എ.ഐ യുദ്ധത്തിൽ സുരക്ഷാ കവചമൊരുക്കാൻ ട്രംപ്; മൈക്രോസോഫ്റ്റും ഗൂഗ്ളും ഇനി സർക്കാരിന്റെ നിരീക്ഷണത്തിൽ
text_fieldsവാഷിങ്ടൺ: ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള എ.ഐ സാങ്കേതികവിദ്യയുടെ കടിഞ്ഞാൺ പൂർണ്ണമായും അമേരിക്കൻ സർക്കാരിന്റെ കൈകളിലേക്ക്. മൈക്രോസോഫ്റ്റ്, ഗൂഗ്ൾ, ഇലോൺ മസ്കിന്റെ xAI എന്നീ കമ്പനികൾ തങ്ങളുടെ അത്യാധുനിക എ.ഐ മോഡലുകളുടെ പൂർണ്ണ നിയന്ത്രണം സർക്കാരിന് വിട്ടുനൽകാൻ ധാരണയായി. ആന്ത്രോപിക് പുറത്തിറക്കിയ 'മൈത്തോസ്' (Mythos) എന്ന പുതിയ എ.ഐ മോഡലിന്റെ ഹാക്കിങ് ശേഷിയിൽ അമേരിക്കൻ ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ദേശീയ സുരക്ഷ മുൻനിർത്തി, പുതിയ സാങ്കേതികവിദ്യകൾ പൊതുജനങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് അവയുടെ അപകടസാധ്യതകൾ വിലയിരുത്തപ്പെടും.
യു.എസ് വാണിജ്യ വകുപ്പിന് കീഴിലുള്ള 'സെന്റർ ഫോർ എ.ഐ സ്റ്റാൻഡേർഡ്സ് ആൻഡ് ഇന്നൊവേഷൻ' (CAISI) ആണ് കരാർ വിവരം പുറത്തുവിട്ടത്. പുതിയ എ.ഐ മോഡലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുമ്പായി അവയുടെ സുരക്ഷാ മാനദണ്ഡങ്ങളും ദേശീയ സുരക്ഷാ ഭീഷണികളും വിലയിരുത്താൻ ഈ കരാർ സർക്കാരിനെ അനുവദിക്കും.
കഴിഞ്ഞ ആഴ്ച ഏഴ് പ്രമുഖ എ.ഐ കമ്പനികളുമായി പെന്റഗൺ പ്രത്യേക കരാറിൽ ഏർപ്പെട്ടിരുന്നു. പ്രതിരോധ വകുപ്പിന്റെ അതീവ രഹസ്യ സ്വഭാവമുള്ള നെറ്റ്‌വർക്കുകളിൽ ഈ കമ്പനികളുടെ സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് ധാരണ. എന്നാൽ സൈനിക ആവശ്യങ്ങൾക്കായി എ.ഐ ഉപയോഗിക്കുന്നതിലെ നിബന്ധനകളെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആന്ത്രോപിക് ഈ നീക്കത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
നിലവിൽ ഓപ്പൺ എ.ഐ (OpenAI), ആന്ത്രോപിക് എന്നിവരുമായി സർക്കാരിന് നേരത്തെ തന്നെ ധാരണകളുണ്ട്. കൂടുതൽ കമ്പനികൾ ഈ സുരക്ഷാ വലയത്തിലേക്ക് വരുന്നതോടെ എ.ഐ മേഖലയിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്.
എന്നാൽ 'സുരക്ഷാ പരിശോധന' എന്ന ലേബലിൽ നടപ്പിലാക്കുന്ന ഈ നീക്കത്തിന് പിന്നിൽ വൻകിട ടെക് കമ്പനികളെ വരുതിയിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. പുതിയ എ.ഐ മോഡലുകൾ വിപണിയിലെത്തുന്നതിന് മുമ്പ് അവയുടെ 'സുരക്ഷാ കവചങ്ങൾ' (Guardrails) നീക്കം ചെയ്ത പതിപ്പുകൾ സർക്കാരിന് കൈമാറണമെന്നതാണ് കരാറിലെ ഏറ്റവും അപകടകരമായ വ്യവസ്ഥ. ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്കും വ്യക്തിഗത വിവരങ്ങളിലേക്കും കടന്നുകയറാനുള്ള സർക്കാരിന്റെ കുറുക്കുവഴിയാണെന്ന ആക്ഷേപം ശക്തമാണ്. എ.ഐയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനെന്ന പേരിൽ സർക്കാർ നടത്തുന്ന ഈ കടന്നുകയറ്റം ഡിജിറ്റൽ ലോകത്തെ സ്വതന്ത്രമായ വികാസത്തെ തടസ്സപ്പെടുത്തിയേക്കാം.
പെന്റഗണുമായി ചേർന്ന് എ.ഐയെ ആയുധമാക്കാനുള്ള നീക്കം ആഗോളതലത്തിൽ പുതിയൊരു ഡിജിറ്റൽ യുദ്ധത്തിന് തുടക്കമിടുകയാണ്. യുദ്ധഭൂമിയിൽ തീരുമാനങ്ങൾ എടുക്കാൻ എ.ഐയെ ഏൽപ്പിക്കുന്നതിലെ ധാർമികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വാർത്ത വന്നതിന് പിന്നാലെ ഗൂഗ്ളിന്റെ ഓഹരി മൂല്യം വർദ്ധിച്ചതും മൈക്രോസോഫ്റ്റിന് ഇടിവുണ്ടായതും വൻകിട കമ്പനികൾ തമ്മിലുള്ള തർക്കങ്ങളിലേക്കും വിപണിയിലെ തന്ത്രപരമായ നീക്കങ്ങളിലേക്കും വിരൽ ചൂണ്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

