Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടതിനു പിന്നിൽ സൈബർ ആക്രമണമോ? കാരണം വ്യക്തമാക്കി കമ്പനി

text_fields
bookmark_border
https://www.madhyamam.com/tags/microsoft
cancel

മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ തകർച്ച ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് ബാധിച്ചത്. മൈക്രോസോഫ്റ്റ് ഓഫീസ്, ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയുടെ പ്രവർത്തനം 11 മണിക്കൂറിലധികം സ്തംഭിച്ചതോടെ വലിയ ആശങ്കയാണ് ഉപയോക്താക്കളിൽ നിന്ന് ഉയർന്നു വന്നത്. ഇതിന് പിന്നിൽ സൈബർ ആക്രമണമാണോ എന്ന സംശയങ്ങൾക്കിടയിലാണ് വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

സമീപകാല സൈബർ സുരക്ഷാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഈ തകർച്ചക്ക് പിന്നിൽ സൈബർ ആക്രമണമാണോ എന്ന ആശങ്ക പലരും പങ്കുവെച്ചിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് ചാൾസ് ലമാന്ന വിരാമമിട്ടു. ഞങ്ങളുടെ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു, പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഈ പ്രതിന്ധിക്കു പിന്നിൽ യാതൊരുവിധ സൈബർ പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

തുടക്കത്തിൽ ആമസോൺ വെബ് സർവീസസിലെ പ്രശ്നമാണ് തകർച്ചക്ക് കാരണമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കമ്പനി ഇത് പൂർണ്ണമായും നിഷേധിച്ചു. തങ്ങളുടെ സേവനങ്ങൾ സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. മൈക്രോസോഫ്റ്റ് 365 സ്റ്റാറ്റസ് പേജ് അനുസരിച്ച് സെർവറുകളുടെ ഓട്ടോമേറ്റഡ് ഹെൽത്ത് ചെക്കുകൾ പരാജയപ്പെടാൻ കാരണമായ ഒരു കോൺഫിഗറേഷൻ മാറ്റമാണ് പ്രശ്നത്തിന് കാരണം.

സെർവറുകൾക്ക് ട്രാഫിക് കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കുന്ന ഹെൽത്ത് ചെക്കിൽ പല സെർവറുകളും പരാജയപ്പെട്ടു. ഇത് അവയെ ഓഫ്‌ലൈനാക്കാൻ ഇടയാക്കുകയും, ശേഷിക്കുന്ന ഇൻഫ്രാസ്ട്രക്ചറുകളിൽ ഭാരം വർദ്ധിപ്പിക്കുകയും ചെയ്തു. തൽഫലമായി സേവനങ്ങൾ വ്യാപകമായി തടസ്സപ്പെടുകയായിരുന്നു.

ഇത് ബിസിനസുകൾ, സർക്കാർ ഏജൻസികൾ, സ്കൂളുകൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഗുരുതരമായി ബാധിച്ചു. കൂടാതെ ഇന്ത്യൻ എയർലൈനായ ഇൻഡിഗോ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളായ ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവയെയും പ്രശ്നം ബാധിച്ചിട്ടുണ്ട്. ഔട്ട്‌ലുക്ക് മെയിലുകൾ അയക്കാനോ സ്വീകരിക്കാനോ കഴിയാതെ ഉപയോക്താക്കൾ വലഞ്ഞു. മൈക്രോസോഫ്റ്റ് കോപൈലറ്റ്, അഡ്മിൻ സെന്റർ എന്നിവയുടെ പ്രവർത്തനത്തെയും ഇത് ബാധിച്ചു.

സേവനങ്ങൾ പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെങ്കിലും പുനരുജ്ജീവന പ്രക്രിയ സാവധാനത്തിലാണ് നടക്കുന്നത്. സെർവറുകൾ തിരികെ ഓൺലൈനിലേക്ക് വരുമ്പോൾ ട്രാഫിക് വർദ്ധിച്ചതിനാൽ ചില സെർവറുകൾ പ്രതികരിക്കാത്തതാണ് പ്രശ്നം നീളാൻ കാരണമെന്ന് കമ്പനി അറിയിച്ചു. മൈക്രോസോഫ്റ്റ് എക്സ്ചേഞ്ച് ഓൺലൈൻ സേവനങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ കമ്പനി സ്വീകരിച്ചുവരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - microsoft outrage
Next Story