ഗ്രോക്ക് എ.ഐ പരിശീലന തലപ്പത്ത് കോളജ് വിദ്യാർഥി; കൂട്ടപിരിച്ചുവിടലുകൾക്കൊടുവിൽ പുതിയ തീരുമാനവുമായി മസ്‌ക്
text_fieldsഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്റ്റാർട്ടപ് ആയ എക്സ് എ.ഐയിൽ കഴിഞ്ഞ ദിവസങ്ങളിൽ പിരിച്ചുവിടലുകൾക്കും നേതൃമാറ്റങ്ങൾക്കും വിധേയമായി. 500ലധികം തൊഴിലാളികളെയാണ് തവണകളായി പിരിച്ചുവിട്ടത്. കമ്പനിയുടെ പ്രധാന ചാറ്റ്ബോട്ടായ ഗ്രോക്ക് എ.ഐയെ പരിശീലിപ്പിക്കുന്ന ഡാറ്റ അനോട്ടേഷൻ ടീമിൽനിന്നാണ് തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടൽ നടന്നത്. ഡാറ്റ അനോട്ടേഷൻ ടീമിലുണ്ടായിരുന്ന 1500 തൊഴിലാളികളിൽ നിന്നാണ് അഞ്ഞൂറോളം പേരെ കമ്പനി പിരിച്ചുവിട്ടത്.
എന്നാൽ അതോടൊപ്പം ടെക് ലോകത്ത് ചർച്ചയാകുന്നത് ഡാറ്റ അനോട്ടേഷൻ ടീമിന്‍റെ പുതിയ നേതൃത്വവുമായി ബന്ധപ്പെട്ടാണ്. കേവലം എട്ടുമാസം മുമ്പ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച ഡീഗോ പാസിനി എന്ന യുവാവിനാണ് ടീമിന്‍റെ ചുമതല നൽകിയിരിക്കുന്നത്.
2023ലാണ് ഡീഗോ പാസിനി ബിരുദം നേടിയത്. സെപ്റ്റംബർ ആദ്യത്തിലാണ് ടീമിന്‍റെ നേതൃത്വം ഏറ്റെടുത്തത്. തുടർന്ന് ടീമിൽ പല മാറ്റങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ശേഷിക്കുന്ന ജീവനക്കാരെ പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. ജനറൽ എ.ഐ ട്യൂട്ടർ റോളുകളിലേക്കുള്ള ഊന്നൽ കുറക്കുകയും അതിന്റെ സ്പെഷ്യലിസ്റ്റ് എ.ഐ ട്യൂട്ടർ വർക്ക്ഫോഴ്‌സിന് മുൻഗണന നൽകുകയും അവ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അറിയിച്ച മെയിലിലൂടെയാണ് പിരിച്ചുവിടൽ സംബന്ധിച്ച വിവരങ്ങൾ നൽകിയത്.
തൊഴിലാളികൾക്ക് അവരുടെ കരാറുകളുടെ അവസാനം വരെ അല്ലെങ്കിൽ നവംബർ 30 വരെ ശമ്പളം ലഭിക്കുമെന്ന് ഇ-മെയിലിൽ അറിയിച്ചിരുന്നുവെങ്കിലും പിരിച്ചുവിടൽ അറിയിപ്പുകൾ ലഭിച്ചയുടനെ കമ്പനി സിസ്റ്റങ്ങളിലേക്കുള്ള അവരുടെ പ്രവേശനം വിച്ഛേദിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുതിയ നീക്കങ്ങൾ കമ്പനിയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

