ്വാഴ്ചയാണ് സൂം തങ്ങളുടെ എന്റർപ്രൈസ് സേവനങ്ങളിലേക്കായി അത്യാധുനിക എ.ഐ ഫീച്ചറുകൾ പ്രഖ്യാപിച്ചത്. സൂം വർക്ക്പ്ലേസ്, സൂം ഫോൺ, സൂം സി.എക്സ് തുടങ്ങിയ സേവനങ്ങളിൽ ഈ മാറ്റങ്ങൾ ലഭ്യമാകും.
സൂം മീറ്റിങ്ങുകളിൽ ഇനി ഏത് ഭാഷയും തത്സമയം വിവർത്തനം ചെയ്യപ്പെടും. വിഡിയോ കോളുകൾക്കിടയിൽ സംസാരിക്കുന്നവരുടെ ഭാഷ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കും. ഇതിലൂടെ, ഉപഭോക്താക്കൾക്ക് തങ്ങളുടെ മാതൃഭാഷയിൽ സംസാരിക്കാനും സാധിക്കും. നിലവിൽ അഞ്ച് പ്രധാന ഭാഷകളിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഭാഷകളിലേക്ക് ഇത് വ്യാപിപ്പിക്കും.
എ.ഐ അധിഷ്ഠിത തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സൂം മീറ്റിങ്ങുകളിൽ എത്തുന്ന വ്യാജ വിഡിയോകളും ഓഡിയോകളും തിരിച്ചറിയാനുള്ള പ്രത്യേക സംവിധാനം കമ്പനി അവതരിപ്പിച്ചു. വിഡിയോ കോളുകളിലൂടെ ആളുകളെ കബളിപ്പിക്കുന്ന 'ഡിജിറ്റൽ അറസ്റ്റ്' പോലുള്ള തട്ടിപ്പുകളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. സംശയാസ്പദമായ ഓഡിയോയോ വിഡിയോയോ കണ്ടെത്തിയാൽ തത്സമയം തന്നെ മുന്നറിയിപ്പ് നൽകാനും ഇതിന് സാധിക്കും.
മീറ്റിങ്ങുകളിൽ ഉപഭോക്താക്കൾക്ക് പകരം യഥാർഥമെന്ന് തോന്നിപ്പിക്കുന്ന എ.ഐ അവതാറുകളെ ഉപയോഗിക്കാൻ ഈ മാസം അവസാനം മുതൽ അവസരമൊരുങ്ങും. മീറ്റിങ്ങുകളിലെ ഡാറ്റ ഉപയോഗിച്ച് ഡോക്യുമെന്റുകൾ, സ്ലൈഡുകൾ, സ്പ്രെഡ്ഷീറ്റുകൾ എന്നിവ തനിയെ തയാറാക്കാൻ സഹായിക്കുന്ന 'എ.ഐ കംപാനിയൻ 3.0' ഡെസ്ക്ടോപ്പ് ആപ്പുകളിലും ലഭ്യമാകും. കൂടാതെ, സ്ലാക്ക്, ഗൂഗിൾ ഡ്രൈവ് തുടങ്ങിയ മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകളുമായി ചേർന്ന് പ്രവർത്തിക്കാനും ഈ എ.ഐ അസിസ്റ്റന്റിന് കഴിയും.
മീറ്റിങ്ങുകളെ വെറുമൊരു സംഭാഷണത്തിൽനിന്ന് പ്രവർത്തനങ്ങളിലേക്ക് മാറ്റുക എന്നതാണ് സൂമിന്റെ പുതിയ എഐ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യമെന്ന് പ്രൊഡക്റ്റ് ആൻഡ് എൻജിനീയറിങ് വിഭാഗം പ്രസിഡന്റ് വെൽച്ചാമി ശങ്കരലിംഗം വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് കോഡിങ് അറിവില്ലാതെ തന്നെ സ്വന്തമായി എ.ഐ ഏജന്റുകളെ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

