എ.ഐ സ്മാർട്ട് മൈക്രോസ്കോപ്പി സിസ്റ്റം വികസിപ്പിച്ച് എൻ.ഐ.ടി ഗവേഷകർ
text_fieldsവികസിപ്പിച്ചെടുത്ത എ.ഐ സൗകര്യമുള്ള സ്മാർട്ട് മൈക്രോസ്കോപ്പി സിസ്റ്റവും കണ്ടുപിടിത്തത്തിന് നേതൃത്വം കൊടുത്തവരും
ചാത്തമംഗലം: വേഗത്തിലുള്ളതും കാര്യക്ഷമവുമായ മെഡിക്കൽ ഇമേജ് വിശകലനത്തിനായി എ.ഐ സൗകര്യമുള്ള സ്മാർട്ട് മൈക്രോസ്കോപ്പി സിസ്റ്റം വികസിപ്പിച്ച് കോഴിക്കോട് എൻ.ഐ.ടി ഗവേഷകർ.
പരമ്പരാഗത മൈക്രോസ്കോപ്പുകളെ നിർമിത ബുദ്ധി സഹായത്തോടെ കൂടുതൽ സമർഥനാക്കുന്ന പുതിയ സംവിധാനമാണ് വികസിപ്പിച്ചത്. മൈക്രോസ്കോപ്പിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ തത്സമയം വിശകലനം ചെയ്ത് പരിശോധനയിൽ ശ്രദ്ധിക്കേണ്ട കോശങ്ങളെയും അതിലുള്ള ന്യൂനതകളെയും മറ്റു പ്രധാന സവിശേഷതകളെയും കണ്ടെത്തി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്താൻ സംവിധാനത്തിന് കഴിയും. ദീർഘനേരം മൈക്രോസ്കോപ്പിലൂടെ പരിശോധിക്കേണ്ടിവരുന്നതുമൂലമുള്ള കണ്ണിന്റെ ആയാസവും ജോലിഭാരവും കുറക്കുകയും പരിശോധന കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താൻ ഡോക്ടർമാരെ സഹായിക്കുകയുമാണ് പ്രധാന ലക്ഷ്യം.
നിലവിലുള്ള മൈക്രോസ്കോപ്പുകളോടൊപ്പം ഉപയോഗിക്കാവുന്ന രീതിയിലാണ് സംവിധാനം രൂപകൽപന ചെയ്തത്. വലിയ ലബോറട്ടറികൾക്കു പുറമെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികളിലും സംവിധാനം പരിശോധനകൾക്കായി പ്രയോജനപ്പെടുത്താനാകും. ആദ്യഘട്ടത്തിൽ മൂത്ര പരിശോധനക്കായി (മൂത്രാശയ കാൻസർ ഉണ്ടോ എന്നറിയാൻ) വികസിപ്പിച്ച ഈ സാങ്കേതികവിദ്യ, ഭാവിയിൽ മറ്റ് സൈറ്റോളജി, പാത്തോളജി (രക്തപഠനം, കരൾ പ്രവർത്തനങ്ങൾ മുതലായ) പരിശോധനകളിലേക്കും വിപുലീകരിക്കാൻ കഴിയും.
എൻ.ഐ.ടി കമ്പ്യൂട്ടർ സയൻസിലെ ഗവേഷക വിദ്യാർഥിനി ആരതി മേനോൻ, അസോ. പ്രഫസർമാരായ ഡോ. പി.ബി. ജയരാജ്, ഡോ. പി.എൻ. പൗർണമി, കോഴിക്കോട് മെഡിക്കൽ കോളജിലെ പത്തോളോജി അസി. പ്രഫസർ ഡോ. എസ്. സിമി, കെ.എം.സി.ടി പത്തോളോജി അസി. പ്രഫസർ ഡോ. സ്വാതി ശങ്കർ എന്നിവരാണ് കണ്ടുപിടിത്തത്തിന് നേതൃത്വം നൽകിയത്. കോഴിക്കോട് എൻ.ഐ.ടിയിൽ ഇൻക്യൂബേറ്റ് ചെയ്തിട്ടുള്ള ഹീൽഫോർജ് എ.ഐ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഖേന വിപണനം ചെയ്യുകയും വാണിജ്യവത്കരിക്കുകയും ചെയ്യാനാണ് പദ്ധതിയിടുന്നത്. ഈ കണ്ടുപിടിത്തത്തിനായുള്ള ധനസഹായം കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ‘സ്പാർക്’ പദ്ധതിയിലൂടെയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

