
representative image
100 ദിവസത്തിനുള്ളിൽ നെറ്റ്ഫ്ലിക്സിന് നഷ്ടപ്പെട്ടത് 2,00,000 വരിക്കാരെ; കാരണം ഇതാണ്
text_fieldsകാലിഫോർണിയ: ലോകത്തെ പ്രമുഖ വിഡിയോ സ്ട്രീമിങ് സേവനദാതാക്കളായ നെറ്റ്ഫ്ലിക്സിന് വൻതിരിച്ചടിയായി വരിക്കാരുടെ കൊഴിഞ്ഞ് പോക്ക്. 100 ദിവസത്തിനുള്ളിൽ രണ്ടുലക്ഷം സബ്സ്ക്രൈബേഴ്സിനെ നെറ്റ്ഫ്ലിക്സിന് നഷടപ്പെട്ടതായാണ് റിപ്പോർട്ട്. ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ഇടിവായാണിത് കണക്കാക്കുന്നത്.
യുക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് റഷ്യയിലെ സേവനം നിര്‍ത്തിവെച്ചത് പ്രതികൂലമായി ബാധിച്ചതായാണ് കമ്പനി നൽകുന്ന വിശദീകരണം. ഈ വര്‍ഷം ആദ്യപാദത്തില്‍ 221.6 ദശലക്ഷം വരിക്കാരാണ് നെറ്റ്ഫ്ലിക്സിനുള്ളത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തേക്കാള്‍ കുറവാണ്.
കഴിഞ്ഞ പാദത്തില്‍ സിലിക്കൺവാലി ടെക് ഭീമൻമാർക്ക് 1.6 ബില്യൺ ഡോളര്‍ വരുമാനമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ കമ്പനിക്ക് 1.7 ബില്യൺ ഡോളർ വരുമാനമുണ്ടായിരുന്നു. വരുമാനക്കണക്കുകൾ പുറത്തുവന്നതോടെ ഓഹരി വിപണിയിലും നെറ്റ്ഫ്ലിക്സിന് നഷ്ടം നേരിട്ടു. കമ്പനിയുടെ ഓഹരി 25 ശതമാനമാണ് ഇടിഞ്ഞത്.
ജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനത്തിലേക്കും സ്മാർട്ട് ടെലിവിഷനുകളിലേക്കും മാറാൻ സമയം എടുക്കുന്നതും ഒരു വെല്ലുവിളിയാണ്. വരിക്കാർ അവരുടെ വീടിന് പുറത്തുള്ളവരുമായി അക്കൗണ്ടുകൾ പങ്കിടുന്നതും തങ്ങളുടെ വളർച്ചയെ ബാധിക്കുന്നതായി നെറ്റ്ഫ്ലിക്സ് കരുതുന്നു.
ഏകദേശം 222 ദശലക്ഷം കുടുംബങ്ങൾ സേവനത്തിനായി പണമടയ്ക്കുന്നുണ്ടെങ്കിലും 100 ദശലക്ഷത്തിലധികം കുടുംബങ്ങൾ അവ പങ്കിടുന്നതായാണ് കണക്കുകൾ. ഇതോടെ വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കാൻ അധിക തുക ഈടാക്കാൻ നെറ്റ്ഫ്ലിക്സ് നീക്കം തുടങ്ങിയിരുന്നു. ചിലി, കോസ്റ്ററിക്ക, പെറു തുടങ്ങിയ രാജ്യങ്ങളിൽ ഇതിന്റെ പരീക്ഷണം ആരംഭിച്ചു.
2020 കാലത്ത് കോവിഡ് കാലത്ത് നെഫ്ലിക്സ് വലിയ വളർച്ച നേടിയെങ്കിലും പിറ്റേ വർഷം ചെറുതായി പിന്നാക്കം പോയി. നിലവിൽ ടെക് ഭീമൻമാരായ ആപ്പിൾ, ഡിസ്നി എന്നിവരിൽ നിന്നും നെറ്റ്ഫ്ലിക്സ് കടുത്ത മത്സരമാണ് നേരിടുന്നത്.