വാട്സ്ആപ്പും ടെലഗ്രാമും ഉപയോഗിക്കുന്നവരാണോ? ജനുവരി 1 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ
text_fieldsഡാറ്റയും സന്ദേശങ്ങളും കൈമാറുന്ന വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിങ് പ്ലാറ്റ്ഫോമുകൾക്കായി ടെലികമ്യൂണിക്കേഷൻ വകുപ്പ് പുതിയ ആക്സസ് നിയമം പ്രഖ്യാപിച്ചു. 2027 ജനുവരി 1 മുതൽ സിം ബൈൻഡിങ് ഇന്ത്യൻ സർക്കാർ നിർബന്ധമാക്കുകയാണ്.
സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ അവരുടെ സിം കാർഡുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മെസേജിങ് ആപ്പുകൾ ഉറപ്പാക്കണമെന്നാണ് പുതിയ മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്. ഈ നിയമപ്രകാരം, പ്ലാറ്റ്ഫോമുകളുടെ സാങ്കേതിക സജ്ജീകരണങ്ങൾക്ക് വിധേയമായി അക്കൗണ്ട് ഉപയോഗിക്കുന്ന ഫോണിൽ തന്നെ രജിസ്റ്റർ ചെയ്ത സിം കാർഡ് ഉണ്ടായിരിക്കണം.
ഇത് ആരെയൊക്കെ ബാധിക്കും?
പുതിയ നിയമമനുസരിച്ച് ഒരു അക്കൗണ്ട് അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ഉപയോക്താവിന്റെ ഫോണിലുള്ളതുമായ സിം കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മെസേജിങ് ആപ്പുകൾ ഉറപ്പുവരുത്തണം. അതായത്, രജിസ്റ്റർ ചെയ്ത സിം ഫോണിലില്ലാതെ വൈഫൈ മാത്രം ഉപയോഗിച്ച് വാട്സ്ആപ്പോ ടെലഗ്രാമോ ഉപയോഗിക്കുന്നവർക്ക് ആപ്പ് യഥാർഥ സിം ആവശ്യപ്പെടുകയാണെങ്കിൽ തടസങ്ങൾ നേരിടേണ്ടി വന്നേക്കാം.
മൾട്ടി-ഡിവൈസ് ആക്സസിനെയും ഇത് ബാധിച്ചേക്കാം. അതായത് ടാബ്ലെറ്റുകളിലോ കമ്പ്യൂട്ടറുകളിലോ അക്കൗണ്ടുകൾ ലിങ്ക് ചെയ്ത് ഉപയോഗിക്കുന്നവർക്ക്, മെസേജിംഗ് ആപ്പിന് സിം വെരിഫിക്കേഷൻ നടത്താൻ സാധിച്ചില്ലെങ്കിൽ വീണ്ടും ലിങ്ക് ചെയ്യേണ്ടതായോ അല്ലെങ്കിൽ ആക്സസ് നഷ്ടപ്പെടാനോ സാധ്യതയുണ്ട്. കൂടാതെ, ഇടയ്ക്കിടെ സിം കാർഡുകൾ മാറ്റുന്നവർക്കും യാത്ര ചെയ്യുമ്പോൾ മെസേജിങ് ആപ്പുകൾ ഉപയോഗിക്കുന്നവർക്കും (നിയമങ്ങൾ നടപ്പിലാക്കുന്ന രീതിയെ ആശ്രയിച്ച്) ഉപയോഗത്തിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.
വ്യാജ മൊബൈൽ നമ്പറുകളും മെസേജിങ് അക്കൗണ്ടുകളും ഉപയോഗിച്ച് ആളുകളെ ചതിക്കാനും സാമ്പത്തിക തട്ടിപ്പുകൾ നടത്താനും ഇരകളെ ബന്ധപ്പെടാനും തട്ടിപ്പുകാർ ശ്രമിക്കുന്നത് തടയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അക്കൗണ്ടും രജിസ്റ്റർ ചെയ്ത സിമ്മും തമ്മിൽ കൃത്യമായ ബന്ധം ഉറപ്പാക്കുന്നത് ദുരുപയോഗം കുറയ്ക്കാൻ സഹായിക്കും.
വാട്സ്ആപ്പ്, ടെലഗ്രാം, സ്നാപ്പ്ചാറ്റ്, അറട്ടൈ (Arattai), ഷെയർചാറ്റ്, ജോഷ്, ജിയോചാറ്റ്, സിഗ്നൽ തുടങ്ങിയ ആപ്പുകൾക്ക് ഈ പുതിയ നിയമം ബാധകമാണ്. കൂടാതെ, ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് ഇതിനോടകം തന്നെ 'സിം ബൈൻഡിങ്' ബീറ്റാ ടെസ്റ്റിങ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

