സൈബർ തട്ടിപ്പുകാരെ പൂട്ടാൻ ‘മ്യൂൾ ഹണ്ടർ’
text_fieldsകൊച്ചി: വെർച്വൽ, ഡിജിറ്റൽ തട്ടിപ്പിലൂടെ പണം ചോർത്തുന്ന സൈബർ വ്യാജന്മാരുടെ അക്കൗണ്ടുകൾ പൂട്ടാൻ ‘മ്യൂൾ ഹണ്ടർ’ വരുന്നു. ഇതിനകം ചില ബാങ്കുകൾ ഈ ‘എ.ഐ’ സംവിധാനം ഉപയോഗിച്ചുതുടങ്ങി. കൂടുതൽ ബാങ്കുകൾ മ്യൂൾ ഹണ്ടർ ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. ഇത് വ്യാപകമാകുന്നതോടെ സൈബർ തട്ടിപ്പുകളിലൂടെ അക്കൗണ്ട് ഉടമകൾക്ക് പണം നഷ്ടപ്പെടുന്നതിന് വലിയൊരളവോളം തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
റിസർവ് ബാങ്കിന്റെ ‘ഇന്നവേഷൻ ഹബ്’ വികസിപ്പിച്ച നിർമിതബുദ്ധി അധിഷ്ഠിത പ്ലാറ്റ്ഫോമാണ് മ്യൂൾ ഹണ്ടർ. പരീക്ഷണം 90 ശതമാനം വിജയകരമാണ്. കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ് എന്നിവ ഇതിനകം ഇത് ഉപയോഗിച്ചുതുടങ്ങി. ഫെഡറൽ ബാങ്ക് ദിവസങ്ങൾക്കകം ഉപയോഗിക്കും. രണ്ടുമാസത്തിനകം പൊതുമേഖലയിലെ ഉൾപ്പെടെ 15ഓളം ബാങ്കുകൾ ഈ പ്ലാറ്റ് ഫോം തട്ടിപ്പ് തടയൽ സംവിധാനത്തിന്റെ ഭാഗമാക്കും.
സൈബർ തട്ടിപ്പുകാർ അക്കൗണ്ട് ഉടമകളിൽനിന്ന് ചോർത്തുന്ന പണം താൽക്കാലികമായി നിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടാണ് ‘മ്യൂൾ അക്കൗണ്ട്’. കള്ളപ്പണം വെളുപ്പിക്കാനും ഇത്തരം അക്കൗണ്ടുകൾ തുറക്കാറുണ്ട്. മറ്റൊരാളുടെ സമ്മതത്തോടെയോ അല്ലാതെയോ ഇത്തരം അക്കൗണ്ട് തുടങ്ങും.
മറ്റുള്ളവരുടെ കെ.വൈ.സിയോ വ്യാജ കെ.വൈ.സിയോ മ്യൂൾ അക്കൗണ്ട് തുടങ്ങാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്ത് അഞ്ചു സംസ്ഥാനങ്ങളിലെ ബാങ്ക് ശാഖകളിൽ സി.ബി.ഐ നടത്തിയ പരിശോധനയിൽ എട്ടരലക്ഷം മ്യൂൾ അക്കൗണ്ട് കണ്ടെത്തിയിരുന്നു.
മ്യൂൾ ഹണ്ടർ എന്ത് ചെയ്യും ?
- ഓരോ ഇടപാടും മ്യൂൾ ഹണ്ടർ അറിയുകയും പരിശോധിക്കുകയും ചെയ്യും.
- ഇടപാടിൽ ഏതെങ്കിലും സംശയം വന്നാലുടൻ ബാങ്കിനെ അലർട്ട് ചെയ്യും. ഇതോടെ ബാങ്കുകൾക്ക് ആ അക്കൗണ്ടുമായി ബന്ധപ്പെട്ട് നടക്കുന്ന ഇടപാട് തത്സമയം പരിശോധിക്കാനാവും.
- ആർ.ബി.ഐ ഇന്നൊവേഷൻ ഹബ് സമയാസമയം മ്യൂൾ ഹണ്ടറിൽ പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർത്ത് പരിഷ്കരിക്കുന്നതിനാൽ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ രീതികൾ കണ്ടെത്താനും ജാഗ്രതനിർദേശംനൽകാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

