വിദേശമല്ല, നിലമ്പൂർ! റോബോട്ടിക് സ്വപ്നങ്ങൾക്ക് ചിറകേകി നാല് യുവാക്കൾ
text_fieldsനിലമ്പൂർ: റോബോട്ടിക് സാങ്കേതികവിദ്യയിൽ നൂതന പരീക്ഷണങ്ങളുമായി നിലമ്പൂരിലെ ഒരു കൂട്ടം യുവാക്കൾ. ഭാവി സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള ഗവേഷണങ്ങളും റോബോട്ടുകളുടെ നിർമാണവുമാണ് നിലമ്പൂരിൽ ഇവർ നടത്തുന്നത്. നിലമ്പൂർ മുമ്മുള്ളി സ്വദേശി കെ. അനൂപ്, എരഞ്ഞിമങ്ങാട് സ്വദേശികളായ യദുകൃഷ്ണൻ, കെ. മിഥുൻ, തേൾപ്പാറ സ്വദേശി മുഹമ്മദ് സൽമാൻ എന്നിവരാണ് തേക്കിൻനാടിനെ റോബോട്ടിക് സാങ്കേതികവിദ്യയുടെ ഹബ്ബാക്കി മാറ്റുന്നത്. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വൻകിട ഐ.ടി നഗരങ്ങളിലും മാത്രം സാധ്യത കൽപിച്ചിരുന്ന റോബോട്ടിക് നിർമാണത്തിനാണ് ഇവർ തുടക്കം കുറിച്ചത്. ഒരേ സമയം മൂന്ന് വിഷയങ്ങൾ വരെ പഠിപ്പിക്കാൻ ശേഷിയുള്ള ടീച്ചിങ് റോബോട്ടാണ് ആദ്യമായി നിർമിച്ചത്.
ഇതിന്‍റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച നിലമ്പൂർ റോസ് ഇന്‍റർനാഷനൽ ഹോട്ടലിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ നിർവഹിക്കും. റോബോട്ട് നിർമാണത്തിന് പുറമെ കേരളത്തിലെ ഏഴു ജില്ലകളിലായി നാലായിരത്തിലധികം സ്കൂൾ വിദ്യാർഥികൾക്കായി നൂതന സാങ്കേതിക വിദ്യകളിൽ ഇവർ പരിശീലനവും നൽകിവരുന്നുണ്ട്. വിദ്യാർഥികളുടെ ചിന്താശേഷി, സർഗാത്മകത, പ്രശ്ന പരിഹാരമികവ് എന്നിവ വികസിപ്പിക്കുന്ന തരത്തിലുള്ള പരിശീലനങ്ങളാണ് നൽകുന്നത്. ബി.ടെക് പഠനം പൂർത്തിയാക്കിയാണ് ഇവർ റോബോട്ട് നിർമാണരംഗത്തേക്ക് കടന്നത്. വിവിധയിടങ്ങളിൽ നടന്ന സെമിനാറുകൾ, എക്സ്പോകൾ, ശാസ്ത്രമേളകൾ എന്നിവിടങ്ങളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൂടുതൽ റോബോട്ടുകളെ നിലമ്പൂരിൽനിന്നുതന്നെ നിർമിക്കുകയാണ് ലക്ഷ്യമെന്ന് നാൽവർ സംഘം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

